ADVERTISEMENT

തമിഴകം വീണ്ടും വിധിയെഴുത്തിലേക്ക്  നീങ്ങുമ്പോൾ ചോദ്യം ലളിതമാണ് – ഡിഎംകെയോ അണ്ണാ ഡിഎംകെയോ? ശശികലയുടെ വരവും കമലിന്റെ മൂന്നാം മുന്നണി നീക്കവും പോരു കൊഴുപ്പിക്കും. മുൻപില്ലാത്ത വിധം വീറും വാശിയുമായി കോൺഗ്രസും ബിജെപിയും...

അര നൂറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയം മംഗലശ്ശേരി നീലകണ്ഠൻ – മുണ്ടയ്ക്കൽ ശേഖരൻ കളിയാണ്. 1967ൽ സംസ്ഥാനത്തു ദ്രാവിഡ പാർട്ടികൾ ഭരണം പിടിക്കുമ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് മഹാശക്തിയാണ്. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളുടെ സൂനാമി വീശി. അടിയന്തരാവസ്ഥ, കോൺഗ്രസിന്റെ പതനം, മുന്നണി സർക്കാരുകളുടെ കാലം, വീണ്ടും കോൺഗ്രസ്, നരേന്ദ്ര മോദിയുടെ സമഗ്രാധിപത്യം...

എന്നാൽ, കാലത്തിനു തൊടാനാകാത്ത കോട്ടപോലെ തമിഴ്നാട് മാത്രം ദ്രാവിഡ കൊടിക്കു കീഴിൽ ഉറച്ചുനിന്നു. ശേഖരനും നീലകണ്ഠനുമെന്ന പോലെ അണ്ണാഡിഎംകെയും ഡിഎംകെയും പരസ്പരപൂരകങ്ങളായി നിലകൊണ്ടു. കടിച്ചുകീറുന്ന ശത്രുതയ്ക്കിടയിലും ഒരാൾ നിലനിൽക്കേണ്ടതു മറ്റൊരാളുടെ ആവശ്യമാണെന്ന തിരിച്ചറിവ് ഇരുവർക്കുമുണ്ടായി. ദ്രാവിഡ ആശയത്തിനു നേരെ വെല്ലുവിളിയുയർന്നപ്പോൾ, വ്യത്യസ്ത സ്വരത്തിലെങ്കിലും, ഒരേ ഭാഷയിൽ അവർ പ്രതിരോധം തീർത്തു. തമിഴകത്തെ 6.5 കോടി വോട്ടർമാർ വീണ്ടും വിധിയെഴുതാനൊരുങ്ങുമ്പോൾ ഉയരുന്ന ചോദ്യം ലളിതമാണ് - ഡിഎംകെയോ, അണ്ണാഡിഎംകെയോ? എന്നാൽ, വിധിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എല്ലാ തിരഞ്ഞെടുപ്പിലുമെന്ന പോലെ ഇത്തവണയും തമിഴകത്തുണ്ട്.

ചിന്നമ്മ 2.0

സൂപ്പർതാരം രജനീകാന്തിന്റെ മാസ് എൻട്രിയാണ് ഇത്തവണ പ്രതീക്ഷിച്ചത്. പക്ഷേ, രജനിയുടെ രാഷ്ട്രീയ ചിത്രം റിലീസായില്ല. എങ്കിലും, തമിഴകത്ത് ഇത്തവണയും നാടകീയതയ്ക്കു കുറവില്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിഴലും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ.ശശികലയുടെ വരവാണു സംഭവം ‘കളറാക്കിയത്’. ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ 4 വർഷത്തെ ജയിൽശിക്ഷയ്ക്കു ശേഷമാണ് അനുയായികളുടെ ‘ത്യാഗത്തലൈവി ചിന്നമ്മയുടെ’ വരവ്. ബെംഗളൂരുവിൽ നിന്നു ചെന്നൈ വരെ നീണ്ട 23 മണിക്കൂർ റോഡ് ഷോയിലൂടെ കരുത്തുകാട്ടിയായിരുന്നു രംഗപ്രവേശം.

tamilndauelection
കമൽഹാസൻ, വി.കെ.ശശികല, ശരത്കുമാർ, ടി.ടി.വി.ദിനകരൻ.

