ADVERTISEMENT

ദേശീയ ഗെയിംസിൽ കേരളത്തിനായി നേട്ടങ്ങൾ കൊയ്തവർ, ജോലിക്കും സുരക്ഷിത ഭാവിക്കുംവേണ്ടി പെരുവഴിയിൽ‌ മുട്ടിലിഴയുന്ന കാഴ്ചയാണ് തലസ്ഥാന നഗരത്തിൽനിന്നു കാണുന്നത്. അവരെ ഈ നിർഭാഗ്യകരമായ അവസ്ഥയിലെത്തിച്ചവർക്കു കുറ്റബോധത്തോടെയല്ലാതെ ഈ കാഴ്ച കണ്ടുനിൽക്കാനാകുമോ? 

ഗെയിംസിൽ ടീം ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 63 താരങ്ങൾ‌ സർക്കാരിന്റെ ജോലിവാഗ്ദാനങ്ങളിൽ വിശ്വസിച്ച് 6 വർഷത്തോളമായി കാത്തിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽപോലും അവരുടെ ഫയൽ ട്രാക്കിലേക്ക് എത്തിയില്ല. സംസ്ഥാനത്തിനായി ഇത്രയേറെ അധ്വാനിച്ചിട്ടും തങ്ങൾക്കു നീക്കിയിരിപ്പ് ഒന്നുമില്ലെന്ന് അറിഞ്ഞപ്പോഴുള്ള സങ്കടമാണു തലസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ടാർ റോഡിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധസൂചകമായി തല മുണ്ഡനം ചെയ്തുമൊക്കെ പ്രതികരിക്കാൻ അവരെ പ്രേരിപ്പിച്ചത്. കായികതാരങ്ങൾക്കു വാരിക്കോരി പ്രോത്സാഹനങ്ങൾ നൽകുന്നുവെന്നു സർക്കാർ അവകാശപ്പെടുമ്പോഴാണ് കേരളത്തിലെ കായികപ്രേമികളുടെ ഉള്ളുപൊള്ളിക്കുന്ന ഇത്തരം സംഭവങ്ങൾ. 

കേരളം ആതിഥേയത്വം വഹിച്ച 2015 ദേശീയ ഗെയിംസിൽ മെഡൽ നേടി നമ്മുടെ അഭിമാനമായി മാറിയ 160 താരങ്ങൾക്കും ഗെയിംസിനു പിന്നാലെ സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്തിരുന്നതാണ്. സർക്കാർ മാറുകയും വാഗ്ദാനങ്ങൾ അതുപോലെ തുടരുകയും ചെയ്തതോടെ ജോലി തേടി താരങ്ങൾക്കു പലപ്പോഴും സമരമുഖത്തേക്ക് ഇറങ്ങേണ്ട അവസ്ഥയുണ്ടായി. ദേശീയ ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ 4 പേർക്കു ഗസറ്റഡ് റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം യാഥാർഥ്യമായത് 2017ലാണ്. വ്യക്തിഗത ഇനങ്ങളിൽ മെഡലും ടീം ഇനങ്ങളിൽ സ്വർണവും നേടിയ 68 പേർക്കു നിയമനം നൽകാനുള്ള ഉത്തരവ് 2016ൽ പുറത്തിറങ്ങിയതാണെങ്കിലും ജോലിയിൽ ചേരാൻ കഴിഞ്ഞതു കഴിഞ്ഞ വർഷം മാത്രമാണ്. 

ഗെയിംസിൽ ടീം ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 88 പേർക്കു സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചു നിയമനം നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തത് 2019 ഓഗസ്റ്റിലാണ്. നിയമന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന ഈ കായിക താരങ്ങൾക്കു പക്ഷേ, നിരാശ മാത്രമായിരുന്നു ഫലം. ദീർഘനാൾ കാത്തിരുന്നു മടുത്തതോടെ പട്ടികയിലെ 25 പേർ ഇതിനകം മറ്റു ജോലികൾ തേടിപ്പോയി. അവശേഷിക്കുന്ന 63 പേരാണ് ആശിച്ച ജോലിക്കായി ഒരു മാസത്തോളമായി തെരുവിലിറങ്ങിയിരിക്കുന്നത്. ധനവകുപ്പ് അംഗീകരിച്ച തങ്ങളുടെ നിയമന ഉത്തരവ് രണ്ടാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫിസിൽ പിടിച്ചുവച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം താരങ്ങൾ ഉന്നയിക്കുന്നുമുണ്ട്. 

ദേശീയ ഗെയിംസ് മെഡൽ ജേതാക്കളുടെ ജോലിപോലെ ഈ സർക്കാർ കായികതാരങ്ങൾക്കു നൽകിയ മോഹന വാഗ്ദാനങ്ങളിൽ പാലിക്കാത്തപ്പെടാത്തവയായി ഇനിയുമേറെ കാര്യങ്ങളുണ്ട്. കായികതാരങ്ങൾക്കായി നീക്കിവയ്ക്കേണ്ട പ്രതിവർഷ സ്പോർട്സ് ക്വോട്ട നിയമനങ്ങളിൽ 2015–19 വർഷങ്ങളിലെ 249 തസ്തികകളിലേക്ക് ഇനിയും നിയമനം നടത്തിയിട്ടില്ല. ഇതിനായി അപേക്ഷ ക്ഷണിക്കാൻ പോലും അധികൃതർക്കു കഴിഞ്ഞിട്ടില്ല. രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്ന കേരളത്തിലെ കായികതാരങ്ങൾക്കുള്ള കാഷ് അവാർഡുകളുടെ വിതരണവും 3 വർഷമായി മുടങ്ങിക്കിടക്കുന്നു. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്മയ, നീന പിന്റോ എന്നീ താരങ്ങൾക്കും സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയിട്ടില്ല.

ദാരിദ്ര്യത്തെയും മറ്റു ജീവിത പ്രതിസന്ധികളെയും പൊരുതിത്തോൽപിച്ചാണ് കേരളത്തിലെ ഒട്ടുമിക്ക കായികതാരങ്ങളും ട്രാക്കിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്നതാകട്ടെ, കായികനേട്ടങ്ങളുടെ ബലത്തിൽ മികച്ച ഭാവിജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷ കൂടിയാണ്. ആ പ്രതീക്ഷ കെട്ടുപോയാൽ ഇപ്പോൾ ഉയർത്തിപ്പിടിക്കുന്ന കിരീടങ്ങളെല്ലാം നാളെ കേരളത്തിനു നഷ്ടമായേക്കാം. താരങ്ങളുടെ ജീവിതം മിടിക്കുന്ന ഫയലുകളിൽ ഒപ്പിടാൻ മടിക്കുന്ന ഭരണാധികാരികളുടെ മനസ്സിലുണ്ടാകേണ്ടത് ഈ ചിന്ത തന്നെയാണ്. 

English Summary: Protest by asian games medal winners - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com