സിസ്റ്റർ ആൻ റോസ് വെറുമൊരു ചിത്രമല്ല

HIGHLIGHTS
  • മ്യാൻമറിലെ അവസാനിക്കാത്ത വിലാപങ്ങൾ
TOPSHOT-MYANMAR-POLITICS-MILITARY
മ്യാൻമർ പട്ടാളത്തിനു മുന്നിൽ സമരക്കാരെ ആക്രമിക്കരുതെന്ന് മുട്ടുകുത്തി അഭ്യർത്ഥിക്കുന്ന ആൻ റോസ് നു ത്വാങ് എന്ന കന്യാസ്ത്രീ
SHARE

കാലത്തിനു സൂക്ഷിച്ചുവയ്ക്കാനുള്ളതാണു ചില ചിത്രങ്ങൾ. ഇന്നലെ മലയാള മനോരമയുടെ ഒന്നാം പേജിലടക്കം ലോകത്തെ മിക്ക പത്രങ്ങളിലും പ്രസിദ്ധീകരിച്ച ഫോട്ടോ അങ്ങനെയൊന്നാണ്. കരുണയ്ക്കായുള്ള തീവ്രമായൊരു അപേക്ഷയുടെ അസാധാരണ നിമിഷമാണത്. ആ അപേക്ഷ പാഴായിപ്പോയതിന്റെ സങ്കടംകൂടി ചിത്രത്തിൽനിന്നു നാം വായിച്ചെടുക്കുന്നു. ജനാധിപത്യ പ്രക്ഷോഭമിരമ്പുന്ന മ്യാൻമറിലെ തെരുവിൽ മുട്ടുകുത്തിനിന്ന് ആൻ റോസ് നു ത്വാങ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയവിലാപം അത്രമേൽ ആർദ്രവും വേദനാജനകവുമായിരുന്നു; ലോകമനസ്സാക്ഷിയെ മുറിവേൽപിക്കുന്നതും.

‘‘നിങ്ങൾക്കു വേണമെങ്കിൽ എന്റെ ജീവനെടുക്കാം. അവരെ വെറുതെവിടൂ... അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ’’ എന്നാണ് മ്യാൻമറിലെ മെയ്റ്റ്കെയ്ന നഗരത്തെരുവിൽ മുട്ടുകുത്തിനിന്ന് ആ കന്യാസ്ത്രീ അപേക്ഷിച്ചത്. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുന്ന മ്യാൻമർ പട്ടാളത്തോടുള്ള ആ അപേക്ഷ ഹൃദയാലുക്കൾക്കു വേണ്ടിയായിരുന്നു.

അവിടെയാണു സിസ്റ്റർ ആൻ റോസിനു തെറ്റിയത്. ആക്രമണമുണ്ടാകില്ല എന്ന ഉറപ്പു ലഭിച്ചാലേ മടങ്ങൂ എന്ന നിലപാടുമായി സിസ്റ്റർ ഉറച്ചുനിന്നതോടെ പട്ടാളം തന്ത്രമെടുത്തു. റോഡ് തടസ്സം ഒഴിവാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം ഉണ്ടാകില്ലെന്നുമുള്ള വാക്കിൽ സിസ്റ്റർ ആൻ റോസിനെ മടക്കിയയച്ച ഉടനെ പട്ടാളം നടത്തിയ വെടിവയ്പിൽ ഒരു കുട്ടിയുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. പിന്നീട്, ടിയർഗ്യാസ് മൂടിയ തെരുവിൽനിന്നു പരുക്കേറ്റവരെ സമീപത്തുള്ള തന്റെ ക്ലിനിക്കിലെത്തിച്ചതും സിസ്റ്റർ ആൻ റോസായിരുന്നു.

നമ്മുടെ ലോകത്തിന്റെ വൈരുധ്യം തന്നെയാണ് ഈ സംഭവം കുറിച്ചിടുന്നത്. സ്നേഹിക്കുന്നവരും കൊല്ലുന്നവരും ഈ ചിത്രത്തിലുണ്ട്; നേരും നെറികേടുമുണ്ട്; ദൈവവും ചെകുത്താനുമുണ്ട്.

ആറു വർഷം മുൻപ്, ഐലാൻ കുർദി എന്ന പിഞ്ചോമനബാലന്റെ ജീവനറ്റ ശരീരം ഉറക്കത്തിലെന്നപോലെ തുർക്കിയുടെ കടപ്പുറത്തു കമിഴ്‌ന്നുകിടക്കുന്ന ചിത്രം നമ്മുടെയെല്ലാം മനഃസാക്ഷിയെ കൊളുത്തിവലിച്ചതാണ്. സ്വന്തം നാടുകളിൽനിന്നു പിഴുതെറിയപ്പെട്ട് അന്യനാടുകളിൽ അഭയം തേടേണ്ടിവരുന്ന ആയിരക്കണക്കിനു ഹതഭാഗ്യർ അനുഭവിക്കുന്ന ദുരന്തങ്ങളുടെ കഥ പറയുകയായിരുന്നു ആ ചിത്രം. പലായനത്തിന്റെ ഓരോ ഘട്ടത്തിലും ലോകമൊട്ടുക്കുമുള്ള അഭയാർഥികൾ നേരിട്ടുവരുന്ന കഷ്‌ടപ്പാടുകളിലേക്കു വാതിൽതുറന്നു, ആ ചിത്രം.

ഇപ്പോൾ മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ പട്ടാളം അട്ടിമറിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിന്റെ തീവ്രതയത്രയും രാജ്യാന്തരശ്രദ്ധയിലെത്തിക്കാൻ സിസ്റ്റർ ആൻ റോസിന്റെ ചിത്രം കാരണമാകുകയാണ്. മ്യാൻമർ വീണ്ടും കിരാതമായ പട്ടാളഭരണത്തിലേക്കു നീങ്ങുന്നുവെന്നുതന്നെയാണ് ഈ ദൃശ്യവും പറഞ്ഞുതരുന്നത്. മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുന്ന രീതിയാണ് ഇപ്പോൾ അവിടെ പൊലീസും പട്ടാളവും പ്രയോഗിക്കുന്നത്.

പ്രക്ഷോഭം അടിച്ചമർത്തുന്നതിനെ ലോകം മുഴുവൻ അപലപിക്കുകയും സംയമനം പാലിക്കണമെന്ന് അയൽരാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടും പട്ടാളം കൂടുതൽ ക്രൂരതകളിലേക്കു കടന്നിരിക്കുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ അറുപതിലേറെ പേരാണു കൊല്ലപ്പെട്ടത്. 1800 പേർ തടങ്കലിലാണ്. പട്ടാളം തടവിലാക്കിയിട്ടുള്ള ഓങ് സാൻ സൂചി ഉൾപ്പെടെ മുഴുവൻ നേതാക്കളെയും വിട്ടയയ്ക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും യുഎൻ മനുഷ്യാവകാശ സമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ആ അഭ്യർഥനയുടെ ആഴംകൂടി പ്രതിഫലിക്കുന്നു, കണ്ണുനനയിക്കുന്ന ഈ മ്യാൻമർചിത്രത്തിൽ.

Content Highlights: Nun Ann Rose Nu: Myanmar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA