പ്രചോദനത്തിന്റെ തീപ്പൊരി

subhadinam
SHARE

സ്വയംപ്രേരണാ ശേഷിയാണ് ഒരാൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. അനേകായിരങ്ങളെ പ്രചോദിപ്പിക്കുകയും അവരുടെ പ്രതിസന്ധികളിൽ പടവുകളായി നിൽക്കുകയും ചെയ്യുന്ന പലർക്കും സ്വന്തം പ്രശ്നങ്ങൾക്കു സമവാക്യങ്ങൾ രൂപപ്പെടുത്താൻ കഴിയാറില്ല.

മറ്റുള്ളവർക്കു നൽകുന്ന വേദനസംഹാരികൾ സ്വയം കഴിക്കാനോ അവർക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത വഴികളിലൂടെ സ്വയം സഞ്ചരിക്കാനോ തയാറാകില്ല. അപ്പോഴാണ് നിരാശയുടെയും നിശ്ചലതയുടെയും ഭയാനകത മനസ്സിലാക്കുക.

അന്യരെ ഉപദേശിക്കുമ്പോൾ അവരുടെ മാനസികനിലയ്ക്കു പുറത്തുനിന്നാണ് ഇടപെടുന്നത്. അതേ അവസ്ഥ സ്വന്തം ജീവിതത്തിൽ നേരിടുമ്പോൾ ആ മാനസികാവസ്ഥയ്ക്കു പുറത്തുള്ളവരുടെ സഹായവും വേണം. സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും നിരാശകളെ അതിജീവിക്കാനും എത്ര പേർക്കു കഴിയും? ഏത് ഇച്ഛാഭംഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു പ്രചോദക വലയം സൂക്ഷിക്കുക എന്നതാണ് സ്വയംപ്രേരണയുടെ ആദ്യ പടി.

ഒരാൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് അയാളിൽ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്നത്. ഒരിക്കൽ പകർന്നാൽ പിന്നീടത് ആളിപ്പടർന്ന് നിരന്തര പ്രേരകശക്തിയായി നിലകൊള്ളും. എഴുന്നേൽക്കാൻ ഒരു കാരണം സ്വയം കണ്ടെത്തുന്നില്ല എന്നതാണ് വീണുകിടക്കുന്നവരുടെ ദുരവസ്ഥ. ആ കാരണമാണ് പ്രചോദകർ കണ്ടെത്തി നൽകുന്നത്. അതൊരു വാക്കോ സ്പർശമോ നോട്ടമോ ആകാം.

എത്ര പേരുടെ ആഘോഷങ്ങളിൽ ആരവമുയർത്തി എന്നതിനെക്കാൾ പ്രധാനം, അനക്കമില്ലാതിരുന്ന എത്ര ജീവിതങ്ങളെ തൊട്ടുണർത്തി എന്നതു തന്നെയാണ്. ഒരാളുടെ ദുഃഖങ്ങൾക്കു പല കാരണങ്ങളുണ്ടാകും. അവയുടെയെല്ലാം മീതെ അയാളുടെ സന്തോഷത്തിന്റെ കാരണമാകുക എന്നതിനെക്കാൾ വലിയ പുണ്യമെന്താണ്? വീണപൂവുകളുടെ കഥ പറഞ്ഞ് വിരിയാനുള്ള പൂക്കളുടെ വസന്തം നിഷേധിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA