ADVERTISEMENT

മത്സ്യബന്ധന മേഖലയ്ക്ക് വെല്ലുവിളി 

അമേരിക്കൻ കമ്പനി മുന്നോട്ടുവച്ച പദ്ധതി പ്രകാരം ആഴക്കടൽ ട്രോളറുകൾക്ക് അനുമതി നൽകിയാൽ അത് ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായ യന്ത്രവൽകൃത - പരമ്പരാഗത മത്സ്യബന്ധനമേഖലയെ അപ്പാടെ നശിപ്പിക്കും. കേരളതീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകുന്ന 3600ൽപരം ബോട്ടുകളിൽ ആയിരത്തോളം മാത്രമാണ് നിലവിൽ സജീവം. മത്സ്യലഭ്യതക്കുറവും ഇന്ധനവില വർധനയും മൂലം ഭൂരിഭാഗവും കടലിൽ പോകുന്നില്ല.

അനിയന്ത്രിത മത്സ്യബന്ധനം നിയന്ത്രിക്കാനാണ് 1980ലെ കേരള മറൈൻ ഫിഷറീസ് റഗുലേഷൻ  ആക്ടിൽ  ആവശ്യമാ

യ ഭേദഗതികൾ കൊണ്ടുവന്നത്. ഇതനുസരിച്ചു പുതിയ മത്സ്യബന്ധനയാനങ്ങൾക്കു റജിസ്ട്രേഷനോ ലൈസൻസോ കൊടുക്കേണ്ടെന്നാണു വ്യവസ്ഥ. ബോട്ടു യാഡുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തി. മറ്റു കടൽമേഖലകളിൽ മത്സ്യലഭ്യത തീരെ കുറഞ്ഞതോടെ ചൈനയിൽ നിന്നുൾപ്പെടെയുള്ള വിദേശ ട്രോളറുകൾ വരെ അൽപമെങ്കിലും മത്സ്യലഭ്യതയുള്ള കേരളതീരത്തോടു ചേർന്നു മത്സ്യബന്ധനം നടത്തുന്നു. ഇതു നിയന്ത്രിക്കാൻ നടപടിയില്ല. 

ഇതിനിടയ്ക്കാണ്, അമേരിക്കൻ കമ്പനി 400 ആഴക്കടൽ ട്രോളറുകൾ കടലിൽ ഇറക്കുമെന്നു പറയുന്നത്. ആഴക്കടലിൽ പോകാൻ കഴിയുന്ന ബോട്ടുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. വിവിധ കാരണങ്ങൾ പറഞ്ഞ് ഇവർക്കു കനത്ത പിഴയും മറ്റും ചുമത്തി മത്സ്യബന്ധനത്തിൽ നിന്നു പിന്തിരിപ്പിക്കുന്നതു സംശയാസ്പദമാണ്.

∙ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ. ജനറൽ സെക്രട്ടറി, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ

ഊർജത്തിന്റെ പുതുവഴികൾ

ലോകമാകെ പുതിയ ഊർജസ്രോതസ്സുകൾക്കായി ഒട്ടേറെ മാതൃകകൾ പരീക്ഷിക്കുമ്പോൾ നമ്മുടെ സംസ്ഥാനവും അതിനൊപ്പം മാറാൻ തയാറാകണം. ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന പഴയ കാലം, താപവൈദ്യുതിയിലേക്കും ഇതര സ്രോതസ്സുകളിലേക്കും മാറിയത് കേരളത്തിനും മുതൽക്കൂട്ടായിരുന്നു. വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും ഇടയിൽ പെട്ടുപോയതിനാൽ സോളർ സംരംഭങ്ങൾക്കു നമ്മുടെ നാട്ടിൽ വേണ്ടത്ര ജനകീയമാകാൻ കഴിഞ്ഞില്ല. പുതിയ പ്രചാരണങ്ങളിലൂടെ പരമാവധി സോളർ ഊർജ ഉപയോഗത്തിനു കേരളം സജ്ജമാകണം.  

അനിയന്ത്രിത ഇന്ധനവിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും മറ്റും കൂടുതലായി വരുന്നതോടെ ഇന്ധനവിലക്കയറ്റത്തെ നേരിടാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കഴിയും.

