പരീക്ഷിക്കരുത്, കുട്ടികളെ

SHARE

ഏതു പരീക്ഷയിലും അതെഴുതുന്നവരുടെ മനസ്സിനെക്കുറിച്ചുള്ള ചിന്ത പ്രധാനമാണ്. പരീക്ഷനടത്തിപ്പുകാർ ഏറ്റവുമാദ്യം തിരിച്ചറിയേണ്ടതും ഇതുതന്നെ. എന്നിട്ടും, എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പൊതുപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചതിനു ശേഷം തിരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് കുട്ടികളെ അനിശ്ചിതത്വത്തിലേക്കു സർക്കാർ തള്ളിവിടുന്നതു ക്രൂരതയിൽ കുറഞ്ഞൊന്നുമല്ല. എട്ടു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഊണും ഉറക്കവും വെടിഞ്ഞു പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. അവരുടെയും അവരെ സജ്ജരാക്കുന്ന രക്ഷിതാക്കളുടെയും കൊടുംസമ്മർദം തിരിച്ചറിയാത്തവരാണ് ഇക്കാര്യത്തിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചതെന്നുവേണം കരുതാൻ. 

ഈ മാസം 17 മുതലാണു പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 26നു പ്രഖ്യാപിച്ചതാണ്; പരീക്ഷത്തീയതികൾ അതിനു മുൻപും. നിയമസഭാ തിരഞ്ഞെടുപ്പു വരുന്നുവെന്ന് അറിയാത്തവരാണോ പരീക്ഷത്തീയതി നിശ്ചയിച്ചത്? പിന്നീട്, തീയതികൾ നീട്ടണമെന്ന ആലോചനയുണ്ടായതെങ്ങനെയാണ്? കുട്ടികളുടെ സൗകര്യമാണോ  തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കണ്ണുള്ള ചിലരുടെ താൽപര്യമാണോ വിഷയത്തിൽ ഇടപെട്ടത്? 

ലക്ഷക്കണക്കിനു കുട്ടികളുടെ സമ്മർദം തിരിച്ചറിയാതെ സർക്കാർകാര്യം മുറപോലെ നീട്ടിയതിന്റെ മറ്റൊരു ഉദാഹരണമാവുകയാണ് ഈ വിഷയം. പരീക്ഷ മാറ്റാനായി തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാൻ ഇത്രയും വൈകിമാത്രം സർക്കാർ രംഗത്തിറങ്ങിയത് എന്തുകൊണ്ടാണ്? അധ്യാപകർക്കു തിരഞ്ഞെടുപ്പു ജോലിയുള്ളതിനാൽ ഈ പൊതുപരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎ നൽകിയ അപേക്ഷയെത്തുടർന്നാണ് സർക്കാർ ഇതിനുള്ള നീക്കം തുടങ്ങിയത്. മാർച്ച് ഒന്നിനു ലഭിച്ച നിവേദനം വിദ്യാഭ്യാസവകുപ്പ് അഞ്ചിനു മാത്രമാണു  മുഖ്യമന്ത്രിക്കു കൈമാറിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് 6ന് അപേക്ഷ നൽകി. ഇതു സംബന്ധിച്ച ഫയൽ തിങ്കളാഴ്ചയാണു ലഭിച്ചതെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞത്. പരീക്ഷ നീട്ടിവയ്ക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിട്ടിരിക്കുകയാണ്.

അതേസമയം, രാഷ്ട്രീയ താൽപര്യപ്രകാരം പരീക്ഷ മാറ്റാനുള്ള നീക്കത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകളും ഹയർസെക്കൻഡറി അധ്യാപക സംഘടനകളും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുകയുണ്ടായി. മോഡൽ പരീക്ഷ പൂർത്തിയായ ശേഷം പരീക്ഷ നീട്ടിവയ്ക്കുന്നത് കുട്ടികൾക്ക് അധിക സമ്മർദമുണ്ടാക്കുമെന്നും അധ്യാപകരുടെ തിരഞ്ഞെടുപ്പു പരിശീലനം പരീക്ഷയ്ക്കു തടസ്സമാകില്ലെന്നും മാർച്ച് 31ന് പരീക്ഷ തീരുന്നതിനാൽ ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഈ സംഘടനകൾ കമ്മിഷനെ അറിയിച്ചിരുന്നു. 

കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ നീട്ടുന്നതാണ് ഉചിതമെന്ന് നേരത്തേ അഭിപ്രായമുയർന്നിരുന്നെങ്കിലും മാർച്ചിൽത്തന്നെ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി ക്ലാസുകളും റിവിഷനും തിരക്കിട്ടു പൂർത്തിയാക്കി. പതിവിനു വിപരീതമായി മോഡൽ പരീക്ഷ രാവിലെയും വൈകിട്ടും നടത്തി തീർക്കുകയും ചെയ്തു. മോഡൽ പരീക്ഷ തീരുംമുൻപ് പരീക്ഷാനീട്ടലിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല.

വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനെച്ചൊല്ലി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അറിയിപ്പുകൾ സൃഷ്ടിച്ച ചിന്താക്കുഴപ്പത്തിനു സമാനമായി പരീക്ഷയുടെ പേരിലുണ്ടാക്കിയ ആശയക്കുഴപ്പവും. നിയമസഭാ തിരഞ്ഞെടുപ്പിനുളള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസരം ഇന്നലെക്കൂടി മാത്രമെന്ന് ഇന്നലത്തെ പത്രത്തിൽ വായിക്കേണ്ടി വന്നവരുടെ മാനസികാവസ്ഥയും സമ്മർദവും അധികൃതർ ആലോചിച്ചിരുന്നോ?  

പത്രിക പിൻവലിക്കേണ്ട അവസാന തീയതിയായ മാർച്ച് 22നു 10 ദിവസം മുൻപു വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാമെന്നാണു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം അറിയിപ്പുണ്ടായത്. എന്നാൽ, 12 വരെ പേരു ചേർക്കാമെന്ന അറിയിപ്പ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പേരു ചേർക്കാനുള്ളവർ ചൊവ്വാഴ്ചതന്നെ ഓൺലൈനായി അപേക്ഷിക്കണമെന്നുമുള്ള  അറിയിപ്പാണ് ഇതേ ദിവസം കേരളം വായിച്ചറിഞ്ഞത്. പഴയ അറിയിപ്പു വിശ്വസിച്ചവരിൽ കുറെയേറെപ്പേർക്ക് പട്ടികയിൽ പേരു ചേർക്കാൻ അവസരം ലഭിക്കാതെ പോകുമ്പോൾ ആരു സമാധാനം പറയും?

പരീക്ഷാനടത്തിപ്പും വോട്ടർപട്ടികയിൽ പേരുചേർക്കലും പോലുള്ള സുപ്രധാന കാര്യങ്ങളിൽ ഒരിക്കലും പാടില്ലാത്ത നിരുത്തരവാദിത്തമാണ് ഇവിടെ സംഭവിച്ചത്; ഒരിക്കലും ആവർത്തിച്ചുകൂടാത്തതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA