ADVERTISEMENT

കോടിയേരി സഖാവ് തന്നോടു മാപ്പു പറയണമെന്നു നമ്മുടെ രമേശ് ചെന്നിത്തല പറയുന്നതിൽ അൽപസ്വൽപം കാര്യമില്ലാതില്ല. അതുപോലുള്ള കീറല്ലേ അന്നു കോടിയേരി നടത്തിയത്. സ്വപ്ന സുരേഷ് വക ഐഫോൺ സമ്മാനം ചെന്നിത്തല വാങ്ങിയെന്നായിരുന്നു സഖാവിന്റെ കണ്ണിൽച്ചോരയില്ലാത്ത ആരോപണം. തങ്ങൾക്കെതിരെ നടത്തിയ ആരോപണങ്ങൾ തിരിച്ചടിക്കുകയാണെന്നു സ്ഥാപിച്ചു കോടിയേരി പറഞ്ഞു– കൊടുത്താൽ കൊല്ലത്തും കിട്ടും. 

ലൈഫ് മിഷനിൽ കോഴയിടപാടിന്റെ ഗന്ധമുള്ള ഫോണിനെച്ചൊല്ലി പിന്നെ ചെന്നിത്തലയെ സഖാക്കൾ കൊത്തിപ്പറിച്ചു. സമൂഹമാധ്യമ പോരാളികളാണെങ്കിൽ തലങ്ങും വിലങ്ങും അദ്ദേഹത്തെ വലിച്ചുകീറി. ഒടുവിൽ ഇപ്പോഴാണ് പൂച്ച പുറത്തായത്. ആ ഫോൺ മറ്റെവിടെയും ആയിരുന്നില്ല, സഖാവിന്റെ ഭാര്യയുടെ പക്കൽ തന്നെ ആയിരുന്നു. സ്വപ്ന കോൺസുലേറ്റ് മേലാളനു നൽകിയ ഫോൺ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ കോടിയേരി സഖാവിന്റെ വീട്ടിൽ! ഇപ്പോഴെങ്കിലും സഖാവിന് ഉറപ്പായിട്ടുണ്ട്, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്. ഇനി ഒന്നേ ചെയ്യാനുള്ളൂ. സ്വപ്നയുടെ മൊഴി പുറത്താക്കിയതിന് കസ്റ്റംസ് ഓഫിസുകളിലേക്കു മാർച്ചു ചെയ്തതു പോലെ സഖാക്കളെയെല്ലാം തടുത്തുകൂട്ടി ഐ ഫോൺ ഷോറൂമുകളിലേക്കും മാർച്ചു നടത്താം, വീറോടെ.

കൊണ്ടുനടന്നതും നീയേ..

ഇതിലും ഭേദം ഒട്ടകത്തിനു കൂടാരത്തിൽ ഇടം നൽകുന്നതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടാകണം. കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിലേക്കു ക്ഷണിച്ചു കൂട്ടിക്കൊണ്ടു വന്നതു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ആനയും അമ്പാരിയും താലപ്പൊലിയും ഉണ്ടായിരുന്നില്ലെന്നേയുള്ളൂ. അതൊഴിച്ചാൽ ഗംഭീരമായിരുന്നു സ്വീകരണം. കസ്റ്റംസ്, ഇഡി, നർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഐഎ, ഇൻകം ടാക്സ് തുടങ്ങി പറഞ്ഞു കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഏജൻസികളുടെ തേർവാഴ്ചയായിരുന്നു പിന്നെ കുറെക്കാലമായി നാട്ടിൽ.

കുറെനാൾ കേരളത്തിലെ കാലാവസ്ഥ ആസ്വദിച്ചും കൊഞ്ചും കരിമീനും കശുവണ്ടിയും കഴിച്ചും അവർ വന്ന വഴിയേ തിരിച്ചുപോകുമെന്നാണു പിണറായി സഖാവു കരുതിയത്. എന്നാൽ, കൊത്തിക്കൊത്തി അവർ മുറത്തിൽ കയറിക്കൊത്തുമെന്നു വിചാരിച്ചില്ല. ഡോളർ കടത്തിനു പ്രേരിപ്പിച്ചതു മുഖ്യമന്ത്രിയും സ്പീക്കറുമാണെന്നു സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്തുവന്നതോടെ മന്ത്രിസഭയിൽ ആരുടെയൊക്കെയോ വാലിനു തീപിടിച്ച മട്ടാണ്. 

സ്വപ്നയുടെ മൊഴി പുറത്തായതിനു പിന്നാലെ കസ്റ്റംസ് ഓഫിസുകളിലേക്കു സിപിഎം മാർച്ച് നടത്തിയത് എന്തുകൊണ്ടും നന്നായി. തെറിക്കുത്തരം മുറിപ്പത്തൽ എന്നതും ഒരു  ന്യായം തന്നെയാണല്ലോ. മടിയിൽ കനമില്ലാത്തവർക്കു വഴിയിൽ‍ ഭയക്കേണ്ടതില്ല എന്ന പതിവു പ്രയോഗം പല നേതാക്കളും ഇപ്പോൾ മറന്ന മട്ടാണ്. മറന്നതല്ല, മടിയിൽ കനമുള്ളതാണു കാര്യമെന്നും പറഞ്ഞു കേൾക്കുന്നു.

ഡോളർ കടത്തിന്റെ കാര്യം പോട്ടെ. ഇഡി കിഫ്ബിയെയും കയറിപ്പിടിച്ചിരിക്കുകയാണ്. ഇതു മറ്റാരു സഹിച്ചാലും ഐസക് സഖാവു സഹിക്കില്ല. ഇഡിയല്ല, സാക്ഷാൽ ഇടി വന്നാലും തടയുമെന്ന വാശിയിലാണു സഖാവ്. കേരള ബജറ്റിനെക്കുറിച്ചും കിഫ്ബിയെക്കുറിച്ചും എന്തോ പറഞ്ഞു പോയതിന്റെ പേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഐസക് സഖാവ് ഇനിയൊന്നും പറയാൻ ബാക്കിവച്ചിട്ടില്ല. അവർക്കു ബജറ്റിനെക്കുറിച്ചും കിഫ്ബിയെക്കുറിച്ചും ചുക്കും ചുണ്ണാമ്പുമറിയില്ലെന്നു സഖാവു സ്ഥാപിച്ചതു പ്രാമാണിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെയാണ്.

കേന്ദ്ര ഏജൻസികൾ ഒരു കാര്യം മനസ്സിലാക്കിയാൽ അവർ‍ക്കു നന്ന്. ഇതു കേരളമാണ്. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും നാട്. പുന്നപ്രയുടെയും വയലാറിന്റെയും നാട്. ആ പരിപ്പൊന്നും ഇവിടെ വേവില്ല. പരിപ്പു വേവിക്കാൻ വച്ച വെള്ളം വാങ്ങിവച്ചാൽ മതി. പക്ഷേ, അവർ കൊണ്ടുവരുന്നതു വേവുന്ന പരിപ്പാണെങ്കിലോ?

ഓ, ഓർമവരുന്നുണ്ട് !

പ്രഗൽഭ ന്യൂറോളജിസ്റ്റ് ഡോ.രമേശ് ചെന്നിത്തലയുടെ മറവിരോഗ ചികിത്സ അൽപാൽപം ഫലം കാണാൻ തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഓർമ കുറേശെയായി തിരിച്ചുകിട്ടിയ ലക്ഷണമാണ്. ഇഎംസിസിയെക്കുറിച്ചോ ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ചോ ഒന്നും ഓർമയില്ലെന്നു പറഞ്ഞ മന്ത്രിക്ക് ഇപ്പോൾ ചിലതെല്ലാം ഓർമയിൽ തെളിയാൻ തുടങ്ങിയിട്ടുണ്ട്. ഇഎംസിസിയെന്നു പറഞ്ഞപ്പോൾ അതു ഗൾഫിലെ മലയാളി സംഘടനയല്ലേ എന്നു ചോദിച്ചിരുന്ന മന്ത്രിക്ക് ഇപ്പോൾ അതൊരു  കമ്പനിയാണെന്നും അവരുമായി ചില ഇടപാടുകൾ‍ നടത്താൻ പരിപാടി ഉണ്ടായിരുന്നുവെന്നും മങ്ങിയ ഒരു തോന്നൽ ഉണ്ടാകുന്നുണ്ട്. ഇതു സംബന്ധിച്ച ഫയൽ 2 തവണ താൻ കണ്ടതായും മനസ്സിൽ അവ്യക്തമായെങ്കിലും തെളിയുന്നുണ്ട്.

ഡോ. രമേശ് കണ്ടുപിടിച്ച മറവി പ്രതിരോധ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ മേഴ്സിക്കുട്ടിയമ്മയുടെ കാര്യത്തിൽ ഇത്രയും പുരോഗതി ഉണ്ടായെങ്കിൽ രണ്ടാമത്തെ ഡോസ് വാക്സീൻ കൂടി സ്വീകരിക്കുന്നതോടെ ഓർമ പൂർണമായും തിരിച്ചുകിട്ടാനാണു സാധ്യത. 

എന്നാൽ ഈ മരുന്ന് എല്ലാവരിലും ഒരുപോലെ വിജയമല്ലെന്നാണു ഗവേഷകർ പറയുന്നത്. മേഴ്സിക്കുട്ടിയമ്മയ്ക്കു മെല്ലെമെല്ലെയാണെങ്കിലും ഓർമകൾ തിരിച്ചുകിട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയിലും മന്ത്രി ഇ.പി.ജയരാജനിലും മരുന്നു പരീക്ഷണം വിജയിക്കുന്നതിന്റെ  സൂചന കാണുന്നില്ല. അവരുടെ ഓർമകൾ ഇപ്പോഴും പൊടിയും മാറാലയും പിടിച്ചു കിടപ്പാണ്.

പോരാത്തതിനു രോഗം മന്ത്രിമാരല്ലാത്തവരിലേക്കും പകരാൻ തുടങ്ങിയിട്ടുണ്ടത്രെ. മന്ത്രിമാർക്ക് രോഗസാധ്യത കൂടുതലാകുന്നതു സ്വാഭാവികം. കാക്കത്തൊള്ളായിരം കാര്യങ്ങളാണ് അവർ കൈകാര്യം ചെയ്യുന്നത്. അതു മുഴുവൻ സൂക്ഷിച്ചുവയ്ക്കാനുള്ള മെമ്മറിയൊന്നും ഒരു മന്ത്രിക്കും ഉണ്ടാവില്ല. എന്നാൽ പണ്ഡിത കേസരിയും വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അപാരസാഗരം താണ്ടിയ വീരനുമായ എം.വി.ഗോവിന്ദൻ മാഷുടെ കാര്യം അങ്ങനെയാണോ?

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടില്ലെന്നാണു മാഷ് പറയുന്നത്. മറവി രോഗം ഉണ്ടെങ്കിലും പിണറായി സഖാവും പി.ജയരാജൻ സഖാവും ഇക്കാര്യം മറന്നിട്ടില്ല. അതോ ഇനിയിപ്പോൾ മാഷെ അറിയിക്കാതെയായിരുന്നോ ചർച്ച? അതിനു വഴിയില്ല. അദ്ദേഹം അറിയാതെ കണ്ണൂരിലും പാർട്ടിയിലും ഈച്ച പോലും പറക്കില്ലെന്നാണു കാര്യവിവരമുള്ളവർ പറയുന്നത്. കളി മാഷല്ലേ, കളി പറഞ്ഞതായിരിക്കും.

അസാധ്യം, അതിസൂക്ഷ്മം ഈ പിളർപ്പുകൾ..!

കേരളത്തിൽ‍ അണുസംയോജനവും അണുവിസ്ഫോടനവും അനുദിനം നടക്കുകയാണ്. ആണവകേന്ദ്രം ഇല്ലാത്ത കേരളത്തിലോ എന്നു ചിലർ സംശയം ചോദിച്ചേക്കാം. അവർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രത്താളുകൾ ഒന്നു പരതിയാൽ മതി. പിന്നെ ഇത്തരം ബാലിശമായ സംശയങ്ങളൊന്നും ഉന്നയിക്കില്ല.

രാഷ്ട്രീയ പാർട്ടികളിലാണ് ‌ആണവസംയോജനവും വിസ്ഫോടനവും നടക്കുന്നത്. മുഞ്ഞബാധ, മടവീഴ്ച തുടങ്ങിയ അത്യാഹിതങ്ങൾ മിക്ക പാർട്ടികളെയും ‍ബാധിച്ചു കഴിഞ്ഞു. ചില പാർ‍ട്ടികളിൽ‍ മണ്ഡരിയും വേരു ചീയലുമാണ്. അമീബ സിൻഡ്രമാണു മറ്റു ചില പാർട്ടികൾക്കു വന്ന രോഗം.

ഈർക്കിൽ പാർട്ടികൾ പിളരുന്നതു മനസ്സിലാക്കാം. പിളരാൻ ഒരു ഈർക്കിലെങ്കിലും ഉണ്ടല്ലോ? നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റാത്ത പാർട്ടികൾ പിളരുന്നതും ലയിക്കുന്നതും കണ്ടും കേട്ടും ജനം അന്തംവിട്ടിരിപ്പാണ്. നിങ്ങൾ ഈശ്വരനിൽ വിശ്വസിക്കുന്നത് അദ്ദേഹത്തെ കണ്ടിട്ടാണോ എന്ന ചോദ്യമാണു ജനത്തോട് ഈ പാർട്ടികളുടെ നേതാക്കൾ ചോദിക്കുന്നത്. തികച്ചും ന്യായമായ ചോദ്യം. ചൊവ്വ, ബുധൻ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളിൽ ഒട്ടേറെ യൂണിറ്റുകളും നിർണായക സ്വാധീനവും ഉള്ളതാണെന്നു ജനത്തിന് അറിയില്ലല്ലോ?

സ്റ്റോപ് പ്രസ്: രാഹുൽ ഗാന്ധി കടലിൽ ചാടിയതു കൊണ്ടു നേട്ടം കടകംപള്ളിക്കെന്ന് മുഖ്യമന്ത്രി.

രാഹുലിനെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ആക്കുന്ന ലക്ഷണമുണ്ട്.

Content Highlight:  Aazhchakurippukal, Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com