∙എ.എൽ.നിസാം നിലമേൽ, കൊല്ലം  

അപകടങ്ങൾ തടയണം

നമ്മുടെ രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പക്ഷേ, അതു നമുക്കു പാഠമാകുന്നില്ല. റോഡ് സുരക്ഷാമാസം ആചരിച്ചു തീരുന്ന ദിവസം മധ്യപ്രദേശിൽ നടന്ന ബസപകടത്തിൽ പൊലിഞ്ഞത് 53 ജീവനുകളാണ്. 

അപകടം സംഭവിച്ചു കഴിഞ്ഞാലുടനെ നടത്തുന്ന ജുഡീഷ്യൽ അന്വേഷണം അപകടം തടയുന്നതിൽ സഹായകമാകുന്നില്ല.  എന്നാൽ, സാങ്കേതികവിദഗ്ധൻ അന്വേഷണം നടത്തിയാൽ അപകടകാരണവും അതു ഭാവിയിൽ ഒഴിവാക്കാനുള്ള മാർഗങ്ങളും കണ്ടുപിടിക്കാൻ കഴിയും. പരിഷ്കരിച്ച 2019ലെ മോട്ടർ വെഹിക്കിൾസ് ആക്ട് നടപ്പാക്കാൻ നമ്മുടെ സംസ്ഥാനം ഇതുവരെ തയാറായിട്ടില്ല. റോഡിലെ സുരക്ഷ ഉറപ്പാക്കും എന്ന നിശ്ചയദാർഢ്യം നമ്മുടെ സർക്കാരുകൾ കാണിക്കേണ്ടതല്ലേ? അതിനാൽ, പുതിയ നിയമം നടപ്പാക്കുന്ന കാര്യത്തിൽ അമാന്തം അരുത്.

∙ഡി.കെ.കൈമൾ കൊല്ലം

പ്രീ പ്രൈമറി ജീവനക്കാരെ ഇനിയെങ്കിലും പരിഗണിക്കുമോ?

സർക്കാർ സ്കൂളുകളിൽ 12,500 രൂപയ്ക്കു ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകരുടെയും 8000 രൂപയ്ക്കു ജോലി ചെയ്യുന്ന പ്രീ പ്രൈമറി ആയമാരുടെയും പ്രതിനിധിയായാണ് ഈ കത്തെഴുതുന്നത്. 

തുല്യജോലിക്കു തുല്യവേതനം, മിനിമം ശമ്പളം തുടങ്ങിയ തൊഴിൽപരമായ അവകാശങ്ങളെ വിലമതിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ ന്യായമായ ശമ്പളം ഉൾപ്പെടെയുള്ള ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുമെന്നാണു കഴിഞ്ഞ തിരഞ്ഞെടുപ്പു വേളയിലെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. എന്നാൽ, ആയമാരുൾപ്പെടെയുള്ളവരുടെ സേവനം, അധ്യാപക– വിദ്യാർഥി അനുപാതം തുടങ്ങിയ കാര്യങ്ങളിലൊന്നും ഇപ്പോഴും വ്യക്തതയില്ല. 

നിയമനം നടത്തിയത് പിടിഎ ആണെന്നതാണു ഞങ്ങൾക്കു ശമ്പളം അനുവദിക്കാതിരിക്കാൻ പറയുന്ന ന്യായം. എയ്ഡഡ് മാനേജ്മെന്റുകൾ നിയമിക്കുന്ന അധ്യാപകർക്കു ശമ്പളം നൽകുന്നതും സർക്കാർ തന്നെയല്ലേ?

ഞങ്ങളിൽ പലരും ഇപ്പോൾ 60– 70 വയസ്സു പ്രായമുള്ളവരാണ്. കാൻസറും മറ്റു മാരകരോഗങ്ങളും മൂലം മരിച്ച പലരുമുണ്ട്. ചികിത്സാ ആനുകൂല്യങ്ങളോ കുടുംബങ്ങൾക്കു മരണാനന്തര ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. മാന്യമായ ശമ്പളം, പിഎഫ്, ചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയ ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ഇനിയെങ്കിലും പരിഗണിക്കണം. 

∙സജിനി കണ്ടക്കടവ്, എറണാകുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com