ജയലളിതയുടെ മരണശേഷം, പാർട്ടിയെയും സർക്കാരിനെയും രക്ഷിക്കണമെന്നാവശ്യപ്പെട്ടു ശശികലയ്ക്കു മുൻപിൽ കൈകൂപ്പിയവരാണ് നിലവിലെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി (ഇപിഎസ്) അടക്കമുള്ള നേതാക്കൾ. ശശികലയുടെ വരവിനെതിരെ കലാപക്കൊടി ഉയർത്തി അന്നത്തെ മുഖ്യമന്ത്രി ഒ.പനീർസെൽവം (ഒപിഎസ്) പാർട്ടി വിട്ടു. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചു കാത്തിരിക്കുന്നതിനിടെ ശശികല ജയിലിലായി. പിന്നീട് ഒപിഎസും ഇപിഎസും ഭായ് ഭായ്; ചിന്നമ്മ പുറത്തായി. ശശികലയുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ ഒപിഎസും ഇപിഎസും ഉറച്ചുനിൽക്കുകയാണ്.

ജയലളിതയുടെ കാലംമുതൽ അണിയറയിലെ പ്രധാന സൂത്രധാരന്മാരിലൊരാളാണ്, ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി.ദിനകരൻ. പിന്നീട് ജയലളിത, ദിനകരനുൾപ്പെടെ ശശികലകുടുംബത്തിലെ എല്ലാവരെയും പടിയടച്ചു പുറത്താക്കി. ജയലളിതയുടെ മരണശേഷം പാർട്ടിയെയും സർക്കാരിനെയും കൈപ്പിടിയിലൊതുക്കാൻ ശശികല, ദിനകരന്റെ സഹായം തേടി. ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കി. ശശികല ജയിലിൽ പോയതോടെ ദിനകരനും പിടിച്ചുനിൽക്കാനായില്ല. അണ്ണാഡിഎംകെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പാർട്ടി രൂപീകരിച്ചിട്ടുണ്ട് ദിനകരൻ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 5.25% വോട്ടാണു ലഭിച്ചത്. ശക്തികേന്ദ്രമായ തെക്കൻ ജില്ലകളിലെ 9 മണ്ഡലങ്ങളിൽ പത്ത് ശതമാനത്തിനടുത്തു വോട്ടു കിട്ടി. 22 സീറ്റുകളിൽ 7.2% വോട്ട്. എംജിആർ കാലം മുതൽ അണ്ണാഡിഎംകെയുടെ വിശ്വസ്ത വോട്ടുബാങ്കാണു തേവർ സമുദായം. ഈ വിഭാഗത്തിൽനിന്നുള്ള ശശികല, ജയലളിതയുടെ തോഴിയായതോടെ ആ ബന്ധം ദൃഢമായി. ശശികലയെ ഉൾക്കൊള്ളാത്ത ഒപിഎസ് - ഇപിഎസ് പക്ഷത്തിനെതിരായ തേവർ വികാരം മുതലെടുക്കാനാണു ശശികല - ദിനകരൻ പക്ഷത്തിന്റെ ശ്രമം. സ്ഥാനാർഥിനിർണയം പൂർത്തിയാകുമ്പോൾ സീറ്റു ലഭിക്കാത്ത നേതാക്കൾ ശശികലയ്ക്കൊപ്പം ചേരുമോ എന്ന ആശങ്ക അണ്ണാഡിഎംകെയ്ക്കുണ്ട്.

കമലിന്റെ മൂന്നാം മുന്നണി ശ്രമം

പ്രമുഖ ദ്രാവിഡ പാർട്ടികളുടെ അത്താഴം മുടക്കുന്ന നീർക്കോലികളായാണു തിരഞ്ഞെടുപ്പു കളത്തിൽ മൂന്നാം മുന്നണികൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തമായി ഭരണം പിടിക്കാനായില്ലെങ്കിലും തമിഴ്നാട്ടിൽ ഏതെങ്കിലുമൊരു ദ്രാവിഡ പാർട്ടിയുടെ പരാജയം ഉറപ്പാക്കാൻ ഇത്തരം കൂട്ടുകെട്ടുകൾക്കായി. കമൽഹാസന്റെ ‘മക്കൾ നീതി മയ്യ’ത്തിന്റെ മൂന്നാംമുന്നണി നീക്കം പ്രസക്തമാകുന്നത് ഇവിടെയാണ്.

ശരത്കുമാറിന്റെ ‘സമത്വ മക്കൾ കക്ഷി’യുമായി കമൽഹാസൻ ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. അണ്ണാഡിഎംകെ സഖ്യകക്ഷിയായിരുന്ന ശരത്കുമാറിന്റെ പാർട്ടി, ആവശ്യപ്പെടുന്ന സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണു കമലിനൊപ്പം ചേരാൻ തീരുമാനിച്ചത്. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും ഇത്തവണ പ്രചാരണത്തിൽ സജീവമാകും. കമലും ശരത്തും കൈകോർത്താൽ മൾട്ടി സ്റ്റാർ ചിത്രംപോലെ താരസമ്പന്നമാകും മുന്നണി. എസ്ആർഎം ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ പാരിവേന്ദറിന്റെ ഇന്ത്യൻ ജനനായക കക്ഷിയും ഈ മുന്നണിയുടെ ഭാഗമാകുമെന്നാണു സൂചന. 2016ൽ ബിജെപിക്കൊപ്പമായിരുന്ന പാർട്ടി 2019ൽ ഡിഎംകെ മുന്നണിയിലായിരുന്നു. ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച പാരിവേന്ദർ, പെരമ്പലൂരിൽ നിന്നുള്ള എംപിയാണ്. സീറ്റു വിഭജനത്തിൽ ഡിഎംകെയുമായി ഇനിയും ധാരണയിലെത്താത്ത കോൺഗ്രസിനെ കമൽഹാസൻ മുന്നണിയിലേക്കു ക്ഷണിച്ചു കഴിഞ്ഞു. അണ്ണാഡിഎംകെയിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കിൽ വിജയകാന്തിന്റെ ഡിഎംഡികെയും കമലിനൊപ്പം ചേർന്നേക്കും. അങ്ങനെയെങ്കിൽ, പലരുടെയും അത്താഴം മുടക്കാൻ ശേഷിയുള്ള ശക്തിയായി മൂന്നാം മുന്നണി മാറും.

പിഎംകെ പ്രേമത്തിന് പിന്നിൽ?

ബിജെപി, ഡിഎംഡികെ പാർട്ടികളോട് തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം മാത്രം സീറ്റു വിഭജന ചർച്ച തുടങ്ങിയ അണ്ണാഡിഎംകെ, പിഎംകെയോടു മാസങ്ങൾക്കു മുൻപേ വിലപേശൽ തുടങ്ങി. അതീവ പിന്നാക്ക വിഭാഗത്തിൽ വണ്ണിയർ സമുദായത്തിനു 10% പ്രത്യേക സംവരണമെന്ന പിഎംകെയുടെ ദീർഘകാല ആവശ്യം അംഗീകരിച്ച് ഉത്തരവിറക്കിയത് തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിന് അര മണിക്കൂർ മുൻപാണ്. പിഎംകെയോട് അണ്ണാഡിഎംകെയ്ക്ക് എന്താണിത്ര സ്നേഹം?

വണ്ണിയർ പാർട്ടിയായ പിഎംകെയ്ക്കു വടക്കൻ തമിഴ്നാട്ടിലും സേലമുൾപ്പെടെ ചില പടിഞ്ഞാറൻ ജില്ലകളിലും ഉറപ്പായ വോട്ടുബാങ്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്ക് സംസ്ഥാനത്താകെ 5.3% വോട്ടു കിട്ടിയിരുന്നു. അവർ 25 ശതമാനത്തിലേറെ വോട്ടു നേടിയ മണ്ഡലങ്ങളിൽ, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ സ്വന്തം മണ്ഡലമായ എടപ്പാടിയുമുണ്ട്! ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് സർക്കാരിനു ജീവന്മരണ പോരാട്ടമായിരുന്നു. 9 സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ സർക്കാർ നിലംപൊത്തുമെന്ന അവസ്ഥ. ലോക്സഭയിലേക്ക് ഒന്നൊഴികെ എല്ലാ സീറ്റിലും തോറ്റെങ്കിലും 9 നിയമസഭാ മണ്ഡലങ്ങൾ ജയിച്ച് സർക്കാരിനെ നിലനിർത്താൻ എടപ്പാടിക്കായി. പിഎംകെയ്ക്കു നിർണായക സ്വാധീനമുള്ള വടക്കൻ മേഖലയിലാണ് ജയിച്ച സീറ്റുകളിലധികവും. സ്വാധീനമേഖലയിൽ ശക്തമായ സംഘടനാ സംവിധാനമുള്ള പിഎംകെ, സഖ്യകക്ഷികൾക്കു വോട്ടു കൈമാറുന്നതിലും മികച്ച ട്രാക്ക് റെക്കോർഡുള്ള പാർട്ടിയാണ്. വടക്കൻ തമിഴ്നാട് പൊതുവേ, ഡിഎംകെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഈ മേഖലയിൽ ഡിഎംകെയുടെ പടയോട്ടം തടയാൻ പിഎംകെ വേണമെന്നത് അവരെ അണ്ണാഡിഎംകെ സഖ്യത്തിലെ അനിവാര്യരാക്കുന്നു.

