ADVERTISEMENT

കേരളത്തിന്റെ മത്സ്യമേഖലയിൽ നടപ്പാക്കാൻ പോകുന്നുവെന്നു പറയുന്ന ആഴക്കടൽ മത്സ്യബന്ധന പദ്ധതി സംബന്ധിച്ച വിവാദമാണല്ലോ കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നത്. മത്സ്യമേഖലയിലെ വ്യവസായ സംരംഭങ്ങൾ എന്ന രീതിയിൽ അമേരിക്കൻ കമ്പനിയുടെ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡ് സമർപ്പിച്ച പദ്ധതിരേഖയിലെ നിർദേശങ്ങളും സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രങ്ങളിലെ വ്യവസ്ഥകളുമാണ് ഏറെ ചർച്ചയായിരിക്കുന്നത്. കേരളത്തിലെ മത്സ്യമേഖലയിലെ ഇന്നത്തെ സ്ഥിതിവച്ചു നോക്കുമ്പോൾ, ഈ പദ്ധതി നിർദേശങ്ങൾ പ്രായോഗികമെന്നു പറയാനാവില്ല. ഗൃഹപാഠങ്ങളില്ലാത്ത, ഗൂഢലക്ഷ്യങ്ങൾ മാത്രമുള്ള പദ്ധതിയാണിത്.

400 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കുക, അവയ്ക്കാവശ്യമായ ഹാർബറുകൾ നിർമിക്കുക, 50-100 മത്സ്യസംസ്കരണ ശാലകൾ നിർമിക്കുക, മത്സ്യസംസ്കരണം - കയറ്റുമതി പ്രോത്സാഹിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്കു മാത്രമായി ആശുപത്രികൾ നിർമിക്കുക തുടങ്ങിയവയാണു പദ്ധതി നിർദേശങ്ങൾ. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ സിഎംഎഫ്ആർഐ, സിഫ്നെറ്റ്, എംപിഇഡിഎ, ഐഎസ്ആർഒ എന്നിവയുടെയും എയർഫോഴ്സിന്റെയും സംസ്ഥാന സർക്കാർ സ്ഥാപനമായ മത്സ്യഫെഡിന്റെയും സഹായസഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുകയത്രെ. ഇത്തരം അവകാശവാദങ്ങൾക്കു പിന്നിലെ ഗൂഢലക്ഷ്യങ്ങളും ദുരൂഹതകളും എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.

sanjeeva
ഡി. സഞ്ജീവ ഘോഷ്

ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനു വിദേശസഹായത്തോടെ ആവിഷ്കരിക്കപ്പെടുന്ന ഈ പദ്ധതിക്കായി ‘കേരളത്തിന്റെ മത്സ്യമേഖലാ വികസനം’ എന്ന സുന്ദരൻപദം തുറുപ്പുചീട്ടാക്കുകയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്ന് അന്വേഷിച്ചറിയണം. രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും ഉപജീവനമാർഗം വൻകിട കുത്തകകൾക്കു കൊള്ളയടിക്കാൻ വിട്ടുകൊടുക്കരുത്. മത്സ്യക്കയറ്റുമതി ലക്ഷ്യമാക്കി വൻകിട കോർപറേറ്റുകൾക്കു മത്സ്യമേഖല തീറെഴുതിക്കൊടുക്കാനും പാടില്ല.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലല്ല, അതു കേന്ദ്രസർക്കാരിന്റെ അധികാരത്തിലും നിയന്ത്രണത്തിലും വരുന്നതാണ്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ (തീരത്തുനിന്ന് ഏകദേശം 22 കിലോമീറ്റർ ദൂരം വരെ) മാത്രമേ, മത്സ്യബന്ധനം നടത്താനും നിയന്ത്രിക്കാനുമൊക്കെ സംസ്ഥാനത്തിന് അധികാരമുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ 246-ാം വകുപ്പനുസരിച്ച് തീരദേശ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ള മത്സ്യമേഖലാ ഭരണാധികാരം അത്രയേയുള്ളൂ. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഏതു പദ്ധതിക്കും കേന്ദ്രസർക്കാരിന്റെ അനുവാദം ആവശ്യമാണ്. അതു സംസ്ഥാന ഫിഷറീസ് വിഷയമല്ല എന്നർഥം.

തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ (360 കിലോമീറ്റർ) വരെയുള്ള കടൽ രാജ്യത്തിന്റെ തനതു സാമ്പത്തിക മേഖല (ഇഇസെഡ്) ആണ്. ഇവിടത്തെ മത്സ്യസമ്പത്തു പ്രയോജനപ്പെടുത്താൻ നാം ഇനിയും വിജയിച്ചിട്ടില്ല. ഈ ദൗർബല്യം മുതലെടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ മത്സ്യ സമ്പദ്സമൃദ്ധിയിൽ കണ്ണുവച്ചു വിദേശരാജ്യങ്ങൾ അനധികൃത മത്സ്യബന്ധനം നടത്തുന്നുണ്ട്. ഈ കൊള്ള തടയാൻ കഴിയാതിരിക്കുമ്പോഴാണ്, ആഴക്കടൽ മത്സ്യബന്ധനം എന്ന പേരിൽ വിദേശ പദ്ധതികൾ കടന്നുവരുന്നത്.

വിദേശ കപ്പലുകളെ ഇന്ത്യൻ ആഴക്കടലിൽ മത്സ്യബന്ധനത്തിന് അനുവദിച്ചുകൊണ്ടുള്ള ജോയിന്റ് വെഞ്ച്വർ പദ്ധതികൾ പലതും നടപ്പാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാന സർക്കാരുകളുടെയും മത്സ്യത്തൊഴിലാളികളുടെയും എതിർപ്പുമൂലം പിൻവാങ്ങേണ്ടി വന്നിട്ടുണ്ട്. 2014ൽ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. ബി.മീനാകുമാരി കമ്മിറ്റി 270 വിദേശ ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾക്ക് ഇന്ത്യൻ കടലിൽ മത്സ്യബന്ധന അനുമതി (ലെറ്റർ ഓഫ് പെർമിറ്റ്) നൽകാൻ ശുപാർശ ചെയ്തപ്പോഴുണ്ടായ എതിർപ്പുകൾ ഓർക്കുക.

15 ദശലക്ഷത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ ഇത് 10 ലക്ഷത്തിലധികം വരും. ഇന്ന് ഇന്ത്യയ്ക്കു മൊത്തം മത്സ്യബന്ധനത്തിന് ആവശ്യമായത് 76,500 ചെറു മത്സ്യബന്ധന യാനങ്ങൾ ആണെന്നാണു കണക്ക്. ഇപ്പോഴുള്ളതു തന്നെ ഒരു ലക്ഷത്തിലധികം വരും. ആവശ്യത്തിനു മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ കടലിൽ പരതുമ്പോൾ, കടന്നുവരുന്ന പുതിയ പദ്ധതികളെ വർധിച്ച ജാഗ്രതയോടെ വേണം സമീപിക്കാൻ.

(ഫിഷറീസ് വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ് ലേഖകൻ)

Content Highlights: Kerala deep sea trawling contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com