ADVERTISEMENT

ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. പൊതുജനങ്ങൾക്കു നൽകിത്തുടങ്ങിയിട്ടില്ല. എന്നാൽ, 50 വയസ്സിനു മുകളിലുള്ളവർക്കായുള്ള വാക്സിനേഷന്റെ റജിസ്ട്രേഷൻ ആരംഭിച്ചതായി പല സന്ദേശങ്ങൾ വരുന്നുണ്ട്. നിലവിൽ ആ റജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല എന്നതാണു യാഥാർഥ്യം. ആരോഗ്യമന്ത്രാലയത്തിന്റെ കോവിൻ ആപ്പും സൈറ്റും നിലവിലുണ്ടെങ്കിലും അതിൽ പൊതുജനങ്ങൾക്കു റജിസ്ട്രേഷനുള്ള ഓപ്ഷൻ തുറന്നിട്ടില്ല.

മാർച്ച് പകുതിയോടെ, 50 വയസ്സിനു മുകളിലുള്ളവർക്കും അതിൽ താഴെ പ്രായമുള്ള, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വാക്സീൻ നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതായാണു വിവരം. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. തീരുമാനമാകുമ്പോൾ സർക്കാർ വിവരമറിയിക്കും. അതുവരെ, വാട്സാപ്പിലൊക്കെ എത്തുന്ന ലിങ്കുകൾ നോക്കേണ്ടതില്ല. ചിലപ്പോൾ അവ വ്യാജ സൈറ്റുകളുമാകാം.

4000 മുതൽ 6000 വരെ രൂപയ്ക്ക് കോവിഡ് വാക്സീൻ നൽകുമെന്നു വാഗ്ദാനം ചെയ്ത ഒരു വ്യാജ വെബ്സൈറ്റ് ഏതാനും ദിവസം മുൻപാണ് അധികൃതർ ബ്ലോക്ക് ചെയ്തത്. www.mohfw.xyz എന്നായിരുന്നു വ്യാജ സൈറ്റിന്റെ അഡ്രസ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ യഥാർഥ സൈറ്റിന്റെ അഡ്രസ് ഇങ്ങനെയാണ്: www.mohfw.gov.in രണ്ടും തമ്മിലുള്ള സാമ്യം നോക്കൂ! mohfw എന്നതിന്റെ പൂർണരൂപം ‘മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ’ എന്നാണ്. gov.in എന്നാൽ ‘ഗവൺമെന്റ്. ഇന്ത്യ’ എന്നും. മിക്കവാറും ഔദ്യോഗിക സർക്കാർ സൈറ്റുകളുടെയെല്ലാം വെബ് വിലാസത്തിൽ gov.in എന്ന ഇൗ ഭാഗം ഉണ്ടാകും.

നമ്മുടെ കയ്യിലിരിക്കുന്ന പണവും നമ്മുടെ വ്യക്തിവിവരങ്ങളും തട്ടിയെടുക്കാൻ വേണ്ടി ഏതുതരം കൃത്രിമവും ചെയ്യാൻ തക്കംപാർത്തിരിക്കുന്ന വലിയ ഗൂഢസംഘങ്ങൾ തന്നെ ഇന്റർനെറ്റിലുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്. ജോലി, സഹായധനം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി പല വാഗ്ദാനങ്ങളും നൽകി തട്ടിപ്പു നടത്തുന്ന വ്യാജന്മാരുണ്ട്. കോവിഡ് വാക്സീൻ അവരുടെ ‘പുതിയ മേഖല’യാണെന്നു മാത്രം.

കയ്യിൽ കിട്ടുന്ന ഓരോ ലിങ്കും തുറക്കുന്ന ഓരോ സൈറ്റും ജാഗ്രതയോടെ വേണം ഉപയോഗിക്കാൻ. കേന്ദ്ര സർക്കാരിന്റെ നാഷനൽ പോർട്ടൽ ഓഫ് ഇന്ത്യയിൽ പോയാൽ സർക്കാരിന്റെ എല്ലാ വെബ്സൈറ്റുകളുടെയും വിലാസം കിട്ടും. ഇതാണ് പോർട്ടലിന്റെ വെബ് വിലാസം: www.india.gov.in

കമ്മിഷൻ ഒന്നു പറഞ്ഞോട്ടെ

കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങെത്താറായി. തിരഞ്ഞെടുപ്പു കമ്മിഷൻ എപ്പോൾ വേണമെങ്കിലും വോട്ടെടുപ്പു തീയതി പ്രഖ്യാപിക്കാം. എന്നാൽ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ, ബംഗാളിൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടക്കുമെന്നു പറയുന്ന വിശദമായ പട്ടിക സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. സംഗതി വ്യാജനാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബംഗാളിലെ പോളിങ് തീയതികളാണ് പുതിയ ഷെഡ്യൂൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ വ്യാജ തീയതികളും ഇതുപോലെ വരാം. തിരഞ്ഞെടുപ്പു വരാറാകുമ്പോൾ പഴയ തീയതി വച്ചുള്ള ഈ വ്യാജ തമാശ പതിവാണ്.

യഥാർഥ തീയതി കമ്മിഷൻ പ്രഖ്യാപിക്കുമ്പോൾ ‘മനോരമ’ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ വരും. അതുവരെ ഫോർവേഡുകൾ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം.

Content Highlight: Vireal - reality behind the videos photos and messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com