ADVERTISEMENT

മറ്റാരുടെയെങ്കിലും നിയന്ത്രണത്തിനു വിധേയമായാണ് എല്ലാവരുടെയും യാത്രകൾ. എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ച് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു മാത്രം ചെയ്യുന്ന ആരും കാണില്ല. സൗഹൃദവും ശത്രുതയും അടുപ്പവും അകലവുമെല്ലാം നിയന്ത്രണശേഷിയുള്ള ഘടകങ്ങളാണ്. ആരാണു നിയന്ത്രിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ജീവിതത്തിന്റെ ഗതി തീരുമാനിക്കപ്പെടുന്നത്. 

ലക്ഷ്യബോധവും നിശ്ചയദാർഢ്യവും ഗുണമേന്മയുമുള്ള ഡ്രൈവർമാർ കൂടെയുണ്ടെങ്കിൽ ഏത് ഉലച്ചിലുകൾക്കിടയിലും യാത്ര നിർബാധം തുടരും. പ്രലോഭകരോ അലസരോ ആണ് ഡ്രൈവിങ് സീറ്റിലെങ്കിൽ പല യാത്രകളും തുടങ്ങില്ല; തുടങ്ങിയാലും വഴിതെറ്റും. മുന്നോട്ടു നയിക്കാൻ അറിയുന്നവരെ സഹകാരികളാക്കുക എന്നതാണ് നിശ്ചലമാകാതിരിക്കാനുള്ള അടിസ്ഥാന മാർഗം. 

കടിഞ്ഞാൺ ഏൽപിക്കുന്നവർക്കു കരുതലുണ്ടാകണം; ക്ഷമയും കാര്യശേഷിയും ഉണ്ടാകണം. എല്ലാവർക്കും എല്ലാവരെയും വഴികാട്ടാനാകില്ല. വഴി അറിയാവുന്നവരെയും ആ വഴിയിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക അസ്വസ്ഥതകളും അപരിചിതത്വവും പരിഹരിക്കാൻ അറിയാവുന്നവരെയും വേണം നിയന്ത്രണം ഏൽപിക്കാൻ. 

എല്ലാ കാര്യങ്ങളും എക്കാലവും ആർക്കും തനിച്ചു ചെയ്യാനാകില്ല. ഒരു താങ്ങ് വേണമെന്നു തിരിച്ചറിയുകയും താങ്ങാകുന്നവരെ അംഗീകരിക്കുകയും വേണം. തണലാകുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിച്ചാൽ പിന്നെ വെയിൽ കൊള്ളുകയേ നിവൃത്തിയുള്ളൂ. കൂടെ നിൽക്കുന്നവരുടെ കഴിവിനെയും കരുത്തിനെയും മാത്രം ആശ്രയിച്ചു നീങ്ങേണ്ടി വരുമ്പോൾ അവരെ ബഹുമാനിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. 

അളന്നെടുത്ത് ചേർത്തുനിർത്തിയവരെല്ലാം അകന്നുപോകുമ്പോൾ ക്ഷണിക്കാതെ കയറി‌വരുന്നവരാകും കരുത്താകുക. അന്യരെല്ലാം അപകടകാരികളല്ല; ചിലരെങ്കിലും ആശ്വസകേന്ദ്രങ്ങളും ആത്മാർഥതയുടെ അവതാരങ്ങളുമാകും. 

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com