ADVERTISEMENT

ജനവിധിയെ പരിഹാസ്യമാക്കി, പുതുച്ചേരിയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയക്കച്ചവടം അവസാന രംഗത്തിലെത്തിയിരിക്കുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട് ഗത്യന്തരമില്ലാതെയുള്ള മുഖ്യമന്ത്രി വി.നാരായണസാമി സർക്കാരിന്റെ രാജിയിൽനിന്നു രാഷ്ട്രീയലാഭം നേടിയവർ നമ്മുടെ ജനാധിപത്യത്തെ ഒരിക്കൽക്കൂടി നാണംകെടുത്തിയിരിക്കുകയാണ്.

എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ, പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ ഇന്നലെ വിശ്വാസവോട്ട് തേടേണ്ട സാഹചര്യത്തിലെത്തിയിരുന്നു. രാഷ്ട്രീയ നാടകങ്ങൾക്കു കാർമികത്വം വഹിക്കാനെന്നോണം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതലകൂടി നൽകിയതോടെ, സർക്കാരിനെ താഴെയിടാൻ കച്ചകെട്ടിയവർക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്തു. കിരൺ ബേദിക്കു പകരം ലഫ്റ്റനന്റ് ഗവർണറായി നിയോഗിച്ച, ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയായ തമിഴിസൈ സൗന്ദരരാജൻ, നാരായണസാമി സർക്കാരിനോടു ഭൂരിപക്ഷം തെളിയിക്കാൻ അടിയന്തരമായി ആവശ്യപ്പെടുകയായിരുന്നു.

ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ ഓഫിസ് വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിൽ വിവേചനാധികാരം പ്രയോഗിച്ച രീതിയെക്കുറിച്ചു പരാതി ഉയർന്നുകഴിഞ്ഞു. നാമനിർദേശം ചെയ്യപ്പെട്ട മൂന്നു ബിജെപി അംഗങ്ങൾക്കു വോട്ടവകാശം നൽകിയ സ്പീക്കറുടെ നടപടി തെറ്റാണെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്നും നാരായണസാമി ആരോപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു വരെ രാഷ്ട്രപതി ഭരണത്തിലാകുന്ന സാധ്യതയിലേക്കാണു പുതുച്ചേരി നീങ്ങുന്നത്. പുതുച്ചേരിയിലെ ഭരണവും നഷ്ടമായതോടെ കോൺഗ്രസിനു ദക്ഷിണേന്ത്യയിലെവിടെയും അധികാരമില്ലാതെയായിരിക്കുകയാണ്. പുതുച്ചേരിയിൽ കോൺഗ്രസിന്റെ ചില തെറ്റായ തീരുമാനങ്ങൾ ബിജെപിയുടെ ഇപ്പോഴത്തെ തിരക്കഥ എളുപ്പമാക്കിയതായും വിലയിരുത്തപ്പെടുന്നു.

അധികാരമെന്ന ഏക ലക്ഷ്യം രാഷ്ട്രീയ പാർട്ടികളെ എത്രത്തോളം വിലകുറഞ്ഞ കളികളിലെത്തിക്കുന്നു എന്നതിനു പുതിയ പാഠം നൽകുകയാണു പുതുച്ചേരി. ഭരണം വലിച്ചു താഴെയി‍ട്ടതിന്റെ മുഖ്യ ഗുണഭോക്താക്കൾ ബിജെപി തന്നെയാണ്. നാമനിർദേശം ചെയ്യപ്പെട്ടവരല്ലാതെ, തിരഞ്ഞെടുക്കപ്പെട്ട ഒറ്റ നിയമസഭാംഗം പോലും ബിജെപിക്ക് ഇവിടെയില്ലെന്നുകൂടി ഓർമിക്കാം. കേന്ദ്രഭരണത്തിന്റെ സ്വാധീനത്തിൽ പിൻവാതിലിലൂടെയും മറ്റും അവർ നടത്തിയ രാഷ്ട്രീയക്കളികൾ ജനാധിപത്യത്തിന്റെ മൂല്യസൂചികകൊണ്ടു നോക്കിയാൽ അങ്ങേയറ്റം അപലപനീയമാണ്. ഭരണം പിടിച്ചെടുക്കാനായി ബിജെപി നടത്തുന്ന അധാർമിക ഇടപെടലുകൾ വിവിധ സംസ്ഥാനങ്ങളിൽ നാം ഇതിനകം കണ്ടുകഴിഞ്ഞതുമാണ്.

പുതുച്ചേരിയിലുണ്ടായതുപോലെ നമ്മുടെ രാഷ്ട്രീയത്തിന്റെ പതനം നിർലജ്ജം വെളിപ്പെടുത്തുന്ന സംഭവങ്ങൾ രാജ്യത്തുണ്ടാകുന്നതു ജനാധിപത്യത്തെത്തന്നെ കരിവാരിത്തേക്കുന്നു. വിവിധ പാർട്ടികൾ കൂറുമാറ്റം ഭയന്ന് എംഎൽഎമാരെ സുരക്ഷിതമായി ഒളിപ്പിക്കാൻ ഹോട്ടലും റിസോർട്ടും ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നാടകങ്ങൾ എവിടെയും ആവർത്തിക്കരുതാത്തതാണെങ്കിലും അതിന്റെ അപഹാസ്യമായ തുടർച്ചകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ഒരു രാഷ്ട്രീയ കക്ഷിയുടെ പേരിൽ വോട്ടുനേടി നിയമസഭയിലെത്തിയവർക്ക് മറ്റു കക്ഷികളുടെ പ്രലോഭനങ്ങൾക്കു വഴങ്ങി സ്ഥാനം രാജിവയ്ക്കാൻ ഒരു മടിയുമില്ലാത്തതോർത്തും ലജ്ജിക്കേണ്ടതുണ്ട്. ജനവിധി അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത ഉറപ്പുവരുത്താനാണ് ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയത്. പിന്നീടു വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കി. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട അംഗത്തിനുപോലും വിപ്പ് ബാധകമായിരിക്കുമെന്ന സുപ്രീംകോടതി റൂളിങ്ങും നമുക്കു മുന്നിലുണ്ട്. വ്യവസ്ഥകൾ കർശനമാണെങ്കിലും അവ വിദഗ്ധമായി മറികടക്കാനുള്ള കുറുക്കുവഴികൾ പ്രയോഗിക്കുന്നതാണു കർണാടക മുതൽ മധ്യപ്രദേശ് വരെ വിവിധ സംസ്ഥാനങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി നാം കാണുന്നത്. പുതുച്ചേരി ആ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിമാത്രം.

എംഎൽഎമാരുടെ മറുകണ്ടംചാടലിലും രാഷ്ട്രീയ ചാണക്യന്മാരുടെ കുതന്ത്രങ്ങളിലും ഓരോ തവണയും തോൽക്കുന്നത്, അവർക്കു വോട്ടു ചെയ്യുകയും സ്വന്തം നികുതിപ്പണം തിരഞ്ഞെടുപ്പു ചെലവിനായി നൽകുകയും ചെയ്യുന്ന പാവം പൊതുജനം തന്നെയാണെന്ന യാഥാർഥ്യം ബാക്കിയാവുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com