ADVERTISEMENT

∙ വൈക്കം വിജയലക്ഷ്മി: മനസ്സു തളർന്നാൽ സംഗീതമില്ല. സംഗീതമില്ലെങ്കിൽ ഞാനില്ല. അതുകൊണ്ട് ഒരു തിരിച്ചടിക്കും തളർത്താൻ എന്റെ മനസ്സിനെ വിട്ടുകൊടുക്കില്ല ഞാൻ. 

∙ പാർവതി തിരുവോത്ത്: സോഷ്യൽ മീഡിയയിൽ വരുന്ന ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടിപ്പിക്കുകയും ചെയ്യാറുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ്  ചെയ്യും എന്നെല്ലാം ചിലർ എഴുതിവയ്ക്കും. അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാൻ പോലും കഴിയില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം.

∙ കെ.എസ്.ചിത്ര: ചില പാട്ടുകൾ മനസ്സിനെ അഗാധമായി സ്പർശിക്കും. കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും. ഒരു കാരണവുമില്ലെങ്കിലും വെറുതേ കരഞ്ഞുപോകും. എത്ര സന്തോഷകരമായ അവസ്ഥയിലാണെങ്കിലും ‘സ്വർണമുകിലേ’ എന്ന പാട്ടു കേൾക്കുമ്പോൾ ഇന്നും കണ്ണുനിറയാറുണ്ട്. ദാസേട്ടൻ പാടിയ ‘കൃഷ്ണതുളസിക്കതിരുകൾ ചൂടിയൊരു’ അത്തരത്തിലുള്ള മറ്റൊരു പാട്ടാണ്. 

∙ സച്ചിദാനന്ദൻ: പി.രാമനും എം.ആർ.രേണുകുമാറും മുഴുസമ്മാനങ്ങൾ അർഹിക്കുന്നവരാണ്. മാർക്കുകൾ ഒപ്പം വന്നതു കൊണ്ടായിരിക്കണം ബ്രാക്കറ്റ് ചെയ്തത്. പക്ഷേ, ഇരുവർക്കും മുഴുവൻ സമ്മാനത്തുകയും പ്ലാക്കുകളും നൽകി അവരെ ഇരുവരെയും അരസമ്മാനത്തിൽനിന്നു രക്ഷപ്പെടുത്താൻ കേരള സാഹിത്യ അക്കാദമി തയാറാകണം. അതുണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കുന്നു.  

∙ പി.‌രാമൻ: അവാർഡ് കുറ്റമറ്റ രീതിയിൽ നൽകാൻ ഏറെ അധ്വാനവും സമയവും സംവിധാനവും സാഹിത്യ അക്കാദമിക്കു ചെലവഴിക്കേണ്ടിവരുന്നു. അവാർഡ് ബാധ്യതയിൽനിന്ന് അക്കാദമിയെ മോചിപ്പിച്ച് അതു നൽകാൻ മറ്റെന്തെങ്കിലും സ്ഥിരം സംവിധാനം സർക്കാർ ഏർപ്പെടുത്തുന്നതാണു നല്ലത് എന്നാണ് എന്റെ അഭിപ്രായം. 

∙ വിനോയ് തോമസ്: എന്റെ നാട്ടിലൊക്കെ ചെറിയൊരു കാര്യം നമുക്കൊരാളോട് കമ്യൂണിക്കേറ്റ് ചെയ്യാനുണ്ടെങ്കിൽ പോലും അതിനൊരു കഥയുടെ പശ്ചാത്തലം കൊടുത്തിട്ടു പറയുകയെന്നതാണ് സംസാരരീതി. പ്രായമായ ആളുകൾക്ക് ഒരു കാര്യം നമ്മളോടു പറയാനുണ്ടെങ്കിൽ കഥയുടെ പിൻബലത്തോടുകൂടിയായിരിക്കും പറയുക. അങ്ങനെ സംസാരിക്കുന്ന ആളുകൾക്കിടയിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

∙ ബി.രാജീവൻ: ലോകത്തിലെ സഹസ്ര കോടീശ്വരന്മാരെ ചൂണ്ടിക്കൊണ്ട് ‘ഒരു ശതമാനം നിങ്ങളും 99 ശതമാനം ഞങ്ങളും’ എന്ന മുദ്രാവാക്യം മുഴക്കിയ ബദൽ ജനാധിപത്യ സമരങ്ങൾക്കു തുടക്കം കുറിച്ചിട്ട് ഇപ്പോൾ ഒരു പതിറ്റാണ്ടാകുന്നു. ഇതിനിടയിൽ ലോകത്തു നാം കാണുന്നത് ജനങ്ങളുടെ ഈ ബദൽ അധികാര മുന്നേറ്റങ്ങളെയൊക്കെ മറികടക്കാൻ പാകത്തിൽ ആഗോള മുതലാളിത്തം പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതാണ്.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com