ADVERTISEMENT

വരാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നതു ബംഗാളിലേക്കാണ്: ഒരുവശത്ത് മമത ബാനർജിയും മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന വലിയൊരു നിര ബിജെപി നേതാക്കളും. 2011ൽ പൂജ്യം സീറ്റുകൾ മാത്രം ലഭിച്ച ബിജെപി, 2016ൽ 10.16% വോട്ടും 3 സീറ്റുകളും നേടി. എന്നാൽ, നാടകീയമായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 121 അസംബ്ലി നിയോജകമണ്ഡലങ്ങളിൽ മുന്നിട്ടുനിന്ന്, 40.3% വോട്ട് നേടി ബിജെപി ബംഗാളിലെ രണ്ടാമത്തെ പാർട്ടിയായി. യുദ്ധസമാനമായ പ്രചാരണമാണ് അവിടെ നടക്കുന്നത്. സമാധാനപ്രിയരായ ബംഗാളികൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത മുദ്രാവാക്യം ബിജെപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ ഇടയ്ക്കിടെ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്: ‘ഖേലെ ഹൊബെ’, എന്നു വച്ചാൽ കളി നടക്കട്ടെ എന്ന് - അക്രമത്തിനു മടിക്കില്ലെന്നു സാരം.

2011ൽ അധികാരം നഷ്ടപ്പെട്ട ശേഷം ബംഗാളിൽ സിപിഎം ഏതാണ്ട് അനുദിനം ക്ഷയിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിൽപോലും മുന്നിട്ടുനിന്നില്ല. വോട്ട് 6.34% ആയി കുറഞ്ഞു. കോൺഗ്രസ് രണ്ടു സീറ്റിൽ മുന്നിട്ടുനിന്നു. അതിനു കാരണം അവർക്കു മധ്യബംഗാളിലെ മാൽഡ, മുർഷിദാബാദ് തുടങ്ങിയ കുറച്ചു ജില്ലകളിൽ ഇപ്പോഴും സ്വാധീനമുണ്ട് എന്നതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സിപിഎമ്മിനും കൂടി കിട്ടിയ വോട്ട് 11.01% മാത്രം.

ഇക്കുറി ബിജെപിയും തൃണമൂൽ കോൺഗ്രസുമായുള്ള തീപാറും യുദ്ധത്തിൽ, സിപിഎം – കോൺഗ്രസ് മുന്നണിയെ ആരും ഗൗനിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽ പെട്ടെന്നാണു ട്വിസ്റ്റുകളുണ്ടാകുക. ഈ തിരഞ്ഞെടുപ്പിൽ ഏതാണ്ട് അപ്രസക്തമായിരുന്ന സിപിഎം - കോൺഗ്രസ് മുന്നണിക്കു പുതുജീവൻ പകർന്ന ഒരു സംഭവമുണ്ടായി. ബംഗാളിലെ പ്രധാന മുസ്‌ലിം നേതാവ്, ഫുർഫുറ ഷെരീഫിലെ പീർസാദ, അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) സിപിഎം - കോൺഗ്രസ് മുന്നണിയുടെ ഭാഗമായി. നൂറിലധികം മണ്ഡലങ്ങളിൽ ഫുർഫുറ ഷെരീഫിനു നിർണായക സ്വാധീനമുണ്ട്. സിപിഎം – കോൺഗ്രസ് – ഐഎസ്എഫ് മുന്നണി, ഫെബ്രുവരി 28നു കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടത്തിയ കൂറ്റൻ റാലി, സിപിഎമ്മിന് ഇപ്പോഴും കേഡറുകൾ അവശേഷിക്കുന്നുണ്ടെന്നു തെളിയിച്ചു. അതുപോലെ, മധ്യബംഗാളിൽ കോൺഗ്രസിനും മുസ്‌ലിംകൾക്കിടയിൽ ഐഎസ്എഫിനും സ്വാധീനമുണ്ടെന്നും ആ ഭീമൻ റാലി കാണിച്ചുതന്നു. 

ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്നില്ല. ബിജെപിയെ തോൽപിക്കാൻ മുസ്‌ലിംകൾ തന്റെകൂടെ നിൽക്കുമെന്നാണ് അവർ കരുതുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പിൽ മുസ്‌ലിംകൾ ആർജെഡിയെ കൈവിട്ട് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ കൂടെപ്പോയതു നമ്മൾ കണ്ടു. ബിജെപിയും തൃണമൂൽ കോൺഗ്രസുമായുള്ള ഇരട്ടക്കുതിര മത്സരമായിരുന്ന ഈ തിരഞ്ഞെടുപ്പ് പലയിടത്തും ത്രികോണമത്സരമായി മാറുന്നു. ബംഗാൾ കൂടുതൽ സങ്കീർണമാകുന്നു.

സ്കോർപ്പിയൺ കിക്ക്: 

ഉറപ്പാണ് എൽഡിഎഫ്.

പക്ഷേ, കുറ്റ്യാടി ആടിയാടി!

English Summary: In Bengal, Will ‘Modi Factor’ Alone Help BJP ‘Oust’ Mamata’s TMC?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com