ADVERTISEMENT

ഇനി ഇരുപത്തിയഞ്ചു നാളുകൾ മാത്രം. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് അരങ്ങാകുകയാണു കേരളം. മത്സരിക്കുന്നവർ ഇന്നുമുതൽ നാമനിർദേശപത്രിക കൊടുത്തുതുടങ്ങും. നമ്മുടെ രാഷ്ട്രീയകക്ഷികൾ ആവേശത്തോടെ പ്രചാരണരംഗത്തേക്കു പദമൂന്നിക്കഴിഞ്ഞു. ആരോഗ്യജാഗ്രതയും ഹരിതചട്ടങ്ങളുടെ പാലനവും സ്ഥാനാർഥികളിൽനിന്നും നേതാക്കളിൽനിന്നും അണികളിൽനിന്നുമൊക്കെ ഈ കോവിഡ്കാലം ആവശ്യപ്പെടുന്നുണ്ടെന്നത് പ്രചാരണത്തിരക്കിനിടെ  മറന്നുകൂടാ.   

കടുത്ത നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയുമാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും ഒരുങ്ങിയിട്ടുള്ളത്. മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചും അകലം പാലിച്ചും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും തിരഞ്ഞെടുപ്പു നടത്താനാണു കമ്മിഷന്റെ മാർഗനിർദേശം. രാഷ്ട്രീയകക്ഷികളും വോട്ടർമാരും നിയന്ത്രണങ്ങളെല്ലാം കൃത്യമായി പാലിച്ചുവേണം പ്രചാരണവും വോട്ടെടുപ്പും കുറ്റമറ്റതാക്കാൻ. വീടുകളിൽ വോട്ടു തേടുന്നതിലടക്കം നിരന്തര ആരോഗ്യജാഗ്രത ഉണ്ടാകേണ്ടതുണ്ട്. പ്രചാരണത്തിലേർപ്പെടുന്നവരാരും ഒരു സാഹചര്യത്തിലും മാസ്ക് ധരിക്കാൻ മറന്നുകൂടാ. 

സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും ഹരിതചട്ടം മറന്നാൽ ഈ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തു രൂപപ്പെട്ടേക്കാവുന്ന മാലിന്യത്തിന്റെ തോത് അത്രയും വലുതായിരിക്കും. അതുകൊണ്ട് ഇക്കാര്യത്തിലും വലിയ ശ്രദ്ധയാണു വിവിധതലങ്ങളിൽ വേണ്ടിവരുന്നത്. സംസ്ഥാനത്താകെ ഏകദേശം 5700 ടൺ തിരഞ്ഞെടുപ്പു മാലിന്യം നീക്കേണ്ടിവരുമെന്നാണു കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി ശുചിത്വ മിഷൻ കണക്കാക്കിയിരുന്നത് . തിരുവനന്തപുരം ജില്ലയിൽ മാത്രം രൂപപ്പെട്ടേക്കാവുന്നത് 501 ടൺ മാലിന്യമെന്നായിരുന്നു അന്നത്തെ കണക്ക്. 

എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിലെ മാലിന്യം കേരളത്തെ നോക്കി പല്ലിളിച്ചില്ലെന്നതിൽ നമുക്ക് അഭിമാനിക്കാം. അന്നത്തെ മിക്ക സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും ഹരിതാഭമായ ആ വലിയ ഉത്തരവാദിത്തം മറന്നില്ലെന്നതിലെ മാതൃക ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകണം. ബന്ധപ്പെട്ടവർ മാലിന്യം നീക്കാൻ വേണ്ടവിധം താൽപര്യം കാണിക്കാതിരുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെങ്കിലും മറ്റെല്ലായിടത്തും ഹരിതചട്ട പാലനത്തിനായി ഉണ്ടായ വലിയ ജനകീയമുന്നേറ്റം ശ്രദ്ധേയമായിരുന്നു. ചുവരെഴുത്തുകൾ മായ്ക്കാനും പോസ്റ്ററും ബാനറുമെ‌ാക്കെ അഴിച്ചെടുക്കാനും വിവിധ മുന്നണികളിലെ സ്ഥാനാർഥികൾ കൈകോർത്ത കാഴ്ചകൾപോലും ചിലയിടങ്ങളിൽ കണ്ടു. പക്ഷേ, അന്നത്തെ പോസ്റ്ററുകൾ ഇപ്പോഴും ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ടെന്നത് ഇതിനിടയിലുള്ള കല്ലുകടിയാകുന്നു.

പലയിടത്തും അനധികൃത പരസ്യ ബോർഡുകളുടെ വേലിയേറ്റമാണെന്ന പരാതി കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പു കാലത്തും കേട്ടതാണ്. ബോർഡുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച സർക്കാർ ചട്ടങ്ങളെല്ലാം കാറ്റിൽപറത്തിയാണു ചിലരെങ്കിലും പരസ്യം ചെയ്തത്. നടപ്പാതയിലും നടപ്പാതയ്ക്ക് ഇരുവശവും റോഡുകളിലും വളവുകളിലും പാലങ്ങളിലും റോഡുകൾക്കു കുറുകെ ഗതാഗതതടസ്സമുണ്ടാകുന്ന രീതിയിലും ബോർഡുകൾ പാടില്ലെന്ന നിബന്ധനയും കർശനമായി പാലിക്കപ്പെടണം. വാഹനയാത്രികർക്കും കാൽനടക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കരുത്. റോഡുകളിലെ  പരസ്യമെഴുത്തും ഒഴിവാക്കിയേതീരൂ. 

തിരഞ്ഞെടുപ്പുകാലം ശബ്ദമലിനീകരണത്തിന്റെകൂടി കാലമാണ്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തിയുള്ള ശബ്‌ദകോലാഹലമാണ് മുൻ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ പലയിടത്തും  കണ്ടത്. ഈ തിരഞ്ഞെടുപ്പുകാലം ‘ഹരിത’മാക്കുന്നതിനോടെ‌ാപ്പം, ശബ്ദമാലിന്യം കുറയ്ക്കാൻകൂടി നമ്മുടെ രാഷ്ട്രീയകക്ഷികൾ മുൻകയ്യെടുക്കേണ്ടതുണ്ട്.

ഓരോ തിരഞ്ഞെടുപ്പും രാഷ്ട്രീയ കേരളത്തിന്റെ സാമൂഹികബോധ്യത്തിന്റെ കൂടി ഉരകല്ലാണ്. സൂക്ഷ്മമായ ആരോഗ്യജാഗ്രതയും കൃത്യമായ ഹരിതചട്ട പാലനവും കൊണ്ട് നമുക്ക് ഇത്തവണയും മാതൃക തീർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com