വികൃതി കാട്ടരുത്, ജീവനാണ്

Fake-news
SHARE

ഒരു കുഴപ്പവും കൂടാതെ ജീവിച്ചിരിക്കുന്നവരെ ‘പരേതരാക്കി’ ആനന്ദം കണ്ടെത്തുന്ന ‘വ്യാജന്മാരുണ്ട്’. പ്രമുഖരുടെ ‘വ്യാജ മരണവാർത്തകൾ’ പ്രചരിക്കുന്നത് ഇപ്പോൾ പുതുമയല്ല. സമൂഹമാധ്യമങ്ങൾ നിലവിൽ വരും മുൻപും അതുണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾ വന്ന ശേഷം അവയുടെ എണ്ണവും പ്രചരിക്കുന്നതിന്റെ വ്യാപ്തിയും വർധിച്ചെന്നു മാത്രം. ‘ഞാൻ മരിച്ചിട്ടില്ല’ എന്നും ‘മരിക്കുമ്പോൾ അറിയിക്കാം’ എന്നും ‘തൽക്കാലം ജീവിച്ചിരിക്കുന്നു’ എന്നുമൊക്കെ അത്തരം വാർത്തകളോട് ഫലിതോക്തിയോടെ പ്രതികരിച്ചവരുണ്ട്!

പല രീതിയിലാണ് ഇത്തരം വാർത്തകളുടെ ഉദ്ഭവം. 2003ൽ പ്രമുഖ രാജ്യാന്തര ചാനലിന്റെ വെബ്സൈറ്റിൽ ഒട്ടേറെ പ്രമുഖരുടെ ചരമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. മുൻകൂർ തയാറാക്കി വച്ച കുറിപ്പുകൾ സാങ്കേതികത്തകരാർ മൂലം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു. ഉടൻ തന്നെ അവരതു പിൻവലിക്കുകയും ചെയ്തു. വാർത്താ സ്രോതസ്സുകളിൽനിന്നുള്ള തെറ്റായ വിവരങ്ങൾ മൂലവും ഇതു സംഭവിക്കാം. പ്രത്യേകിച്ചും, ആശുപത്രികളിൽനിന്നും മറ്റും.

മേൽപറഞ്ഞവ അബദ്ധങ്ങളാണെങ്കിൽ, ബോധപൂർവം തെറ്റായ മരണവാർത്ത പ്രചരിപ്പിക്കുന്നവരുമുണ്ട്. അതാണ് ഏറ്റവും അപകടകരവും. ഈ ക്രൂരതയ്ക്ക് ഇരയായ നൂറുകണക്കിനു പ്രമുഖരുണ്ട്. കേരളത്തിലും ചലച്ചിത്ര, സാംസ്കാരിക, അക്കാദമിക മേഖലകളിലുള്ള ഒട്ടേറെപ്പേരെ ഇങ്ങനെ ‘പരേതരാക്കിയിട്ടുണ്ട്’. സമൂഹത്തിൽ ഭീതിയും അസ്വാസ്ഥ്യവും വളർത്തുക, സാമ്പത്തിക തട്ടിപ്പുകൾ അടക്കം നടത്തുക എന്നിവയൊക്കെയാകാം, ഇത്തരം വ്യാജവാർത്തകൾ നിർമിക്കുന്നവരുടെ ലക്ഷ്യം.

ഇത്തരം വാർത്തകൾ വാട്സാപ്പിലും മറ്റും കിട്ടുമ്പോൾ, പരിശോധിച്ചു സത്യമറിയാതെ ഫോർവേഡ് ചെയ്യരുത്.

ആ ഒടിഞ്ഞ കാൽ വേറെയാണ്!

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാൽ നന്ദിഗ്രാമിൽ വച്ച് ഒടിഞ്ഞ വാർത്ത നമ്മളെല്ലാം അറിഞ്ഞതാണ്. അവർ ആശുപത്രിയിൽ കിടക്കുന്ന ചിത്രം മലയാള മനോരമ അടക്കം പല പത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, മമതയ്ക്ക് അപകടമുണ്ടായ ഉടൻ, ആ ഒടിഞ്ഞ കാൽ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പരക്കാൻ തുടങ്ങി. അതു മമതയുടെ കാലല്ല, വർഷങ്ങളായി ഇന്റർനെറ്റിലുള്ളതാണ്!

വ്യാജ ഫാസ്ടാഗിനെ സൂക്ഷിക്കുക

രാജ്യത്തു വാഹനങ്ങൾക്കു ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഇതിന്റെ മറവിൽ തട്ടിപ്പിനു പുതിയ മാർഗവുമായി വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകളിലൂടെ ഇവർ വ്യാജ ഫാസ്ടാഗ് വിൽപന നടത്തുന്നതായി നാഷനൽ ഹൈവേ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.

അംഗീകൃത സൈറ്റുകളിലാണ് റജിസ്റ്റർ ചെയ്യുന്നതെന്ന് ഉറപ്പാക്കിയ ശേഷമേ പണം കൈമാറാവൂ. MyFASTag app, www.ihmcl.co.in എന്നിവിടങ്ങളിൽനിന്നോ അംഗീകൃത ബാങ്കുകൾ, പേയ്മെന്റ് ആപ്പുകൾ എന്നിവയിൽനിന്നോ ഫാസ്ടാഗ് വാങ്ങാം. IHMCL വെബ്സൈറ്റിൽ ഫാസ്ടാഗ് ലഭ്യമായ ബാങ്കുകളുടെ പട്ടിക കൊടുത്തിട്ടുണ്ട്.

Content Highlight: Vireal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA