ADVERTISEMENT

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കള്ളവോട്ടിന് ഒത്താശ ചെയ്താൽ സസ്പെൻഷനും നിയമനടപടിയും നേരിടേണ്ടിവരുമെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. അര ലക്ഷത്തോളം സേനാംഗങ്ങളെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാലേക്കൂട്ടി കേന്ദ്രസേന എത്തുകയും ചെയ്തു. തപാൽവോട്ടിൽ കൃത്രിമം നടക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയതായും കമ്മിഷൻ പറയുന്നു. പക്ഷേ, ഏതു സുരക്ഷയിലും പഴുതു കണ്ടെത്തുന്ന കള്ളന്മാരെപ്പോലെയാണു കള്ളവോട്ടിന്റെ ആസൂത്രകർ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും പേടി കണ്ണൂർ, കാസർകോട് ജില്ലകളെയാണ്. ഈ രണ്ടു ജില്ലകളിൽ മാത്രം 100% ബൂത്തിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്താനാണു തീരുമാനം. കണ്ണൂരിന്റെ ചെറു പതിപ്പുകളെങ്കിലും മറ്റു ജില്ലകളിൽ അരങ്ങേറുമെന്ന ആശങ്കയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. 

‘തിരഞ്ഞെടുപ്പു ഡ്യൂട്ടി എന്നു കേൾക്കുമ്പോൾ എനിക്കു ഭയമാണ്. ബൂത്ത് കയറിയുള്ള ആക്രമണത്തിന്റെയും ഞങ്ങൾക്കെതിരെയുള്ള ആക്രോശത്തിന്റെയും ദൃശ്യമാണു കൺമുൻപിൽ’ – കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്ത പോളിങ് ഉദ്യോഗസ്ഥ ആ അനുഭവം വിവരിക്കുന്നതു ഭീതിയോടെയാണ്. 

രാവിലെ മുതൽ കംപാനിയൻ വോട്ടുകളുടെ പേരിൽ കൃത്രിമം നടക്കുന്നുണ്ടായിരുന്നു. ഒരാൾതന്നെ വന്ന് നിയമവിരുദ്ധമായി ഒട്ടേറെപ്പേരുടെ സഹായിവോട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥർ ഇതു വിലക്കിയെങ്കിലും നിർബാധം തുടർന്നു. വൈകിട്ട് ഒരാൾ എത്തിയതു തിരിച്ചറിയൽ രേഖയില്ലാതെ. രേഖ നൽകണമെന്നു ബൂത്തിലുണ്ടായിരുന്ന യുഡിഎഫ് ഏജന്റ് ആവശ്യപ്പെട്ടതോടെ, വോട്ടർ ഏജന്റിനു നേർക്കു പാഞ്ഞടുത്തു. കുറെപ്പേർ കൂടി ഓടിക്കയറി വന്നു. ഏജന്റിനെ വളഞ്ഞിട്ടു മർദിച്ചു. മുണ്ടു വലിച്ചൂരിയെറിഞ്ഞു, ഷർട്ട് കീറിപ്പറിച്ചു. അഞ്ച് ഉദ്യോഗസ്ഥരിൽ ഞങ്ങൾ മൂന്നുപേർ വനിതകളായിരുന്നു. ബൂത്തിന്റെ മൂലയ്ക്ക് ഒതുങ്ങിക്കൂടിയ ഞങ്ങൾ ഭയംകൊണ്ടു കണ്ണടച്ചു. കണ്ണു തുറന്നപ്പോൾ കാണുന്നത് മുഖത്തു ചോരയൊലിപ്പിച്ചു നിൽക്കുന്ന യുഡിഎഫ് ഏജന്റിനെയാണ്. വെബ് ക്യാമറ കേടുവരുത്തിയിരുന്നു. കാർഡില്ലാതെ വരുന്നവരെയും വോട്ട് ചെയ്യിച്ചേക്കണമെന്നു ജനലിലൂടെ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ മടങ്ങിയത്’. 

ആക്രമിക്കപ്പെട്ട ഏജന്റ് മനോജിന്റെ കർണപുടം പൊട്ടി. കേൾവിക്കു തകരാർ സംഭവിച്ചു. നിസ്സാര വകുപ്പുകൾ ചുമത്തിയാണ് അക്രമികൾക്കെതിരെ കേസെടുത്തത്. കള്ളവോട്ട് ചെയ്തതിനെക്കുറിച്ച് അന്വേഷിച്ചിട്ടുമില്ല. 

പ്രതികരിച്ചാൽ മുറ്റത്ത് ബോംബ്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിലാത്തറ യുപി സ്കൂളിലെ സ്വന്തം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഷാലറ്റ് എന്ന വനിത. തന്റെ വോട്ട് മറ്റാരോ ചെയ്തെന്നറിഞ്ഞു ഷാലറ്റ് പ്രതിഷേധിച്ചു. ബൂത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ സിപിഎമ്മിന്റെ മുൻ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു സ്ത്രീകൾ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തി. ഇവിടെ റീപോളിങ് നടന്ന ദിവസം വോട്ട് ചെയ്തിറങ്ങിയ ഷാലറ്റിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പൊലീസ് സംരക്ഷണത്തിലാണു വീട്ടിലെത്തിച്ചത്. അവിടംകൊണ്ടും തീർന്നില്ല. അടുത്ത ദിവസം ഷാലറ്റിന്റെ വീടിനു നേരെ ബോംബേറ്. വീടിന്റെ പടിയിൽ വീണു സ്റ്റീൽ ബോംബ് പൊട്ടി. ജനൽചില്ല് തകർന്നു. കേസിന്റെ പിന്നാലെ ഇപ്പോഴും നടക്കുകയാണു ഷാലറ്റ്. 

കള്ളവോട്ട് വീഴുന്ന വഴികൾ

1. ഇരട്ടവോട്ട്: വീടിരിക്കുന്നിടത്ത് വോട്ടുള്ളവർ ജോലിക്കായി താമസിക്കുന്നിടത്തും വോട്ട് ചേർക്കും. ബിഎൽഒയുടെ പരിശോധന കൃത്യമല്ലെങ്കിൽ രണ്ടിടത്തും വോട്ട് കിടക്കും. ഒരിടത്തു വോട്ടറും രണ്ടാമത്തെയിടത്ത് പാർട്ടിയും വോട്ടു ചെയ്യും. 

2. പോസ്റ്റൽ ബാലറ്റ്: തപാൽ വോട്ടിന് അർഹതയുള്ളവർ (ഉദാ: പൊലീസ് സേനാംഗങ്ങൾ) ഒരുമിച്ചു താമസിക്കുന്ന ക്യാംപുകളിലേക്കും മറ്റും തപാൽ ബാലറ്റ് എത്തുമ്പോൾ, അസോസിയേഷൻ നേതാക്കൾ ഇതു കൂട്ടത്തോടെ കൈപ്പറ്റി വോട്ട് ചെയ്തു മടക്കുന്ന രീതിയുണ്ട്. 

3. സഹായി വോട്ട്: കാഴ്ചപരിമിതർക്കും അവശർക്കുമാണു കംപാനിയൻ വോട്ട്. എന്നാൽ, വോട്ടറുടെ സമ്മതം പോലുമില്ലാതെ സഹായി തനിക്ക് ഇഷ്ടമുള്ളയാൾക്കു വോട്ടു ചെയ്യും. 

4. സ്ഥലത്തില്ലാത്തവരുടെ വോട്ട്: വിവാഹമോ ജോലിയോ മൂലം ബൂത്തിൽ സ്ഥിരമായി താമസമില്ലാത്തവർ, മരിച്ചുപോയവർ, വീടുമാറിയവർ എന്നിവരുടെ പട്ടിക (ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റഡ് ലിസ്റ്റ്) ബിഎൽഒമാർ ശേഖരിച്ചു പ്രിസൈഡിങ് ഓഫിസറെ ഏൽപിക്കണമെന്നാണു ചട്ടം. എന്നാൽ, ബിഎൽഒമാർ മിക്കവരും ഇങ്ങനെയൊരു പട്ടിക തയാറാക്കാറില്ല. 

5. ബൂത്തു പിടിത്തം: എതിർകക്ഷിയുടെ ഏജന്റിനെ മർദിച്ച് ഓടിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം സംഘടിതമായി ബൂത്തിൽ കയറി കൂട്ടത്തോടെ മറ്റുള്ളവരുടെ വോട്ടു ചെയ്യുന്ന രീതി. 

50 പൈസ മതി ‌ഒരു കള്ളവോട്ടിന്

മണ്ഡലത്തിൽ താൽക്കാലികമായി താമസിക്കുന്നവരെയും അതിഥിത്തൊഴിലാളികളെയുമൊക്കെ അനധികൃതമായി പട്ടികയിൽ ചേർത്താണു കള്ളവോട്ടിനു കളമൊരുക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന ഒരു കെട്ടിടത്തിന്റെ പേരിൽ വിലാസമുണ്ടാക്കുകയാണ് ആദ്യപടി. ഈ വിലാസത്തിലേക്കു കത്തുകൾ വന്നിരുന്നുവെന്നു തെളിയിക്കാൻ, 50 പൈസയുടെ തപാൽ കാർഡിൽ പഴയൊരു തീയതി വച്ച് എന്തെങ്കിലും കുറിച്ച്, മറുവശത്ത് ഈ വിലാസം രേഖപ്പെടുത്തും. ഈ കാർഡ് തെളിവായി നൽകുന്നതോടെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. ഏതു പാർട്ടിക്കാരാണോ പേരു ചേർത്തത്, തിരഞ്ഞെടുപ്പു ദിവസം ഈ വ്യാജ വോട്ടറുടെ പേരിൽ അവരുടെ ആളുകൾ ബൂത്തിലെത്തി വോട്ട് ചെയ്യും. 

നാളെ: ഓപ്പൺ വോട്ടിലെ കള്ളങ്ങൾ! 

Content Highlight: Election fraud series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com