അതിർത്തിയിൽ വഴിയടയരുത്

HIGHLIGHTS
  • കർണാടക സർക്കാർ മാനുഷിക പരിഗണന കാട്ടണം
Karnataka-border
SHARE

അതിർത്തി കടക്കാൻ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാരിന്റെ കർശന നിലപാട് കേരളത്തിൽനിന്നുള്ള യാത്രക്കാരുടെ വലിയ ആശങ്കയായിക്കഴിഞ്ഞു. നമ്മുടെ അതിർത്തിമേഖലയിലെ ജനജീവിതത്തെത്തന്നെ ഈ തീരുമാനം ബാധിച്ചുതുടങ്ങി. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ എടുത്ത തീരുമാനം ജാഗ്രതയെ കരുതിയാണെങ്കിലും മാനുഷിക പരിഗണനയ്ക്കായി മുറവിളി ഉയരുകയാണ്.

മുൻപും കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കർണാടക അതിർത്തി അടച്ചതു വഴി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾക്കു കഠിനദുരിതം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കാസർകോട് ജില്ലയിൽനിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികളിൽ എത്തിക്കാൻ സാധിക്കാതെ, വിലപ്പെട്ട ഒട്ടേറെ ജീവൻ ആ വേളയിൽ ദേശീയപാതയോരങ്ങളിൽ പൊലിയുകയുണ്ടായി. അന്നും കർണാടകയുടെ നടപടി ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കി.

എന്നും വന്നുപോകുന്നവരടക്കം സ്ഥിരം സംസ്ഥാനാന്തര യാത്രക്കാർ 14 ദിവസത്തിലൊരിക്കലും അല്ലാത്തവർ 72 മണിക്കൂറിനുള്ളിലും നടത്തിയ കോവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കർണാടകയുടെ ഇപ്പോഴത്തെ നിലപാട്. കർണാടകയിലേക്കുള്ള പല പാതകളും ബാരിക്കേഡ് വച്ച് അടച്ച നിലയിലാണ്. ചികിത്സയ്ക്കു മാത്രമല്ല, വിദ്യാഭ്യാസത്തിനും ജോലി ആവശ്യങ്ങൾക്കും പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും കാസർകോട്ടെ അതിർത്തിപ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നതേറെയും മംഗളൂരുവിനെയാണ്. കാസർകോട്ടു നിന്നു ദിവസവും മംഗളൂരുവിൽ പോയി പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ ദിവസം വിദ്യാർഥികൾ അതിർത്തിയിൽ കുടുങ്ങിയതോടെ ഇന്റേണൽ പരീക്ഷകൾ എഴുതാൻ കഴിയാത്ത സ്ഥിതിവരെയുണ്ടായി.

മംഗളൂരുവിലേക്കു രോഗികളുമായി പോകുന്ന ആംബുലൻസുകളെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റു വാഹനങ്ങളിൽ മംഗളൂരുവിൽ ചികിത്സയ്ക്കു പോകുന്നവർ സർട്ടിഫിക്കറ്റ് കരുതേണ്ടതുണ്ട്. കെഎസ്ആർടിസി – സ്വകാര്യ ബസുകൾ അതിർത്തി കടന്നുള്ള സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചാൽ അതു ജനങ്ങളെ കൂടുതൽ വലയ്ക്കുമെന്നു തീർച്ച.

നൂറുകണക്കിന് ആളുകൾക്ക് അടിയന്തരമായി ആർടിപിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യം കാസർകോട് അതിർത്തിയോടു ചേർന്നുള്ള സർക്കാർ ആശുപത്രികളിലില്ല. ജില്ലയിലെ ഗവ.ആശുപത്രികളിൽ ശേഖരിക്കുന്ന സ്രവം പെരിയയിലെ കേന്ദ്ര സർവകലാശാലാ ലാബിലാണു പരിശോധിക്കുന്നത്. ദിവസം നിശ്ചിത എണ്ണം പരിശോധിക്കാനുള്ള സൗകര്യം മാത്രമേ ഈ ലാബിലുള്ളൂ. സ്വകാര്യ ആശുപത്രികളിലാകട്ടെ, രണ്ടായിരം രൂപവരെ ഇതിനായി ചെലവഴിക്കേണ്ടി വരും. ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കണമെങ്കിൽ സ്രവമെടുത്ത് ഒരു ദിവസം കാത്തിരിക്കുകയും വേണം.

കാസർകോട് ജില്ലയിലെ അതിർത്തികളിലടക്കം വാഹനപരിശോധനയിൽ ഇന്നലെ തൽക്കാലത്തേക്ക് ഇളവുണ്ടായിട്ടുണ്ടെങ്കിലും നാളെമുതൽ വീണ്ടും നിയന്ത്രണം കർശനമാക്കുമെന്നാണു സൂചന. വയനാടിനോടു ചേർന്നുള്ള കർണാടക അതിർത്തിയായ കുട്ട, ബാവലി എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കുശേഷം കാര്യമായ തടസ്സമുണ്ടായില്ല. മുത്തങ്ങ അതിർത്തിവഴി കഴിഞ്ഞദിവസം വരെ വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ മുതൽ, മുത്തങ്ങയോടു ചേർന്ന കർണാടക ചെക്പോസ്റ്റായ മൂലഹൊള്ളയിൽ കർണാടക ആരോഗ്യവകുപ്പും പൊലീസും റവന്യു അധികൃതരും ചേർന്നു പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടെ രാവിലെ വാഹനം തടഞ്ഞെങ്കിലും തൽക്കാലത്തേക്കു കടത്തിവിടാൻ പിന്നീടു തീരുമാനമായി. കൃഷിക്കാർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി കർണാടകയെ വിവിധ കാര്യങ്ങൾക്കായി ആശ്രയിക്കുന്ന മലയാളികൾ വയനാട് അതിർത്തിയിലും ഏറെയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെട്ട സംഘങ്ങൾ മണിക്കൂറുകളോളമാണ് അതിർത്തിയിൽ കുടുങ്ങിയത്.

സംസ്ഥാനാന്തര യാത്രയ്ക്ക് ഒരു സംസ്ഥാനവും നിയന്ത്രണം ഏർപ്പെടുത്തരുതെന്ന കേന്ദ്ര മാർഗനിർദേശത്തിനു വിരുദ്ധമാണ് അതിർത്തി അടയ്ക്കുന്നതും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നതും എന്നാണു കേരളത്തിന്റെ നിലപാട്. കർണാടക സർക്കാർ ഇക്കാര്യം മാനുഷികതയോടെ കണ്ട് എത്രയുംവേഗം പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കിയേ തീരൂ.

Content Highlights: Karnataka impose restrictions for travellers from Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA