നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ, കള്ളവോട്ടിലൂടെയും തപാൽവോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് ഓർമിപ്പിക്കുന്നുണ്ട്, ഈ തിരഞ്ഞെടുപ്പും.
തിരഞ്ഞെടുപ്പു കമ്മിഷനും ഉദ്യോഗസ്ഥരും സാധ്യമായ മുൻകരുതലുകളെല്ലാമെടുത്തിട്ടും കള്ളവോട്ട് നിർബാധം നടക്കുന്നുവെന്നതാണു വസ്തുത. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നിടത്തു മുതൽ അതിനുള്ള ആസൂത്രണം തുടങ്ങുകയാണ്. തപാൽ ബാലറ്റിലും കള്ളവോട്ടുകൾ തിരുകിക്കയറ്റിയ സംഭവങ്ങൾ എത്രയോ നമ്മൾ കണ്ടു. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കള്ളവോട്ടാണെ സത്യം’ എന്ന പരമ്പര ഈ ദിശയിലുള്ള അന്വേഷണമാണ്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയുമൊക്കെ പേരിൽ ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുന്നു. ഇരട്ടവോട്ടിലും സഹായിവോട്ടിലുമൊക്കെയുണ്ട് കള്ളവോട്ടിന്റെ സാധ്യതകൾ. രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്തിനും ഭീഷണിക്കും വശംവദരാകുന്ന ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നു. എതിർപാർട്ടികളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചോടിച്ച്, ഉദ്യോഗസ്ഥരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ബൂത്ത് പിടിച്ചുള്ള കള്ളവോട്ടുകളും കേരളം കണ്ടിട്ടുണ്ട്.
നിർഭാഗ്യകരമെന്നു പറയട്ടെ, രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ എപ്പോഴും ചർച്ചയാകുന്ന കണ്ണൂർ, കാസർകോട് ജില്ലകൾക്കാണു കള്ളവോട്ടിന്റെ ദുഷ്പേരും കാര്യമായി ചാർത്തിക്കിട്ടിയിരിക്കുന്നത്. രാഷ്ട്രീയം കൊണ്ടു ജയിക്കാൻ പറ്റാതെ വരുമ്പോഴാണു കള്ളവോട്ടുകൊണ്ടു ജയിക്കാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാകുന്നത്. ജയിക്കാൻ മാത്രമല്ല, പാർട്ടിക്കോട്ടകളിൽ സ്വന്തം സ്ഥാനാർഥിക്കു റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുക്കാനും പലപ്പോഴും പ്രവർത്തകർ കള്ളവോട്ടു ചെയ്യുന്നു. ഇത്തരം ജനാധിപത്യവിരുദ്ധ മാർഗങ്ങൾ സ്വീകരിച്ച് തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുന്നത് ഒരു പാർട്ടിക്കും ഭൂഷണമല്ല.
കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കള്ളവോട്ട് തടയാൻ ബൂത്തുകളിൽ നിരീക്ഷണസമിതിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം ശക്തികേന്ദ്രങ്ങളിൽ എതിർകക്ഷികളുടെ ഏജന്റുമാരെ ബൂത്തിലിരിക്കാൻ പോലും സമ്മതിക്കാത്ത രാഷ്ട്രീയ പാർട്ടികളുണ്ട്. അവിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ശക്തമായ ഇടപെടലുണ്ടായാൽ മാത്രമേ ഈ തിരഞ്ഞെടുപ്പിലെങ്കിലും കള്ളവോട്ടു രാഷ്ട്രീയത്തിനു മാറ്റമുണ്ടാക്കാനാകൂ. കള്ളവോട്ടിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും ശിക്ഷാ നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഇന്നുവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾപോലും കള്ളവോട്ടിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണു ചരിത്രം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നതിന്റെ പേരിൽ കണ്ണൂരിൽ ഏതാനും ഉദ്യോഗസ്ഥരെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നുവെന്നു മാത്രം. കള്ളവോട്ടു ചെയ്യുന്നവർക്കെതിരെ കേസെടുക്കാറുണ്ടെങ്കിലും അവർ പിഴയടച്ച് കേസിൽനിന്ന് ഒഴിവാകുന്നതാണു പതിവ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും മറ്റൊരാളുടെ വോട്ടവകാശം കവർന്നെടുക്കുകയും ചെയ്യുന്നവർക്കു കടുത്ത ശിക്ഷയുണ്ടാവുക തന്നെ വേണം.
കണ്ണൂർ, കാസർകോട് ജില്ലകളിൽ 100 ശതമാനവും മറ്റു ജില്ലകളിൽ 50 ശതമാനവും വെബ് കാസ്റ്റിങ് ഏർപ്പെടുത്താനുള്ള തീരുമാനം നല്ലതുതന്നെ. എന്നാൽ, ഇവ കൃത്യമായി നിരീക്ഷിക്കുകയും കള്ളവോട്ടു ചെയ്യാനെത്തുന്നവരെ തെളിവു സഹിതം പിടികൂടുകയും വേണം. പ്രവർത്തകർ കള്ളവോട്ടു കേസിൽ പ്രതികളായാലും അവരെ തള്ളിപ്പറയാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകാറില്ല. കള്ളവോട്ടിലൂടെ ജയിക്കുന്നതും ഭൂരിപക്ഷം വർധിപ്പിക്കുന്നതും നാണംകെട്ട ജയമാണെന്ന തിരിച്ചറിവു രാഷ്ട്രീയ പാർട്ടികൾക്കുണ്ടായേ തീരൂ.
ഏറ്റവുമധികം പേർക്കു തപാൽവോട്ട് അനുവദിച്ചിരിക്കുന്ന തിരഞ്ഞെടുപ്പാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവർക്ക് അനുവദിച്ച തപാൽവോട്ട് ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാൻ കൃത്യമായ നിരീക്ഷണസംവിധാനമുണ്ടാകണം. സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങാതിരിക്കാനുള്ള ധൈര്യം പോളിങ് ഉദ്യോഗസ്ഥർക്കു നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസും മുന്നോട്ടുവരികയും വേണം.