കോവിഡ്: നമുക്കു തുണയായി പ്രതിരോധശക്തി; യുഎസ് നൽകുന്ന പാഠം

image
SHARE

യുഎസിലെയും ഇന്ത്യയിലെയും കോവിഡ് കണക്കുകൾ താരതമ്യം ചെയ്താൽ യുക്തിക്കും അപ്പുറത്താണ് നമ്മളെത്തുക. 32.8 കോടി ജനങ്ങളുള്ള യുഎസിൽ ആകെ 2.9 കോടി കോവിഡ് ബാധിതർ, 5,33,636 മരണങ്ങൾ. 130 കോടി ഇന്ത്യൻ ജനതയിൽ കോവിഡ് ബാധിതർ 1.1 കോടിയും മരിച്ചത് 1,57,584 ആൾക്കാരും. ഇപ്പോൾ ഒരു ദിവസം ഇന്ത്യയിൽ മരിക്കുന്നത് 104 പേരാണെങ്കിൽ യുഎസിൽ അത് 1777 ആണ്. പണവും സൗകര്യവുമുള്ള ഇന്ത്യക്കാർ ഏറ്റവും ആധുനിക ചികിത്സ തേടി പോകുന്ന രാജ്യമാണ് യുഎസ്. 

വൈറസിന്റെ തീക്ഷ്ണതയോ അത് ഉളവാക്കുന്ന ഫിസിയോളജി പ്രശ്നങ്ങളോ ചികിത്സയുടെ ലഭ്യതക്കുറവോ അല്ല ഈ വൻ വ്യത്യാസത്തിനു പിറകിൽ എന്നത് ആശ്ചര്യജനകമാണ്. ജനത്തിന്റെ പെരുമാറ്റങ്ങളും ചിന്താശീലങ്ങളും ഭരണകൂടത്തിന്റെ സ്വാധീനവുമൊക്കെ നിശ്ചയിക്കുന്നു, ആരൊക്കെ മരിക്കണമെന്ന്!

കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ താഴോട്ടു പതിച്ചത് ലോകത്തെ പല സാംക്രമികരോഗ ശാസ്ത്രജ്ഞരെയും (epidemiologists) സാമൂഹിക നിരീക്ഷകരെയും വിസ്മയിപ്പിച്ചിരിക്കുന്നു. ഈ ജനുവരിയിൽ ഒരു ദിവസം 9100 കേസുകളേ കണക്കിലുള്ളൂ; 130 കോടി ആളുകളുള്ള രാജ്യത്ത് ഇതൊരു ചെറിയ ശതമാനമാണ്. സെപ്റ്റംബറിൽ 1290 പേർ ഒരു ദിവസം മരിച്ചെങ്കിൽ ഇപ്പോഴത് നൂറോളമേ ഉള്ളൂ. ഇതെങ്ങനെ സാധിച്ചു? ‘ഇതൊരു മില്യൻ ഡോളർ ചോദ്യമാണ്’ – യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിലെ ആരോഗ്യവകുപ്പ് ശാസ്ത്രജ്ഞൻ ജെനീവി ഫെർണാണ്ടസ് സമർഥിക്കുന്നു. 

മറ്റു പല രാജ്യങ്ങളും രണ്ടും മൂന്നും കോവിഡ് വേലിയേറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഇന്ത്യയിൽ മാസ്ക് ധാരണം കർശനമാണെന്നത് രോഗം കുറയാനുള്ള ഒരു കാരണമായേക്കാം. ഈർപ്പവും ചൂടും കൊറോണ വൈറസിനെ തളർത്തിയേക്കാം, വായുവിൽ തങ്ങിനിൽക്കാതെ വൈറസുകൾ പെട്ടെന്നു താഴേക്കു നിപതിച്ചേക്കാം എന്നൊക്കെ പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ എലിസബത്ത് മക്ഗ്രോ നിരീക്ഷിക്കുന്നു. 

പല അസുഖങ്ങളും, വൈറസ് രോഗങ്ങൾ ഉൾപ്പെടെ, – മലേറിയ, ഡെങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് - വന്നുകയറിയ ശരീരമാണ് ശരാശരി ഇന്ത്യക്കാരന്റേത്. അതുകൊണ്ടു തന്നെ നല്ല പ്രതിരോധശക്തിയുള്ളവരാണ് ഇന്ത്യയിലുള്ളതെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇതുപോലെ പല രോഗങ്ങളും വ്യാപിച്ചുമറയുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറവാണ്. 

മാത്രമല്ല, മറ്റു രാജ്യങ്ങളിൽ 65 കഴിഞ്ഞവരാണ് ഏറ്റവും കൂടുതൽ മരിക്കുന്നത്, ഇന്ത്യയിൽ അതു വളരെക്കുറവും. ഇന്ത്യയിൽ 65 കഴിഞ്ഞവർ 6 ശതമാനമേയുള്ളൂ. ഇന്ത്യയിലെ കോവിഡ് ബാധിതരെക്കുറിച്ചു സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം – 85,000 കോവിഡ് ബാധിതരുടെ കണക്കെടുപ്പിൽനിന്ന് - 65 കഴിഞ്ഞവരിൽ മരണനിരക്കു കുറയുകയാണ്. ആ പ്രായം കഴിഞ്ഞവർ കൂടുതൽ പ്രതിരോധശക്തിയുള്ളവരാണെന്നും അതുകൊണ്ടാണ് 65 കഴിഞ്ഞും ജീവിച്ചിരിക്കുന്നതെന്നുമാണു നിഗമനം. മറ്റു രാജ്യങ്ങളിൽ - യൂറോപ്പിലും അമേരിക്കയിലും - 65 കഴിഞ്ഞവരുടെ എണ്ണം കൂടുതലാണ്.

സമൂഹത്തിന്റെ സ്വഭാവം ഗണ്യമായും നിർണായകമായും രോഗപ്പകർച്ചയെയും മരണനിരക്കിനെയും ബാധിക്കുന്നുവെന്നാണ് യുഎസിന്റെ അനുഭവം തെളിയിക്കുന്നത്. കേരളത്തിൽ ഈയിടെ നടന്ന ‘സ്ഫോടനാത്മകമായ’ പകർച്ചാവർധന പ്രധാനമായും നമ്മുടെ ആത്മവിശ്വാസത്തിൽ വന്ന തെറ്റായ മാറ്റമാണ്. കേസുകൾ കൂടിയെങ്കിലും മരണനിരക്കു മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വർധിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കണം. യുഎസിൽ ക്രിസ്മസ്, ന്യൂ ഇയർ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധ വന്നതും മരണങ്ങൾ സംഭവിച്ചതും. നിർദേശങ്ങൾ വകവയ്ക്കാതെ യാത്ര ചെയ്തതും വീടുകളിലും മറ്റും തടിച്ചുകൂടിയതും കാരണങ്ങളായി. ഇന്ത്യയിൽ അങ്ങനെയൊന്നു സംഭവിച്ചില്ല. 

പുതിയ ഭരണം വന്നതോടെ യുഎസിൽ നിയമങ്ങൾ കർശനമാക്കിയത് രോഗപ്പകർച്ചയുടെ തോത് ഗണ്യമായി കുറച്ചിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിലും യാത്രാവാഹനങ്ങളിലും മാസ്ക്കും അകലം പാലിക്കലും നിർബന്ധമാക്കി. ഇപ്പോൾ വാക്സീൻ വിതരണവും ഊർജസ്വലമായി പുരോഗമിക്കുകയാണ്. 65 വയസ്സ് കഴിഞ്ഞവർക്കു മാത്രമേ ഇപ്പോൾ വാക്സീൻ നൽകുന്നുള്ളൂ. ഏറെക്കുറെ എല്ലാ ആശുപത്രി ജീവനക്കാർക്കും നൽകിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തിനും ആഴ്ചതോറും 14 മില്യൻ വാക്സീൻ ഡോസുകൾ കൊടുക്കാനാണു തീരുമാനം. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികൾ 13 കോടി ആൾക്കാർക്കുള്ള ഡോസുകൾ ഉടൻ നിർമിച്ചിറക്കാൻ പോകുകയുമാണ്. 

വ്യക്തിയുടെ തീരുമാനങ്ങളും ബുദ്ധിപൂർവമുള്ള പ്രവൃത്തികളും സമൂഹത്തിന്റേത് ആകുന്നതിന്റെയും അതു മഹാമാരിയിൽനിന്നു രക്ഷപ്പെടാനോ അതിനടിമപ്പെടാനോ ഉള്ള മാർഗമാകുന്നതിന്റെയും ഉദാഹരണമാണ് യുഎസ് ലോകത്തിനു നൽകിയിരിക്കുന്നത്. പക്ഷേ, അതു ലക്ഷക്കണക്കിനു ജീവനുകൾ അപഹരിച്ചുകൊണ്ടു നിർമിച്ചെടുത്ത ഉദാഹരണമായിപ്പോയി. സ്വതവേ ആർജിച്ചെടുത്ത ശാരീരിക – മാനസിക പ്രതിരോധശക്തി ഇന്ത്യക്കാരെ തുണയ്ക്കുന്നു എന്നതു സത്യം. 

(എഴുത്തുകാരനും യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ മുൻ ജനിതക ശാസ്ത്ര ഗവേഷകനുമാണ് ലേഖകൻ)

English Summary: Covid comparison india and usa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA