ADVERTISEMENT

പരീക്ഷകളുടെ ആസൂത്രണം 

കുറച്ചുകൂടി സൂക്ഷ്മതയോടും ദീർഘദൃഷ്ടിയോടും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് തീയതികൾ കഴിഞ്ഞമാസം 26നാണു പ്രഖ്യാപിച്ചത്. മാർച്ച് 17 മുതൽ 30 വരെ എന്ന പരീക്ഷാ സമയക്രമം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന്  കരുതുന്നുവെങ്കിൽ ഉടൻ തന്നെ അക്കാര്യം ചർച്ചചെയ്ത് പുതിയ തീയതികൾ പ്രഖ്യാപിക്കേണ്ടതായിരുന്നു...

തിരഞ്ഞെടുപ്പു ജോലിയുള്ളതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചില അധ്യാപക സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നതു വിചിത്രമായി തോന്നുന്നു. അധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണന നൽകേണ്ടത് ഏതിനാണെന്ന ചോദ്യം ഇവിടെ ഉയരുന്നു. പരീക്ഷയുടെയും തിരഞ്ഞെടുപ്പിന്റെയും തീയതികൾ തമ്മിൽ പ്രശ്നമുണ്ടെങ്കിൽ, ആത്യന്തികമായ പ്രതിബദ്ധത വിദ്യാഭ്യാസത്തോടാണെന്നിരിക്കെ, തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണം എന്നൊരു നിവേദനം അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായാൽ ഇത്രയും വൈചിത്ര്യം ഉണ്ടാകുമായിരുന്നില്ല!

അധ്യാപകരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചു പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, പരീക്ഷ ഏറ്റവുമധികം സമ്മർദം സൃഷ്ടിക്കുന്ന വിദ്യാർഥികളുടെ അവസ്ഥ കൂടി പരിഗണിക്കണം. മോഡൽ പരീക്ഷകളുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം ഒരു തുടർച്ചയുടെ ഭാഗമായി, വിദ്യാർഥികളുടെ സമ്മർദം ലഘൂകരിച്ച് പൊതുപരീക്ഷകളിലേക്കു പ്രവേശിക്കാൻ അവസരമൊരുക്കുക എന്നതാണ്. എല്ലാ തിരഞ്ഞെടുപ്പുകളുടെയും അന്നു രാവിലെ പോളിങ് ഓഫിസർമാരായ അധ്യാപകർ ചെയ്യുന്ന സുപ്രധാന ജോലി മോക്ക് പോൾ എന്ന പ്രക്രിയയാണ്. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പുകളുടെ അന്നു രാവിലെ തന്നെ മോക്ക് പോൾ നടത്തുന്നത്? വോട്ടെടുപ്പിന് ഒരാഴ്ച മുൻപു നടത്തിക്കൂടേ?