വേരുറപ്പിക്കാൻ ബിജെപി; വേരറ്റ് വാടാതിരിക്കാൻ‌ കോൺഗ്രസ്

അണ്ണാഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപിയും ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസും മുൻപെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇത്തവണ തമിഴ്നാട് തിരഞ്ഞെടുപ്പിനു നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടെത്തി ബിജെപിയുടെ പട നയിക്കുമ്പോൾ, റോഡ് ഷോയിലൂടെയും ജനകീയ സംവാദങ്ങളിലൂടെയും രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മുഖമായി മാറിക്കഴിഞ്ഞു. മൂന്നു മാസത്തിനിടയിലെ നാലാമത്തെ തമിഴ്നാട് സന്ദർശനത്തിനാണു രാഹുൽ ഇന്നലെ തുടക്കമിട്ടത്. അമിത് ഷായാകട്ടെ, രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തേതിനും.

തമിഴ്നാട്ടിൽ കോൺഗ്രസിന് ഇത്തവണ അതിജീവന പോരാട്ടമാണ്. കഴിഞ്ഞതവണ 41 സീറ്റ് നൽകിയ ഡിഎംകെ ഇക്കുറി പരമാവധി 25 സീറ്റ് വരെയാണു വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രകടനമല്ലെങ്കിൽ എടുക്കാച്ചരക്കായി മാറുമെന്ന ആശങ്കയാണ് അരയും തലയും മുറുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. പാർട്ടിക്കു സംഘടനാശേഷി കൂടുതലുള്ള കന്യാകുമാരി, തിരുനൽവേലി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും കരൂർ, കോയമ്പത്തൂർ എന്നിവയുൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലും കൂടുതൽ സീറ്റ് നേടാനാണു ശ്രമം.

‘ഹിന്ദി പാർട്ടിയെന്ന’ ദുഷ്പേരു മാറ്റി തമിഴകത്തു വേരുറപ്പിക്കാൻ ബിജെപി ശ്രമം തുടങ്ങിയിട്ടു കാലമേറെയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കിട്ടാവുന്ന വേദികളിലെല്ലാം തിരുക്കുറൾ ഉദ്ധരിക്കുന്നതുപോലും തിരഞ്ഞെടുപ്പു പദ്ധതികളുടെ ഭാഗമാണെന്ന വിലയിരുത്തലുണ്ട്. ‘വേൽ യാത്ര’ ഉൾപ്പെടെ തീവ്രഹിന്ദുത്വ തന്ത്രങ്ങളും പാർട്ടി പയറ്റുന്നു. 15 സീറ്റു വരെയാണ് അണ്ണാഡിഎംകെ ബിജെപിക്കു വാഗ്ദാനം ചെയ്യുന്നത്. 

കഴിഞ്ഞതവണ ഒറ്റയ്ക്കു മത്സരിച്ചപ്പോൾ 3 ശതമാനത്തിൽ താഴെ മാത്രം വോട്ടു കിട്ടിയ പാർട്ടിക്കു കൂടുതൽ സീറ്റു നൽകാനാവില്ലെന്നാണു വാദം. എങ്കിലും, കേന്ദ്ര ഭരണത്തിന്റെ സ്വാധീനം കൂടി ഉപയോഗപ്പെടുത്തി പരമാവധി സീറ്റുകൾ നേടാൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസിനെപ്പോലെ തെക്ക്, പടിഞ്ഞാറ് ജില്ലകളാണു ബിജെപിയുടെയും സ്വാധീന കേന്ദ്രങ്ങൾ. 

തമിഴകത്തെ ഏറ്റവും വലിയ ദേശീയ കക്ഷി എന്ന കോൺഗ്രസിന്റെ പദവിക്കു ബിജെപി വെല്ലുവിളിയുയർത്തുമോ എന്ന ചോദ്യത്തിനു കൂടി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഉത്തരം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com