ADVERTISEMENT

ആരു ഭരിച്ചാലും കടം ഇരട്ടിയാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞതു ശരിയാണ്. 2001 മാർച്ച് അവസാനം 26,259 കോടിയായിരുന്ന കടം 5 വർഷം വീതം ഇരുമുന്നണികളും ഭരിച്ച് 2011 മാർച്ച് അവസാനത്തിൽ 83,963 കോടിയായി.

അതായത് 219.75% വർധന. 2021 മാർച്ച് അവസാനത്തിൽ കടം 3,01,642 കോടിയാകും എന്നാണു പുതുക്കിയ എസ്റ്റിമേറ്റ്. വർധന 259.26%. കേന്ദ്രസർക്കാർ 2003ൽ ധന ഉത്തരവാദിത്ത നിയമം നടപ്പാക്കി കടമെടുപ്പിനുമേൽ കർശന നിയന്ത്രണം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ എവിടെച്ചെന്നു നിൽക്കുമായിരുന്നു ഇൗ കടമെടുപ്പ്?

കടമെടുക്കുന്നതു തെറ്റല്ല. ലോകത്തെവിടെയും സർക്കാരുകൾ കടമെടുക്കുന്നുമുണ്ട്. പക്ഷേ, അതു ശമ്പളവും പെൻഷനും നൽകാനും എടുത്ത കടത്തിന്റെ പലിശ തിരിച്ചടയ്ക്കാനും മാത്രമല്ല; ഭാവിയിൽ അധിക വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള ആസ്തികൾ സൃഷ്ടിക്കാൻ വേണ്ടിക്കൂടിയാണ്.

എന്നാൽ, കേരളത്തിൽ സ്ഥിതി മറിച്ചാണ്. കഴിഞ്ഞ 20 വർഷത്തിനിടെ എടുത്ത കടത്തിന്റെ 67 ശതമാനവും മേൽപറഞ്ഞ ആവശ്യങ്ങൾക്കാണു വിനിയോഗിച്ചത്. സർക്കാരിന്റെ കടമെടുപ്പിനുമേലുള്ള നിയന്ത്രണങ്ങൾ മറികടന്ന് കൂടുതൽ കടമെടുക്കാൻ ഇപ്പോൾ കിഫ്ബിയുമായി.

കടമെടുക്കലല്ലാതെ കേരളത്തിനു മുന്നിൽ മറ്റു മാർഗങ്ങളില്ല എന്ന അപകടകരമായ സന്ദേശമാണു ധനമന്ത്രി നൽകുന്നത്. കഴിഞ്ഞ 63 വർഷമായി കേരളം കൊണ്ടുനടക്കുന്ന മുന്നണിരാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതഫലമാണ് കടത്തിലുള്ള ഈ അമിതമായ ആശ്രയം. അന്യോന്യം മത്സരിച്ച് നികുതിയിളവുകളും സൗജന്യങ്ങളും കൊടുത്ത് ജനങ്ങളെ സർക്കാർ ‘വഴിതെറ്റിച്ചു’.നികുതിപിരിവിലെ കേരളത്തിന്റെ പ്രകടനത്തെക്കുറിച്ച് ചില സാമ്പത്തിക ശാസ്ത്രജ്ഞർ നടത്തിയ അശാസ്ത്രീയ കണ്ടെത്തലുകൾ കടമെടുപ്പിനു ന്യായീകരണങ്ങളും നൽകി.

1957–58 മുതൽ 1966–67 വരെയുള്ള 10 വർഷം സംസ്ഥാനങ്ങൾ ആകെ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന്റെ പങ്ക് 4.45 ശതമാനമായിരുന്നു. 2018–19 ആകുമ്പോൾ ഇത് 4.38% ആയി കുറഞ്ഞു. 1972–73 ആളോഹരി ഉപഭോഗത്തിൽ എട്ടാം സ്ഥാനത്തായിരുന്ന കേരളം, 1983ൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1999–2000 മുതൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്.

ചരക്ക്, സേവന നികുതി നിലവിൽ വന്നതോടെ സംസ്ഥാനത്തിന്റെ അധികാരമെല്ലാം നഷ്ടപ്പെട്ടെന്നും അതിനാലാണ് നികുതി പിരിക്കാൻ പ്രയാസമായതെന്നും വിലപിക്കാൻ എളുപ്പമാണ്. കെട്ടിടനികുതി, വൈദ്യുതി തീരുവ, സർക്കാർ ഭൂമിയുടെ പാട്ടം തുടങ്ങി വിഭവസമാഹരണത്തിന് അവസരങ്ങൾ പലതുണ്ട്.

കടമെടുപ്പിൽ മൂന്ന് അപകടങ്ങൾ പതിയിരിപ്പുണ്ട്. ഒന്നാമത്, പൊതു വിഭവങ്ങൾ സമാഹരിക്കാൻ മാർഗമില്ല എന്ന തെറ്റായ സന്ദേശം അതു സമൂഹത്തിനു നൽകും. കാരണം, നികുതി പിരിച്ച് പൊതുകാര്യങ്ങൾ നടത്താനുള്ള ഉത്തരവാദിത്തമാണു ജനങ്ങൾ സർക്കാരിനു കൊടുത്തിരിക്കുന്നത്.

ആ സർക്കാരാണ് കടമെടുത്തു കാര്യങ്ങൾ നടത്തുന്നത്. ഈ പതിവ് കുറെ വർഷം തുടർന്നാൽ നികുതിപിരിവ് ഏറെക്കുറെ ദുഷ്കരമാകും. കുറഞ്ഞ നികുതിഭാരവുമായി തഴക്കം വന്നുപോയ ജനങ്ങൾ നിരക്കുവർധനയെയും പുതിയ നികുതികളെയും എതിർക്കും.

പിരിച്ചെടുക്കപ്പെടാതെ പോകുന്ന നികുതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. പിരിക്കുന്ന നികുതികളുടെ ഭാരമാകട്ടെ, ലോട്ടറിയുടെയും മദ്യത്തിന്റെയും രൂപത്തിൽ സാധാരണക്കാരുടെ മേൽ പതിക്കുകയും ചെയ്യും. 1970–71ൽ മൊത്തം തനതു വരുമാനത്തിന്റെ 14.77% മാത്രമായിരുന്നു മദ്യത്തിന്റെയും ഭാഗ്യക്കുറിയുടെയും സംഭാവന. ഇന്നത് 36 ശതമാനത്തിനു മുകളിലാണ്.

കടത്തിന്റെ പലിശ കൊടുക്കേണ്ടത് അതതു വർഷങ്ങളിലെ വരുമാനത്തിൽ നിന്നാണ്. കടം കൂടുന്തോറും പലിശയും കൂടും. പഴയ തറവാട്ടു കാരണവന്മാരെപ്പോലെ ‘കടമുണ്ടെങ്കിൽ ധനവുമുണ്ട്’ എന്നു വീമ്പിളക്കാവുന്ന സ്ഥിതിയിലൊന്നുമല്ല കേരളം.

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റി അംഗമാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com