ADVERTISEMENT

സി.വി. കുഞ്ഞുരാമൻ എന്ന മുതുമുത്തച്ഛനെക്കുറിച്ചുള്ള ഓർമകളെല്ലാം അമ്മ പറഞ്ഞ കഥകളിലൂടെയാണു മനസ്സിൽ നിറയുന്നത്. അമ്മ ഐഷയുടെ അമ്മ വാസന്തിയുടെ (സി.കേശവന്റെ ഭാര്യ) പിതാവായിരുന്നു അദ്ദേഹം. പേരക്കുട്ടികൾക്കായി അദ്ദേഹം പറഞ്ഞുകൊടുത്തിട്ടുള്ള രസികൻ കഥകൾ അമ്മ പങ്കുവച്ചതിൽ തുടങ്ങുന്നു, ഞങ്ങളുടെ സി.വി. ഓർമ. കുസൃതി ഒളിപ്പിച്ച ആ കുട്ടിക്കഥകളിൽ പലതും മാനവികതയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. അതിലൊന്ന് അവർണനും സവർണനും എങ്ങനെയുണ്ടായി എന്നതാണ്. അതിങ്ങനെ:

Hashim-Rajan
ഹാഷിം രാജൻ (ലേഖകൻ)

മനുഷ്യരാശിയുടെ തുടക്കത്തിൽ ‘സവണ്ണൻ’, ‘അവണ്ണൻ’ എന്നീ രണ്ടു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്; വണ്ണമുള്ളവനും ഇല്ലാത്തവനും. അതായത് ആഹാരം കഴിക്കാനുള്ളവനും ഇല്ലാത്തവനും. സവണ്ണന്റെയും അവണ്ണന്റെയും കഥ ഒരാൾ മഷിക്കുപ്പിയിൽ മുക്കി പനയോലയിലേക്കു പകർത്തിയെഴുതവേ, രണ്ടു വാക്കുകളുടെയും ണ്ണ എന്ന അക്ഷരത്തിനു മുകളിൽ മഷിത്തുള്ളികൾ തെറിച്ചുവീണു. അത് പഴയ എഴുത്തുലിപിയിലെ ‘ർ’ എന്ന അക്ഷരമാണ്. അതോടെയാണ് സവണ്ണനും അവണ്ണനും സവർണനും അവർണനുമായി മാറിയതത്രെ.

എഴുത്തുകാരൻ, പത്രാധിപർ, നവോത്ഥാന നായകൻ, സമുദായ നേതാവ്, യുക്തിവാദി, അധ്യാപകൻ, അഭിഭാഷകൻ, സാമാജികൻ... സി.വി. ബഹുമുഖ പ്രതിഭയായിരുന്നു. അഭിഭാഷക - അധ്യാപക ജോലികൾ ഉപേക്ഷിച്ചാണ് അദ്ദേഹം എഴുത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കും കടന്നത്. അദ്ദേഹത്തെ ഏറ്റവും ശക്തമായി അടയാളപ്പെടുത്തുന്നത് നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട എഴുത്തുകാരൻ എന്നതുതന്നെ. കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും ഓർമക്കുറിപ്പുകളും പഠനഗ്രന്ഥങ്ങളുമെല്ലാം അദ്ദേഹം എഴുതി. സാമൂഹിക അനാചാരങ്ങൾക്കെതിരെയായിരുന്നു പല രചനകളും.

സ്വദേശമായ കൊല്ലത്തെ മയ്യനാട്ടുനിന്ന് അദ്ദേഹം തുടങ്ങിയ കേരള കൗമുദി പത്രത്തെ സ്വന്തം കുട്ടിയെ എന്ന പോലെ കരുതലോടെ വളർത്തുകയായിരുന്നു. ‘മലയാള രാജ്യം’ മുതൽ ‘യുക്തിവാദി’ വരെ മറ്റ് ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായി. പത്രാധിപർ എന്ന ഉത്തരവാദിത്തം എത്രത്തോളം ഗൗരവമായി കണ്ടു എന്നതിന്റെ തെളിവാണ് അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങൾ. തിരുവിതാംകൂർ ദിവാൻ സർ സിപിയെ വരെ മുട്ടുകുത്തിച്ചിട്ടുണ്ട് ആ എഴുത്ത്. അതിലൂടെ സിപിയുടെ ആദരത്തിനും പാത്രമായി. സർ സിപി ലോക മതങ്ങളെക്കുറിച്ച് എഴുതിയ കൃതി സി.വി. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ്.

ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യരിൽ മുഖ്യനായിരുന്നു സി.വി. കുഞ്ഞുരാമൻ. ഗുരുദേവനുമായി അദ്ദേഹം നടത്തിയ സംഭാഷണം ചരിത്രപ്രസിദ്ധമാണ്. വിയോജിക്കാനും കൂടി സ്വാതന്ത്ര്യമുണ്ടായിരുന്ന ആ അടുപ്പമാണ് എസ്എൻഡിപി യോഗ രൂപീകരണത്തെ എതിർത്തിരുന്ന സി.വി.യെ പിൽക്കാലത്ത് അതിന്റെ ജനറൽ സെക്രട്ടറി പദത്തിൽ എത്തിച്ചത്. സമുദായ നേതാവായിരുന്ന അദ്ദേഹം യുക്തിവാദി പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും യുക്തിവാദി മാസികയുടെ പത്രാധിപരിലൊരാളായി മാറുകയും ചെയ്തത് വൈരുധ്യമുള്ള കൗതുകമാണ്. അതിനെക്കുറിച്ച് ഒരു കഥയുണ്ട്:

യുക്തിവാദി പ്രസ്ഥാനത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ അദ്ദേഹം മയ്യനാടിനു സമീപം ഉമയനല്ലൂർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടു പ്രസാദം വീട്ടിലെത്തിക്കുകയും ചെയ്യുമായിരുന്നു. ഇതു ശ്രദ്ധിച്ചൊരാൾ ‘യുക്തിവാദി എന്നാണ് ഈശ്വരവിശ്വാസിയായത്’ എന്നു ചോദിച്ചപ്പോൾ സി.വി.യുടെ മറുപടി ഇങ്ങനെ: ‘ഇനി അഥവാ ദൈവം ഉണ്ടെങ്കിലോ. ഞാനായിട്ട് എന്തിനു പാഴാക്കുന്നു’.

അഭിപ്രായങ്ങൾ മാറ്റിപ്പറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി പിന്നീട് ഭാഷയിലെ ഒരു പ്രയോഗം തന്നെയായി – ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്നായിരുന്നു അത്. അഭിപ്രായങ്ങളിൽ കടുംപിടിത്തം വേണ്ടെന്നും കാലത്തിനനുസരിച്ചു നവീകരിക്കാൻ തയാറാകണമെന്നുമുള്ള സന്ദേശമായിരുന്നു അതിൽ.

(സി.വി.കുഞ്ഞുരാമന്റെ കൊച്ചുമകളുടെ മകനും സി.വി.കുഞ്ഞുരാമൻ ഫൗണ്ടേഷൻ ഭാരവാഹിയുമാണ് ലേഖകൻ) 

English Summary: Remembering C.V. Kunjuraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com