മാതൃകകളുടെ അല്ലെങ്കിൽ മോഡലുകളുടെ ധർമം എന്തെന്നറിയുന്ന ഏതൊരാൾക്കും കാര്യം മനസ്സിലാകും. ഏതു സുപ്രധാന പ്രവൃത്തി നാം ഏറ്റെടുക്കുമ്പോഴും അത് എങ്ങനെ നടപ്പാക്കണം എന്നതുപോലെ തന്നെ പ്രധാനമാണ് അതു നടപ്പാക്കപ്പെടുന്ന സാഹചര്യങ്ങളും. മാതൃകയും യഥാർഥ പ്രവൃത്തിയും തമ്മിലുള്ള ഇടവേള പ്രധാനമാണ്. ‘മാതൃക’ നടന്നുകഴിഞ്ഞാൽ അതിന് ഏറ്റവും അടുത്ത സമയത്തുതന്നെ യഥാർഥ പ്രവൃത്തിയും നടത്തുന്നതാണ് ഉചിതം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരിക്കലും വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് മോക്ക് പോളുകൾ അനുവദിക്കില്ല എന്നിരിക്കെ, മോഡൽ പരീക്ഷകൾക്കു തൊട്ടുപിന്നാലെ നടക്കേണ്ട പൊതുപരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ അധ്യാപകരുടെ പ്രഫഷനൽ മൂല്യങ്ങളും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അധ്യാപകരുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കാൾ പരിഗണിക്കേണ്ടത്, പരീക്ഷ മാറ്റിവയ്ക്കൽ വിദ്യാർഥികളെ എങ്ങനെ ബാധിക്കും എന്നതാണ്. ഒരുപക്ഷേ, പരീക്ഷകൾ മാറ്റിയെന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്കു താൽക്കാലിക ആശ്വാസം ഉണ്ടായേക്കാമെങ്കിലും ഈ നീട്ടിവയ്ക്കൽ കൊണ്ട് അവരുടെ പഠനകാര്യങ്ങളിൽ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നു കരുതാൻ വയ്യ. വിദ്യാർഥികൾ അവരുടെ പഠനനേട്ടങ്ങൾ കൈവരിക്കുന്നത് മാനസികശേഷിയുടെയും ചുറ്റുപാടുകളുടെയും സഹായത്താലാണ്. പരീക്ഷ നീട്ടിവയ്ക്കൽ എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ബാധകമാണ്. പക്ഷേ, ഇങ്ങനെ ലഭിക്കുന്ന അധിക സമയംകൊണ്ട് പഠനത്തിൽ മുന്നേറുന്നത് അത്രയും നിശ്ചയദാർഢ്യമുള്ള വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമാകും. ഭൂരിപക്ഷം വിദ്യാർഥികളും നീണ്ടകാലം പരീക്ഷാസമ്മർദം അനുഭവിക്കാൻ വിധിക്കപ്പെടും.

പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പ്രകടനം വിദ്യാർഥികളുടെ ഉപരിപഠനത്തിനു നിർണായകമാണെന്നിരിക്കെ, വലിയ പ്രാധാന്യമാണ്, ഒരുപക്ഷേ അമിത പ്രാധാന്യമാണ്, നമ്മുടെ സമൂഹം ഈ പരീക്ഷകൾക്കു നൽകുന്നത്. ഈ തിരിച്ചറിവു തന്നെ വിദ്യാർഥികളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നു. പരീക്ഷയ്ക്കായുള്ള തയാറെടുപ്പു കാലത്താണ് ഈ സമ്മർദത്തിന്റെ മൂർധന്യാവസ്ഥയിൽ വിദ്യാർഥികൾ എത്തുന്നത്. കൊറോണയെ സംബന്ധിച്ചു നാം പറയാറുള്ളത് ‘ഈ കാലവും കഴിഞ്ഞു പോകും’ എന്നാണല്ലോ. അതുപോലെ പരീക്ഷയുടെ ഈ സമ്മർദകാലം കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ് പത്തിലെയും പന്ത്രണ്ടിലെയും വിദ്യാർഥികൾ.

പരീക്ഷകളുടെ ആസൂത്രണം കുറച്ചുകൂടി സൂക്ഷ്മതയോടും ദീർഘദൃഷ്ടിയോടും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പു തീയതികൾ കഴിഞ്ഞമാസം 26നാണു പ്രഖ്യാപിച്ചത്. മാർച്ച് 17 മുതൽ 30 വരെ എന്ന പരീക്ഷാ സമയക്രമം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നു കരുതുന്നുവെങ്കിൽ ഉടൻ തന്നെ അക്കാര്യം ചർച്ചചെയ്തു പുതിയ തീയതികൾ പ്രഖ്യാപിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ച് രണ്ടാഴ്ച ആകാറായിട്ടും അനിശ്ചിതത്വം തുടരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയ്ക്കു തെളിവാണ്.

സമ്മർദത്തിന്റെ കാലഘട്ടം പെട്ടെന്നു താണ്ടാനുള്ള സഹായങ്ങളും സഹകരണങ്ങളുമാണ് ഉത്തരവാദപ്പെട്ടവരിൽനിന്നു സമൂഹം, പ്രത്യേകിച്ചു കുട്ടികൾ പ്രതീക്ഷിക്കുന്നത്

(കേരള കേന്ദ്ര സർവകലാശാല എജ്യുക്കേഷൻ വിഭാഗം മേധാവിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com