ADVERTISEMENT

വൈദ്യുതി നിയമ ഭേദഗതിയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ.  വൈദ്യുതി വിതരണ മേഖലയിൽ ലൈസൻസ് സംവിധാനം ഇല്ലാതാക്കി കൂടുതൽ മൂലധന നിക്ഷേപത്തിന്  വഴിതുറക്കുമെന്നാണ്  കേന്ദ്ര വിശദീകരണം. എന്നാൽ, വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് നിയന്ത്രണം ഉറപ്പിക്കാനാണ്  ഭേദഗതി എന്ന് വിമർശനമുയരുന്നു. സാധാരണ ഉപയോക്താവിനെ നിയമഭേദഗതി എങ്ങനെ ബാധിക്കും? 

കേന്ദ്ര വൈദ്യുതി നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടെ 4 കരടു ബില്ലുകൾ പ്രസിദ്ധീകരിച്ചെങ്കിലും, മൂന്നും നിയമമായില്ല. എന്നാൽ, ഇതു പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ്.

നിലവിലെ വൈദ്യുതി നിയമം 2003ൽ നിലവിൽ വന്നതാണ്. അന്നത്തെ 3 നിയമങ്ങൾ റദ്ദാക്കിക്കൊണ്ടാണ് ഇതു നിലവിൽ വന്നത്. വൈദ്യുതിമേഖലയുടെ വിഭജനവും സ്വകാര്യവൽക്കരണവുമാണ് 2003ലെ കേന്ദ്രനിയമം ലക്ഷ്യമിട്ടിരുന്നത്. വൈദ്യുതി ബോർഡുകളുടെ വിഭജനവും വൈദ്യുതി ഉൽപാദനത്തിനു ലൈസൻസ് ഇല്ലാതാക്കിയതും ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണശൃംഖലകൾ സ്ഥാപിച്ചു വിതരണം നടത്താൻ ഒന്നിലധികം ലൈസൻസികളെ അനുവദിച്ചതും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു. വിതരണമേഖലയിൽ ഒന്നിലധികം ഏജൻസികളെ എത്തിച്ച് അവരുടെ മുതൽമുടക്കിലൂടെ ശൃംഖലാ വികസനം സാധ്യമാക്കാനും മത്സരസ്വഭാവത്തിൽ മികച്ച സേവനം ജനങ്ങൾക്കു നൽകാനുമാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അതു വിതരണമേഖലയിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. വിതരണ മേഖലയിൽ മത്സരം കൊണ്ടുവരിക എന്നതാണ് നിലവിലെ ഭേദഗതിയുടെ ലക്ഷ്യമായി പറയുന്നത്. ലക്ഷ്യം നല്ലതാണെങ്കിലും സ്വീകരിച്ച മാർഗം ഫലപ്രദമാകുമോ എന്നതാണു സംശയം.

വൈദ്യുതിവ്യവസായത്തിലെ പ്രധാന കണ്ണിയാണ് വിതരണമേഖല. പൊതുജനങ്ങളുമായി ഇടപെടുന്നതു വിതരണമേഖലയാണ്. ഉൽപാദന, പ്രസരണ മേഖലയിൽ നടത്തുന്ന മുതൽമുടക്കു തിരികെ ലഭിക്കുന്നതും വിതരണമേഖലയിൽ നിന്നാണ്. നിലവിൽ വിതരണ മേഖലയിൽ മത്സരമില്ല. ഒരു സ്ഥലത്ത് ഒരു സേവനദാതാവ് എന്ന നിലയിലാണു പൊതുവേ വിതരണം നടക്കുന്നത്. സ്വന്തമായി വിതരണ ശൃംഖല സ്ഥാപിച്ച് ഒരേ പ്രദേശത്ത് ഒന്നിലധികം സ്ഥാപനങ്ങൾക്കു വിതരണം നടത്താമെന്നു നിയമമുണ്ടെങ്കിലും അതു കാര്യമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വൈദ്യുതിശൃംഖലയിൽ നിന്നുതന്നെ ലൈസൻസ് ഇല്ലാതെ ആർക്കും വൈദ്യുതി വിതരണം നടത്താം എന്ന ഭേദഗതി കൊണ്ടുവരുന്നത്. 

