ജീവിതത്തെ അറിയുമ്പോൾ

subadinam
SHARE

അപരന്റെ ജീവിതത്തിലെ ഐശ്വര്യം മാത്രം കാണുന്നവർ അവരുടെ ആയാസത്തെക്കുറിച്ചും അസുഖത്തെക്കുറിച്ചും അജ്ഞരാണ്. അന്യനെ മനസ്സിലാക്കണമെങ്കിൽ അവൻ ആയിരിക്കുന്ന പരിസ്ഥിതിയിൽ അതേ മനഃസ്ഥിതിയിൽ ഒരു ദിവസമെങ്കിലും ചെലവഴിക്കണം. അതേ അനുഭവങ്ങളിലൂടെ കടന്നുപോയാൽ പിന്നെ ആരും അന്യനെ കുറ്റപ്പെടുത്തില്ല; അവരാണു ശരിയെന്നു തിരിച്ചറിയും; താനായിരുന്നെങ്കിൽ ഇതിലും പരാജയമാകുമായിരുന്നു എന്ന ആത്മബോധം ഉണ്ടാകും; പ്രദർശിപ്പിക്കുന്ന സന്തോഷങ്ങളിലൂടെയും സൗഭാഗ്യങ്ങളിലൂടെയുമല്ല, മറച്ചുവച്ചിരിക്കുന്ന പ്രയാസങ്ങളിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ് ഓരോ ജീവിതവും ഇഴഞ്ഞുനീങ്ങുന്നതെന്നു മനസ്സിലാകും.

കിരീടങ്ങളുടെ പുറമേ മുത്തുകളാണെങ്കിലും അകമേ മുള്ളുകളായിരിക്കും. ആദ്യ കാഴ്ചയുടെ നയനസുഖം തുടർകാഴ്ചകൾക്ക് ഉണ്ടാകണമെന്നില്ല. പുറമേയുള്ള ദൃശ്യഭംഗി ആന്തരികാവസ്ഥയുടെ തെളിവുമല്ല.

സ്വന്തം ജീവിതത്തിന്റെ പോരായ്മകൾ മാത്രം കാണുന്നവർ അവനവനിലെ അദ്ഭുതങ്ങളെക്കുറിച്ചും അനന്ത സാധ്യതകളെക്കുറിച്ചും അറിവില്ലാത്തവരാണ്. നോട്ടവും ശ്രദ്ധയും അന്യനിലേക്കാകുന്നതാണ് അപകടം. സ്വയം വിശകലനത്തിന്റെ എല്ലാ സാധ്യതകളും അടച്ച്, അപരവിമർശനത്തിന്റെയും അസൂയയുടെയും പിറകേ സഞ്ചരിക്കുന്നവർ ആരുമായിത്തീരില്ല.

അന്യന്റെ ജീവിതത്തിന്റെ അതേ പകർപ്പു വേണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം വേണ്ടത് അവരുടെ അനുഗ്രഹങ്ങൾ മാത്രമാണ്. ഇഷ്ടമുള്ളതു മാത്രം അളന്നെടുത്തു സ്വീകരിക്കാൻ ജീവിതം ഒരു ബുഫെ അല്ലല്ലോ. ആകസ്മികതയെയും അനർഥങ്ങളെയും എപ്പോഴും തടഞ്ഞുനിർത്താൻ മാത്രം പ്രതിരോധശേഷി ആർക്കുമുണ്ടാകില്ല. ആയിരിക്കുന്ന അവസ്ഥയെ ബഹുമാനിക്കാൻ പഠിച്ചാൽ ആകാമായിരുന്ന അവസ്ഥകളെക്കുറിച്ചു നിരാശപ്പെടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA