സ്വയം വെളിച്ചമാകാം

subhadinam
SHARE

ആരൊക്കെയോ തെളിച്ച കെടാവിളക്കുകളുടെ വെളിച്ചത്തിലാണ് ഓരോരുത്തരുടെയും യാത്ര. ഒരു തിരിയും സ്വയം കത്താൻ തുടങ്ങുന്നില്ല. ആരോ പകരുന്ന വെളിച്ചം തുടരുന്നതാണ്. കാഴ്ചയുള്ളതിന്റെ പേരിൽ മാത്രമല്ല യാത്രകൾ സുഗമമാകുന്നത്, പ്രകാശമുള്ളതിന്റെ പേരിൽക്കൂടിയാണ്.

അന്ധകാരത്തിലെ യാത്രകൾക്ക് എത്രകണ്ടു ഭംഗിയുണ്ടാകും? ആരോ തെളിച്ച വഴികളിലൂടെയും നാട്ടിയ വിളക്കുകാലുകളിലൂടെയുമാണ് തീർഥാടന സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും രൂപപ്പെടുന്നത്. അവരുടെ യാത്രകൾ മിക്കവാറും ഏകാന്തയാത്രകളും എതിർക്കപ്പെട്ട യാത്രകളുമായിരുന്നിരിക്കാം.

വെളിച്ചത്തു നിൽക്കുമ്പോൾ വിളക്ക് എവിടെയാണെന്ന് ആരും അന്വേഷിക്കാറില്ല. ചുറ്റും പ്രകാശമുള്ളപ്പോൾ വിളക്കുകൾക്കു പ്രസക്തിയുമില്ല. ഇരുട്ടു കയറുമ്പോൾ ആളുകൾ വിളക്ക് അന്വേഷിച്ചു തുടങ്ങും. ഏത് അന്ധകാരത്തിലും പ്രകാശിക്കാൻ ശേഷിയുള്ളവരാണ് വഴിവിളക്കുകളും സ്മാരകശിലകളുമായി രൂപാന്തരം പ്രാപിക്കുന്നത്.

വെളിച്ചം   തേടിപ്പോകുന്നവരും വെളിച്ചം പരത്തിപ്പോകുന്നവരുമുണ്ട്. വിളക്കുമാടങ്ങൾ പുറത്താണെന്നും വെളിച്ചം ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും മാത്രമാണു ലഭിക്കുന്നതെന്നും തെറ്റിദ്ധരിച്ച് പ്രകാശാന്വേഷണം നടത്തുന്നവർക്ക് വിളക്കാകാനോ വെളിച്ചമാകാനോ കഴിയില്ല. വെളിച്ചം പകരുന്നവരുടെ നിഴലിൽ നിന്നു സമാശ്വസിക്കുകയല്ല വേണ്ടത്; സ്വയം വെളിച്ചമാകാനുള്ള ഊർജം സംഭരിക്കണം.

കാലശേഷവും കത്തി ജ്വലിക്കുക എന്നതു കർമഫലമാണ്. എത്രനാൾ എത്ര പ്രചോദനാത്മകമായി ജ്വലിക്കാൻ സാധിക്കുന്നു എന്നതിലാണ് വിളക്കിന്റെ മേന്മ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA