ADVERTISEMENT

രണ്ടു മഹാമാരികളുടെ കൂട്ടിയിടിയിലാണു ലോകമിപ്പോൾ! ഒന്ന്, സ്വാഭാവികമായും കോവിഡ് തന്നെ. ഇരുനൂറിൽപരം രാജ്യങ്ങളിലായി 11.9 കോടി മനുഷ്യരെ ബാധിക്കുകയും 27 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമാകുകയും ചെയ്ത കോവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ട് ഇക്കഴിഞ്ഞ ദിവസം ഒരു വർഷം പിന്നിട്ടു. എന്നാൽ, പതിറ്റാണ്ടുകൾക്കു മുൻപേ മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയും പലരും തിരിച്ചറിയുക പോലും ചെയ്യാതെ നമുക്കിടയിൽ വ്യാപിക്കുകയും ചെയ്തൊരു രോഗാവസ്ഥയുണ്ട്. ലോകമെമ്പാടും 46 കോടി മനുഷ്യരെ ഇതുവരെ ബാധിക്കുകയും വർഷാവർഷം 40 ലക്ഷം പേരുടെ ജീവനെടുക്കുകയും ചെയ്യുന്ന ആ ‘സൈലന്റ് പാൻഡെമിക്’ പ്രമേഹമാണ്. കോവിഡ് സൃഷ്ടിക്കുന്ന സങ്കീർണതകളും മരണവും മറ്റുള്ളവരെ അപേക്ഷിച്ചു പ്രമേഹരോഗികളിൽ കൂടുതലായിരിക്കുമെന്ന കണ്ടെത്തൽ ഈ ‘കൂട്ടിയിടിയും അപകടവും’ സ്ഥിരീകരിക്കുന്നു.

പ്രമേഹരോഗികളിൽ കോവിഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയായിരിക്കുമെന്നാണ് മെഡിക്കൽ ജേണലായ ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നത്. പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി കൂടാനും ‘ഡയബറ്റിക് കീറ്റോഅസിഡോസിസ്’ പോലെ മരണകാരിയായ പ്രമേഹ സങ്കീർണതകൾക്കും കോവിഡ് കാരണമാകുന്നുണ്ട്. 

വൈറസ് വഴി പ്രമേഹവും

കൊറോണ വൈറസ്ബാധ തന്നെ പ്രമേഹത്തിനു കാരണമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കും ശാസ്ത്രലോകം എത്തിക്കഴിഞ്ഞു. പ്രമേഹ ഗവേഷണരംഗത്തെ അതികായരിലൊരാളായ ഡോ. പോൾ സിമ്മറ്റും സംഘവും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന് അയച്ച കത്തിലാണ് ഈ സാധ്യത ആദ്യം ചൂണ്ടിക്കാട്ടിയത്.

സാധാരണ രണ്ടു രീതിയിലാണു പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ‘ഇൻസുലിൻ’ ഹോർമോൺ ഉൽപാദിപ്പിക്കാനുള്ള കഴിവു പൂർണമായും നഷ്ടപ്പെടുന്ന ടൈപ് 1 പ്രമേഹമാണ് ഒന്ന്. ഇൻസുലിൻ തന്മാത്രകളെ തിരിച്ചറിയാനുള്ള ശേഷി ശരീരകലകൾക്കു നഷ്ടപ്പെടുന്നതു മൂലം സംഭവിക്കുന്ന ടൈപ് 2 പ്രമേഹം രണ്ടാമത്തേത്. ചിലപ്പോൾ ഇതു രണ്ടിനും കോവിഡ്ബാധ കാരണമാകാം.

പാൻക്രിയാസിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ അവയുടെ ഉള്ളിൽക്കയറി കൊറോണ വൈറസ് നശിപ്പിക്കുന്നതാണു പ്രധാന പ്രശ്നം. ഇതു കൂടാതെ, കോവിഡ്ബാധ മൂലമുണ്ടാകുന്ന ആന്തരിക വീക്കം ബീറ്റാ കോശങ്ങളെ പരോക്ഷമായി നശിപ്പിക്കും. ഇതു ടൈപ് 1 പ്രമേഹത്തിനു സമാനമായ അവസ്ഥ സൃഷ്ടിക്കും. ആയുഷ്കാല ഇൻസുലിൻ കുത്തിവയ്പാകും ഏറ്റവും വലിയ പ്രയാസം.

