കാക്കക്കൂടും മ(ാ)ണിക്കുയിലും!

image
SHARE

കാക്കക്കൂട്ടിൽ കുയിൽ മുട്ടയിടുമെന്നും കുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങുമ്പോൾ കാക്കയെ കളിയാക്കി കുഹു, കുഹു എന്നു കൂവാറുണ്ടെന്നും കേട്ടിട്ടുണ്ട്. പ്രഫഷനൽ പക്ഷിനിരീക്ഷകനല്ലാത്തതിനാൽ ഇതൊന്നും നേരിട്ടു കണ്ടിട്ടും കേട്ടിട്ടുമില്ല. എന്നാൽ, കമ്യൂണിസ്റ്റ് കാക്കക്കൂട്ടിൽ കുയിൽ മുട്ടയിടുന്നതും കുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങി കമ്യൂണിസ്റ്റുകാരെ നോക്കി കുഹു, കുഹു എന്നു കൂവുന്നതും കാണുന്നതും കേൾക്കുന്നതും ആദ്യമാണ്. 

ഹോബിയെന്ന മട്ടിൽ പിറവത്തു പക്ഷിനിരീക്ഷണം നടത്തുമ്പോഴാണ് ഈ കാഴ്ച കണ്ടത്. കുയിൽക്കുഞ്ഞിന്റെ പേര് സിന്ധുമോൾ ജേക്കബ്. ആദ്യം ഈ കുഞ്ഞു വിരിഞ്ഞിറങ്ങിയതു സിപിഐയുടെ കൂട്ടിലാണെന്നു പ്രദേശവാസികൾ പറഞ്ഞു. അവിടെ നിന്നിറങ്ങി സിപിഎമ്മിന്റെ കൂട്ടിൽ ചേക്കേറി. കുയിലാണെന്ന് അറിഞ്ഞിട്ടും സിപിഎം കാക്കകൾ അർഹിക്കുന്നതിലേറെ വാത്സല്യം നൽകിയാണു കുയിൽക്കുഞ്ഞിനെ പോറ്റിയത്. 4 തവണയാണു തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റു നൽകിയത്. അവിടെയും യഥാർഥ കാക്കക്കുഞ്ഞുങ്ങൾക്ക് അവഗണന തന്നെ. 

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോഴും ബംപറടിച്ചതു കുയിൽക്കുഞ്ഞിനു തന്നെ. പക്ഷേ, ഇത്തവണ കാക്കയുടെ കറുപ്പിന്റെ ബലത്തിലല്ല, മ(ാ)ണിക്കുയിലിന്റെ മണിനാദത്തിന്റെ അകമ്പടിയോടെയാണ്. 4 വട്ടം മഴയും വെയിലും കൊള്ളാതെ രക്ഷിച്ച കുട ചിഹ്നം ഉപേക്ഷിച്ച് രണ്ടിലയുടെ തണലിലാണ് ഇത്തവണത്തെ മത്സരം. 

വീട്ടിൽ ആവശ്യത്തിലേറെ കുട്ടികളുള്ളവർ ഒന്നോ രണ്ടോ കുട്ടികളെ കുട്ടികളില്ലാത്തവർക്കു ദത്തു നൽകുന്നതു പോലെ ഇതിനെയും കണ്ടാൽ മതി. മാണിസാറിന്റെ കുടുംബത്തിൽനിന്നു മരുമകൻ എം.പി.ജോസഫിനെ ഔസേപ്പച്ചന്റെ അതിപുരാതന കുടുംബത്തിന്റെ തൃക്കരിപ്പൂർ ശാഖയിലേക്കു ദത്തു നൽകിയില്ലേ? ഔസേപ്പച്ചന്റെ കുടുംബത്തിലും നടന്നു ഒരു ദത്തുനൽകൽ. മരുമകൻ ഡോ. ജോസ് ജോസഫിനെ ട്വന്റി20 തറവാടിന്റെ കോതമംഗലം ശാഖയിലേക്കാണു ദത്തു നൽകിയത്. 

ദത്തെടുക്കലും നൽകലും കേരള കോൺഗ്രസുകളുടെ മാത്രം കുത്തകയല്ല. കുന്നമംഗലത്തു സ്ഥാനാർഥിയാക്കാൻ ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയെയാണ് കോൺഗ്രസ് ലീഗിനു ദത്തു നൽകിയത്. പണ്ട് ഇവിടെത്തന്നെ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന യു.സി.രാമനെയും ലീഗിനു ദത്തു നൽകിയിരുന്നു. 

സിപിഎമ്മിന്റെ കൂട്ടിൽ ആവശ്യത്തിലേറെ കാക്കക്കുഞ്ഞുങ്ങൾ ഉള്ളപ്പോൾ വെറുതെയെന്തിന് ഒരു മ(ാ)ണിക്കുയിലിനെ തീറ്റിപ്പോറ്റണം? കാക്കയും കറുത്തത്, കുയിലും കറുത്തത്. പിന്നെ ഇവ തമ്മിൽ എന്തു വ്യത്യാസമെന്ന പഴയൊരു ചോദ്യമുണ്ട്. വസന്തം വരുമ്പോൾ കാക്ക കാക്കയും കുയിൽ കുയിലുമാകുമെന്നാണ് ഉത്തരം. സിപിഎം കാക്കയും മ(ാ)ണിക്കുയിലും തമ്മിൽ എന്താണു വ്യത്യാസം എന്നാണ് ഇപ്പോഴത്തെ ചോദ്യം. തിരഞ്ഞെടുപ്പു വരുമ്പോൾ കാക്ക കാക്കയും മ(ാ)ണിക്കുയിൽ മാണിക്കുയിലുമാകുമെന്നാണ് ഉത്തരം. 

കണക്കിലെ കളികൾ

ഏതു മുന്നണിക്കു കേരളത്തിൽ സർക്കാർ ഉണ്ടാക്കണമെങ്കിലും 71 സീറ്റെങ്കിലും ഒപ്പിക്കണം. എന്നാൽ, ബിജെപിക്ക് അതിന്റെ പകുതി സീറ്റുപോലും വേണ്ട. പറയുന്നതു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാകുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. 140 സീറ്റിന്റെ പകുതി+1=71 എന്നതാണു സാധാരണ ലളിതഗണിതം. എന്നാൽ, ബിജെപിക്കു ലളിതഗണിതത്തിൽ വലിയ വിശ്വാസമില്ല. സങ്കീർണ ഗണിതത്തിലാണ് അവർക്കു താൽപര്യം. 

കേരളത്തിൽ 40 സീറ്റ് കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കുമെന്നാണു സുരേന്ദ്രൻജി ആദ്യം പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം വഴിക്കണക്കു മാറ്റിച്ചെയ്തു നോക്കിയപ്പോൾ ഉത്തരം മാറി. 35 സീറ്റ് കിട്ടിയാലും സർക്കാർ നിർമിച്ചെടുക്കാമെന്നാണു പുതിയ കണ്ടെത്തൽ. ഏപ്രിൽ 6നു വോട്ടെടുപ്പു കഴിയുമ്പോൾ കണക്കു വീണ്ടും മാറ്റിച്ചെയ്തു നോക്കും. അപ്പോൾ ആവശ്യമായ സീറ്റിന്റെ എണ്ണം ഗണ്യമായി കുറയാനാണു സാധ്യത. 

സർക്കാർ രൂപീകരിക്കാനുള്ള സാധനസാമഗ്രികൾ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വമ്പൻ കണ്ടെയ്നറുകളിൽ അട്ടിയട്ടിയായി അടുക്കിവച്ചിട്ടുണ്ട്. കർണാടകയിലേക്കും ഗോവയിലേക്കുമെല്ലാം ഈ കണ്ടെയ്നറുകളിൽ ചിലത് അയയ്ക്കേണ്ട താമസമേയുണ്ടായുള്ളൂ. അവിടെയെല്ലാം ബിജെപി സർക്കാരുകൾ വന്നു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാൽ ഇവിടേക്കു കുറച്ചു കൂടുതൽ കണ്ടെയ്നറുകൾ അയയ്ക്കേണ്ടി വരുമെന്നേയുള്ളൂ. 

രാഷ്ട്രീയ കേരളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സ് ആണെന്നു തിരിച്ചറിഞ്ഞ സുരേന്ദ്രൻജി, കൂട്ടലിന്റെയും കിഴിക്കലിന്റെയും തിരക്കിലാണ്. അദ്ദേഹത്തിന്റെ കണക്കുകൾ വെറും പാഴ്ക്കണക്കുകളല്ല. ‘കൂട്ടുന്നു, പിന്നെ കിഴിക്കുന്നു/ഒടുവിൽ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു’ എന്നു പാടിയപോലെ ആകാതിരുന്നാൽ ഭാഗ്യം. 