നമ്മുടെ രാജ്യത്തു വൈദ്യുതിവിതരണം തുടങ്ങിയ കാലം മുതൽ ലൈസൻസ് വേണമായിരുന്നു. ഈ സംവിധാനം ഇല്ലാതാകുകയാണ്. ലൈസൻസ് രഹിത വൈദ്യുതിവിതരണ സംവിധാനത്തിൽ ഏതൊരു കമ്പനിക്കും കേന്ദ്രം നിർദേശിക്കുന്ന അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച്, ബന്ധപ്പെട്ട റഗുലേറ്ററി കമ്മിഷൻ മുൻപാകെ റജിസ്റ്റർ ചെയ്ത് നിലവിലുള്ള വൈദ്യുതിശൃംഖലയിൽ നിന്നു തന്നെ വിതരണം നടത്താം. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയാണു കമ്പനി തിരഞ്ഞെടുക്കുന്നതെങ്കിൽ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുൻപാകെ റജിസ്റ്റർ ചെയ്താൽ മതി. 

ഒരേ പ്രദേശത്ത് ഒരേ ശൃംഖലയിൽനിന്നു വിതരണം നടത്തുന്ന ഒന്നിലധികം കമ്പനികൾ ഉണ്ടാകും. ഉപയോക്താവിന് തന്റെ സേവനദാതാവിനെ ഇവരിൽനിന്നു തിരഞ്ഞെടുക്കാം. ഇതു ചില പ്രായോഗിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ലൈസൻസ് ബാധ്യതകളൊന്നുമില്ലാത്ത കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയാലോ അറിയിപ്പു കൂടാതെ സേവനം അവസാനിപ്പിച്ചാലോ എന്തു ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്. 

ഒരേ ശൃംഖലയിൽനിന്നു വിവിധ കമ്പനികൾ വൈദ്യുതിവിതരണം നടത്തുമ്പോൾ സേവനത്തിന്റെ നിലവാരത്തിൽ വ്യത്യാസം വരില്ല. തൊട്ടടുത്ത വീടുകളിൽ രണ്ടു കമ്പനികൾ വൈദ്യുതി നൽകിയാലും അവർക്കു ലഭിക്കുന്ന വൈദ്യുതിയുടെ നിലവാരം (വൈദ്യുതി ലഭ്യത, തടസ്സം, വോൾട്ടേജ്, ഫ്രീക്വൻസി) ഒന്നുതന്നെയാകും. സേവനനിലവാരത്തിൽ മത്സരത്തിനും മെച്ചപ്പെടലിനും സാധ്യതയില്ല.

ഇപ്പോൾ ഒരു സ്ഥലത്തു വൈദ്യുതിവിതരണം നടത്തുന്ന ലൈസൻസിക്കു തന്റെ ലൈസൻസ് പരിധിയിൽ, ഉപയോക്താവിന്റെ ആവശ്യാനുസരണം വൈദ്യുതി നൽകാനുള്ള നിയമപരമായ ബാധ്യതയുണ്ട്. ലൈസൻസ് ഇല്ലാത്ത കമ്പനികൾ വിതരണത്തിന് എത്തുമ്പോൾ നിയമപരമായ ഈ ഉത്തരവാദിത്തം നിലനിർത്തുക അസാധ്യമാകും. സാർവത്രിക വൈദ്യുതീകരണത്തിനായി വിതരണ കമ്പനികളുടെ നിക്ഷേപത്തിൽ ‘യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്’ എന്ന സഞ്ചിത നിധിയെപ്പറ്റി കരടു നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, അതിൽ നിക്ഷേപിക്കുന്നതിനു വിതരണ കമ്പനികൾക്കു ബാധ്യത ഉറപ്പാക്കുന്ന വകുപ്പുകളൊന്നും നിയമത്തിലില്ല.

നിയമഭേദഗതിയുടെ പ്രായോഗികത പരിഗണിക്കുമ്പോൾ സേവനദാതാവിന് തങ്ങൾക്കു വേണ്ട ഉപയോക്താവിനെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക. കച്ചവടതാൽപര്യത്തോടെ വരുന്ന കമ്പനികൾ, തങ്ങൾക്കു ലാഭകരമായി വൈദ്യുതിവിതരണം ചെയ്യാൻ കഴിയുന്ന ഉപയോക്താക്കളെയും പ്രദേശങ്ങളെയും തിരഞ്ഞെടുത്തു പ്രവർത്തിക്കും. നിലവിലുള്ള ക്രോസ് സബ്സിഡി സംവിധാനത്തിൽ ഇതിനാണു കൂടുതൽ സാധ്യത. 

നമ്മുടെ സംസ്ഥാനത്തെ ശരാശരി വൈദ്യുതിവിലയെക്കാൾ 2 മുതൽ 4 രൂപ വരെ കുറവാണ് ഗാർഹിക, കാർഷിക ഉപയോക്താക്കളുടെ നിരക്ക്. വാണിജ്യ ഉപയോക്താക്കൾക്കു ശരാശരി വിലയെക്കാൾ ഒരു രൂപയിലേറെ കൂടുതലാണ്. വാണിജ്യ ഉപയോക്താക്കളിൽ നിന്നുള്ള അധിക വരുമാനം കൊണ്ടാണ് ഗാർഹിക ഉപയോക്താക്കളുടെയും കാർഷിക ഉപയോക്താക്കളുടെയും നിരക്കുകൾ കുറച്ചു നിർത്തുന്നത്. ഉയർന്ന വൈദ്യുതിനിരക്ക് നൽകുന്നവർക്കു മാത്രം വൈദ്യുതിവിതരണം ചെയ്യാൻ ഒരു കമ്പനി തയാറായാൽ അതു നിലവിലുള്ള ക്രോസ് സബ്സിഡിയുടെ അന്ത്യം കുറിക്കും. അതോടെ ഗാർഹിക, കാർഷിക നിരക്ക് കുത്തനെ ഉയരും. ഇതു വലിയൊരു വിഭാഗം ഉപയോക്താക്കൾക്കും താങ്ങാനാകാത്ത വർധനയിലേക്കും കുടിശികയിലേക്കും വൈദ്യുതി വിച്ഛേദനത്തിലേക്കും നയിക്കും. ക്രോസ് സബ്സിഡിയുടെ സാമ്പത്തിക ബാധ്യത വർഷം 2000 കോടി രൂപയാണ്. സർക്കാർ സഹായം ഇക്കാര്യത്തിൽ പ്രായോഗികമല്ല.

കൂടുതൽ സ്വകാര്യ പങ്കാളിത്തം ഈ മേഖലയിലെ മുതൽമുടക്കു വർധിപ്പിക്കുമെന്നാണു കേന്ദ്രത്തിന്റെ വാദം. എന്നാൽ, പുതിയതായി കടന്നുവരുന്ന വിതരണ കമ്പനികൾക്കു നിലവിലുള്ള വൈദ്യുതിശൃംഖലയിൽ നിന്നു വൈദ്യുതിവിതരണം നടത്താനുള്ള അവകാശം നൽകുന്നതിനാൽ അവർക്കു ശൃംഖലാ വികസനത്തിൽ നിക്ഷേപം നടത്താൻ പ്രത്യേക ബാധ്യതയില്ല. പരമാവധി നിരക്കു മാത്രം നിശ്ചയിച്ചു നൽകാൻ റഗുലേറ്ററി കമ്മിഷനുകളെ, കരടു ഭേദഗതി നിർബന്ധിക്കുന്നുണ്ട്. ഇക്കാരണത്താൽ ശൃംഖലാ വികസനത്തിനു വൈദ്യുതിനിരക്കുമായുളള ബന്ധം ഇല്ലാതാകും. ഫലത്തിൽ ശൃംഖലാ വികസനം മുടങ്ങും. എല്ലാവരുടേതുമായി മാറുന്ന വിതരണശൃംഖല ആരുടേതുമല്ലാതെ അനാഥമാകാനുള്ള സാധ്യതയും ഭേദഗതി മൂലം ഉണ്ടാകാം. ലോകത്ത് ഒരിടത്തും വിജയിക്കാത്ത നടപടികളാണ് ഭേദഗതി വിഭാവനം ചെയ്യുന്നത്. പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാതെ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടും. പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടും.

(കേന്ദ്ര വൈദ്യുതി നിയമഭേദഗതി സംബന്ധിച്ച കേരളത്തിന്റെ പ്രതികരണം തയാറാക്കിയ വിദഗ്ധസമിതി കൺവീനറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com