കൊറോണ വൈറസ് ഗണത്തിൽപെട്ട, സാർസ് വൈറസ് ബാധ ഉണ്ടായവരിലും ഇത്തരം പ്രമേഹം സ്ഥിരീകരിച്ചതായി നേരത്തേ തന്നെ പഠനങ്ങളുണ്ട്. കോവി‍ഡ്ബാധ മൂലം ഉണ്ടാകുന്ന ആന്തരികവീക്കവും പ്രതിരോധ സംവിധാനത്തിലെ പ്രശ്നങ്ങളും ഇൻസുലിൻ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ കഴിവ് ഇല്ലാതാക്കാൻ പോന്നതാണ്. ഇതു ടൈപ് 2 പ്രമേഹത്തിനു വഴിവയ്ക്കുന്ന ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.

വണ്ണം മുതൽ ടെൻഷൻ വരെ

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ട്, അമിതവണ്ണം. അമിതവണ്ണമുള്ളവരെ കോവിഡ് ബാധിച്ചാൽ നിലവിലെ അനാരോഗ്യം കൂടും, കടുത്ത ക്ഷീണത്തിനും പേശികളുടെ ബലക്കുറവിനും കാരണമാകും. ഇത് അമിതവണ്ണക്കാരെ പെട്ടെന്നു പ്രമേഹ രോഗികളാക്കും. കോവിഡ‍ും അനുബന്ധ ലോക്ഡൗണും വർക് ഫ്രം ഹോമും ഒക്കെ നമ്മുടെ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും താളം തെറ്റിച്ചിട്ടുണ്ട്. ഇതു പലരുടെയും ശരീരഭാരവും വർധിപ്പിച്ചു. ഇത്തരം അവസ്ഥയിൽ കോവിഡ് കൂടി വരുമ്പോൾ പ്രമേഹ സാധ്യത പതിന്മടങ്ങു വർധിക്കുന്നു. കോവിഡ്മൂലം അതിഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് മരുന്നുകളും പ്രശ്നമാകാം. കോവിഡ് സൃഷ്ടിക്കുന്ന മാനസികസംഘർഷവും വിഷാദവും നമ്മുടെ ഹോർമോൺ വ്യവസ്ഥയെ ബാധിക്കുകയും പ്രമേഹത്തിനു കാരണമാകുകയും ചെയ്യാമെന്നതും മറക്കരുത്.

മാറ്റത്തിനു നേരമായി

കോവിഡ് മൂലമുണ്ടാകുന്ന പ്രമേഹത്തെക്കുറിച്ചു ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന പഠനങ്ങളിൽ പങ്കെടുത്തവരിൽ 15% പേരും കോവിഡ് വന്നതിനു ശേഷം പ്രമേഹരോഗികളായവരാണ്. അതുകൊണ്ടുതന്നെ, ജീവിതശൈലി ആരോഗ്യകരമായി പുനഃക്രമീകരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പരിശോധിക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹ ലക്ഷണങ്ങൾ തോന്നിയാൽ ഡോക്ടറെ സമീപിക്കുക എന്നിവയൊക്കെ ഈ കാലത്തു നിർബന്ധമാകുന്നു; പ്രത്യേകിച്ചും കേരളത്തിൽ.

അഞ്ചിലൊരാൾ പ്രമേഹരോഗിയായ കേരളത്തിൽ കോവിഡ് സൃഷ്ടിച്ചേക്കാവുന്ന ദീർഘകാല ആഘാതം വളരെ വലുതാണ്. ചികിത്സയിൽ നമുക്കു മികവുണ്ട്. ഗവേഷണ, പ്രതിരോധ പ്രവർത്തനങ്ങളിലും അതു നാം കൈവരിക്കണം. കോവിഡുമായി ബന്ധപ്പെട്ട് നാം സൃഷ്ടിച്ച ഡേറ്റാ ബേസുകൾ ഇതിനായി ഉപയോഗിക്കണം. കോവിഡിനെയും പ്രമേഹത്തെയും ഒരുപോലെ പ്രതിരോധിക്കാനുള്ള പൊതുജനാരോഗ്യ അജൻഡ, സംസ്ഥാനത്തു വരാനിരിക്കുന്ന സർക്കാരിന്റെ ആദ്യ ചുമതലകളിൽ ഒന്നാകണം.

(ഡൽഹി എയിംസിലെ എപ്പിഡെമിയോളജിസ്റ്റും യുഎസിലെ എമറി യൂണിവേഴ്സിറ്റി ഡയബറ്റിസ് സെന്ററിലെ റിസർച് ഫെലോയുമാണ് ലേഖകൻ)

Content Highlight: COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com