ADVERTISEMENT

ചിരിക്കാൻ കഴിയുന്ന, അല്ലെങ്കിൽ അറിയുന്ന, നേതാക്കളുള്ളതുകൊണ്ട് കോൺഗ്രസിൽ ചേരുകയാണെന്ന് തമാശക്കാരനായ രമേഷ് പിഷാരടി പറഞ്ഞിട്ട് ഒരാഴ്ചയായി. ഓർത്തോർത്തു ചിരിക്കുന്ന തിരക്കിലായിപ്പോയതിനാലാവും, ഇതുവരെ അതിനെപ്പറ്റി ആരും അഭിപ്രായം പറഞ്ഞുകേട്ടില്ല.

ജവാഹർലാൽ നെഹ്റുവിന്റെ കാലംതൊട്ട് ചിരി കോൺഗ്രസിന്റെ കൂടപ്പിറപ്പാണെന്നാണ് അപ്പുക്കുട്ടനു തോന്നിയിട്ടുള്ളത്.

ശങ്കറിന്റെ കാർട്ടൂണുകൾ കണ്ടു ചിരിക്കാതെ നെഹ്റുവിന്റെ ദിനങ്ങൾ തുടങ്ങുമായിരുന്നില്ല. എന്നെ വരച്ചു കൊല്ല് എന്നു ശങ്കറിനോടു നേരിട്ടു പറയാൻ മാത്രം ചിരിപ്രിയനായിരുന്നു പണ്ഡിറ്റ്ജി.

നമ്മുടെ പഴയ ലീഡർ കരുണാകരൻജിക്കു കണ്ണിറുക്കിച്ചിരിക്കാൻ വരം കിട്ടിയത് വരയിൽ നിന്നായിരുന്നല്ലോ. തൃശൂർ ഫൈൻ ആർട്സ് കോളജിൽ വര പഠിച്ച അദ്ദേഹം ജീവിതം തുടങ്ങിയപ്പോൾ ചിത്രമെഴുത്തു കരുണാകരനായിരുന്നു. അന്ന് ആ സ്ഥാപനത്തിന്റെ പേര് വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട്.

ലീഡർജി വരച്ച പഴയൊരു ചിത്രം അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികനാളിൽ നമ്മുടെ ലളിതകലാ അക്കാദമി ലേലം ചെയ്തത് 5.1 ലക്ഷം രൂപയ്ക്കാണ്; 2011ൽ. ഒപ്പം ലേലത്തിനു വന്ന മറ്റൊരു കരുണാകരൻചിത്രം മകൾ പത്മജക്കുട്ടി വിലകൊടുത്തു വാങ്ങുകയും ചെയ്തു; വില പരസ്യപ്പെടുത്തില്ല എന്ന ധാരണയിൽ.

മറ്റുള്ളവർ ചിരിച്ചോട്ടെ എന്നു വിചാരിച്ചു സ്വയം ചിരിയടക്കുന്നവർ കോൺഗ്രസിൽ മാത്രമല്ല, പുറത്തുമുണ്ടെന്നു നമുക്കറിയാം.

ഇടതുപക്ഷ വികാരം ഉയർത്തിപ്പിടിക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമിയിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി ചെയർമാൻ കമൽ കത്തെഴുതിയത് ഇതേ ചിരിവികാരംകൊണ്ടാണ്. ചരിത്രപ്രധാനമായ ആ കത്ത് അദ്ദേഹം എഴുതിയത് ഇടതു കൈകൊണ്ടാണോ എന്നു വ്യക്തമല്ല.

ദേശീയ രാഷ്ട്രീയത്തിലേക്കു മടങ്ങാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസുകാരനായ പി.സി.ചാക്കോ പറഞ്ഞ ദിവസം തന്നെയാണ് രമേഷ് പിഷാരടി മേൽപടി ചിരിരഹസ്യം വെളിപ്പെടുത്തിയതും. ചാക്കോ പറഞ്ഞതുകേട്ട് ദേശീയ രാഷ്ട്രീയത്തിൽ ഒരു ഇളംചിരി പരക്കുന്നത് അപ്പുക്കുട്ടൻ കാണുകയുണ്ടായി.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി പങ്കെടുത്ത ചില ചടങ്ങുകളിൽ ചിലർ കറുത്ത മാസ്ക് ധരിച്ചെത്തിയപ്പോൾ അതെല്ലാം പൊലീസ് നിർബന്ധമായി മാറ്റിക്കുന്നതു കണ്ടപ്പോൾ കേരളമാകെ ചിരിക്കുന്നുണ്ടായിരുന്നു; മാസ്ക്കിന്റെ പിന്നിലായതിനാൽ ആ ചിരികൾ ആരും കണ്ടില്ലെന്നു മാത്രം.

ഈയിടെ നമ്മുടെ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ പാസിങ് ഔട്ട് പരേഡ് കണ്ടപ്പോഴാണ് ആശ്വാസമായത്. അവയുടെ മുഖത്ത് കേരളത്തെയാകെ കുളിർപ്പിക്കുന്ന ചിരിയുണ്ടായിരുന്നു.

പാസിങ് ഔട്ടിൽ സല്യൂട്ട് സ്വീകരിച്ചത് മുഖ്യമന്ത്രിയായതിനാൽ അവയുടെ മുഖത്ത് മാസ്ക് ഉണ്ടായിരുന്നതുമില്ല.

 

Content Highlights: Ramesh Pisharody's congress entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com