പശ്ചാത്താപവും തിരഞ്ഞെടുപ്പും

കടകംപള്ളി സഖാവ് അതീവ ഖിന്നനും പശ്ചാത്താപ വിവശനുമാണ്. രണ്ടു കൊല്ലം മുൻപ് നവോത്ഥാനം മൊത്തമായി നടപ്പാക്കാൻ രണ്ടും കൽപിച്ചിറങ്ങിയതിനെച്ചൊല്ലിയാണ് ഈ ഖിന്നതയും പശ്ചാത്താപവുമെല്ലാം. അന്നു സഖാവ് ചെറുപ്പക്കാരനായിരുന്നു. അധികാരവുമുണ്ടായിരുന്നു. അധികാരം ഇപ്പോഴുമുണ്ട്. പക്ഷേ, ചെറുപ്പം ചോർന്നുപോയി. അധികാരവും ചെറുപ്പവും പിന്നെ വേറെ ചിലതുമുണ്ടെങ്കിൽ അവിവേകം കാണിക്കുന്നതു സ്വാഭാവികം. അത്തരത്തിലൊരു അവിവേകമാണു ശബരിമലയിൽ സംഭവിച്ചത്. 

സന്നിധാനത്തു യുവതികളെ പ്രവേശിപ്പിക്കാമെന്നു സുപ്രീംകോടതി വിധിച്ചതു സഖാവിന്റെ സ്വാധീനം കൊണ്ടല്ല. കോടതികളോടു സഖാവിനും പാർട്ടിക്കും പെരിയ ബഹുമാനമാണ്. ജഡ്ജിമാരെ ശുംഭൻ എന്നു വിളിച്ചതും അതിനു ‘പ്രകാശം പരത്തുന്നവൻ’ എന്നു ടിപ്പണി നൽകിയതും സഖാവിന്റെ പാർട്ടിക്കാരൻ തന്നെയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാൻ മരിക്കാനും തയാറെന്നു കടകംപള്ളി സഖാവു പറഞ്ഞതല്ല. ചെറുപ്പവും അധികാരവും ചേർന്ന് അദ്ദേഹത്തെക്കൊണ്ടു പറയിപ്പിച്ചതാണ്. സാഹചര്യങ്ങളുടെ സമ്മർദംകൊണ്ടു നരഭോജിയാകുന്ന കടുവയെ ആരെങ്കിലും കുറ്റപ്പെടുത്താറുണ്ടോ? ആ ന്യായം മന്ത്രിക്കും ബാധകമാണ്. 

ഇപ്പോൾ ചെറുപ്പം ചോർന്നുപോയി. അധികാരം എത്രകാലം നിലനിൽക്കുമെന്നു തീർച്ചയില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെട്ടുവെന്നു ബോധ്യമായത്. ആ വ്രണങ്ങളിൽ തൈലം പുരട്ടാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇനി എന്തും ചെയ്യുന്നതു വിശ്വാസികളുമായി കൂടിയാലോചിച്ചായിരിക്കും. 

കഴക്കൂട്ടത്തു സമർപ്പിക്കേണ്ട നാമനിർദേശപത്രിക ശബരിമലയിൽ പൂജയ്ക്കു വച്ചതായിരിക്കണമെന്നാണ് ആഗ്രഹം. പറ്റിയാൽ സന്നിധാനത്തു ശയനപ്രദക്ഷിണവും നടത്തും. എല്ലാം കഴിഞ്ഞു പത്രിക സമർപ്പിക്കാൻ എകെജി സെന്ററിൽനിന്ന് ഇറങ്ങുമ്പോൾ ഒറ്റ വിളിയായിരിക്കും: സ്വാമിയേ ശരണമയ്യപ്പാാാ... 

ഇതെല്ലാം കണ്ണിൽ പൊടിയിടാനാണെന്നാണു ചിലർ പറയുന്നത്. എക്കാലത്തും ഇങ്ങനെ ചില കൂട്ടർ ഉണ്ടാകും. ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവാണെന്നു പറയും. കുടൽമാല വലിച്ചു പുറത്തിട്ടാൽ വാഴനാരാണെന്നു വിധി കൽപിക്കും. ഇത്തരക്കാരിൽ നിന്നു നിന്തിരുവടികൾ തന്നെ മന്ത്രിയെ കാത്തുരക്ഷിക്കണേ പൊന്നുസ്വാമിയേ... 

∙ സ്റ്റോപ് പ്രസ്: ഭാരതീയ നാഷനൽ ജനതാദളിനു യുഡിഎഫ് നൽകിയ സീറ്റ് കോൺഗ്രസിനോടു തിരിച്ചെടുത്തോളാൻ ദൾ. 

ഭാരതീയവും നാഷനലുമായ ഒരു പാർട്ടിയുടെ മഹത്തായ ഔദാര്യം! 

Content Highlight: Kerala Assembly Elections 2021 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA