വാചകമേള

Vachakamela
SHARE

∙ ‘ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ തരം മുദ്രകുത്തൽ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്രകുത്തൽ തൊഴിലാക്കിയവരാണ്. എന്നാൽ, നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്. ആർട്ടിസ്റ്റ് ഒരിക്കലും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.’ – മുരളി ഗോപി

∙ ‘8 നക്സൽബാരി പ്രവർത്തകരെ വെടിവച്ചു കൊന്നതാണ് കഴിഞ്ഞ 5 വർഷത്തെ ഇടതുമുന്നണി ഭരണത്തിലെ വീഴ്ചകളിൽ ആദ്യത്തേത്. അതു മറക്കാൻ പറ്റില്ല. കേന്ദ്രത്തിൽനിന്നു കോടിക്കണക്കിനു പണം ലഭിക്കുന്ന, എത്ര പണം വേണമെങ്കിലും 

ചെലവഴിക്കാവുന്ന ഒന്നാണ് മാവോയിസ്റ്റ് വേട്ട.’ – എം.എൻ. കാരശ്ശേരി

∙ പ്രഫ. എം.കുഞ്ഞാമൻ: രാജ്യത്തിനാവശ്യം, മറ്റു ജോലിയും വരുമാനവുമുള്ളവർ രാഷ്ട്രീയത്തിലേക്കു വരികയാണ്. രാഷ്ട്രീയത്തിൽ കരിയറിസ്റ്റുകളായി വരുന്നവരാണ് അഴിമതിക്കും മറ്റും കാരണം. നേരെ മറിച്ച് കലാരംഗത്തോ വൈജ്ഞാനിക രംഗത്തോ മാധ്യമരംഗത്തോ പ്രവർത്തിക്കുന്നവർ വരികയാണെങ്കിൽ അവർക്കു രാഷ്ട്രീയത്തിൽനിന്നു വരുമാനത്തിന്റെ കാര്യമില്ല, കിട്ടിയാൽ സ്വീകരിക്കുമെങ്കിലും.

∙ സി.രാധാകൃഷ്ണൻ: എഴുത്തുകാരനാകണമെന്ന് മോഹിച്ച ഒരാളല്ല ഞാൻ. എഴുത്തുകാരനാകാതിരിക്കാൻ വരെ ശ്രമിച്ചു. ശാസ്ത്രജ്ഞനായി, പത്രപ്രവർത്തകനായിട്ടു പോയി. കുറെക്കഴിഞ്ഞപ്പോൾ മനസ്സിലായി, എഴുത്താണ് നമ്മുടെ വഴിയെന്ന്. മനു‌ഷ്യന്റെ ദുഃഖത്തിന്റെ വഴി കണ്ടുപിടിക്കാൻ പറ്റുമെന്ന തോന്നലാണ് എഴുത്തിലേക്ക് എത്തിച്ചത്.

∙ സക്കറിയ: കേരളത്തിലെ യഥാർഥ പൊളിറ്റിക്കൽ റിയാലിറ്റി അറിഞ്ഞു പ്രവർത്തിക്കാൻ പറ്റുന്ന അധികം സിനിമക്കാരും എഴുത്തുകാരും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതിൽ അദ്ഭുതപ്പെടാനും ഇല്ല. കാരണം, ഇവിടെ രാഷ്ട്രീയം വേറൊരു ലോകമാണ്. അവിടത്തെ കളികൾ തിരിച്ചറിയാതെ അതിലേക്കു കടന്നുചെല്ലുന്നിടത്ത് പ്രശ്‌നമുണ്ട്. അതുകൊണ്ട് ഒരുപാടു വർഷം രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാത്തവരെ കൊണ്ടുവന്നാൽ മലയാളികൾക്ക് അത്ര വിശ്വാസം വരില്ല.

∙ സി.വി.ബാലകൃഷ്ണൻ: സിനിമയിൽ ആക്‌ഷൻ ഹീറോയുടെ വേഷം കെട്ടിയ ഒരാൾ രാഷ്ട്രീയത്തിലെത്തി. രഞ്ജി പണിക്കർ എഴുതിക്കൊടുത്ത ഡയലോഗ് പറയുന്നതു പോലെയല്ല രാഷ്ട്രീയമെന്ന് സ്വന്തം ഡയലോഗിലൂടെ അദ്ദേഹം ജനത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തില്ലേ? ജനങ്ങളുടെ പ്രശ്നം അറിയാനും അതിനനുസരിച്ചു സംസാരിക്കാനും സെൻസ് വേണം, സെൻസിബിലിറ്റി വേണം.

∙ മഞ്ജു വാരിയർ: ആരാണു മികച്ച നടൻ എന്ന ചോദ്യം പോലും തെറ്റാണ്. ലാലേട്ടനും മമ്മൂക്കയും തങ്ങളുടേതായ വ്യക്തിത്വമുള്ളവരാണ്. അത് എല്ലാവർക്കും അറിയാം. അതിനെക്കുറിച്ചു പറയാൻ പോലും ഞാൻ അർഹയല്ല. മലയാളസിനിമയുടെ വലിയ രണ്ട് തൂണുകളാണല്ലോ മമ്മൂക്കയും ലാലേട്ടനും.

∙ സത്യൻ അന്തിക്കാട്: മോഹൻലാലും ശ്രീനിവാസനും വർഷങ്ങൾക്കു മുന്നേ തന്നെ നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. അവരുടെ പ്രായത്തിനു പറ്റുന്ന തരത്തിൽ ശ്രീനി പല സ്ക്രിപ്റ്റുകളും ചെയ്തിരുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിൽ എനിക്കത്ര കോൺഫിഡൻസ് ഇല്ല. അതുകൊണ്ടു തന്നെ തൽക്കാലം അങ്ങനെയൊരു പ്രോജക്ട് ഉണ്ടാകില്ല.

∙ കാളീശ്വരം രാജ്: അടുത്തൂൺ പറ്റിയ ശേഷമുള്ള പ്രലോഭനങ്ങളെക്കുറിച്ച് കേരള ഹൈക്കോടതി ഒരു വിധി നേരത്തേ പുറപ്പെടുവിച്ചിരുന്നു. വിരമിച്ചതിനു ശേഷം പദവികൾ സ്വീകരിക്കുന്ന ന്യായാധിപർ, വിരമിക്കുന്നതിനു മുൻപു നിർവഹിച്ച ചുമതലകളെക്കുറിച്ച് ജനങ്ങളിൽനിന്നു ചോദ്യങ്ങളുയരുന്നതു സ്വാഭാവികമാണ്. സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ കെട്ടുറപ്പ് പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ റിട്ടയർമെന്റിന് മുൻപും ശേഷവും ന്യായാധിപർ ഒരു പെരുമാറ്റച്ചട്ടം സ്വീകരിക്കണം.

Content Highlight: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA