ADVERTISEMENT

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കള്ളവോട്ടു തടയാൻ ശ്രമിച്ചതിനു സിപിഎം എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുയർത്തിയത് കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന കാർഷിക സർവകലാശാലാ ഉദ്യോഗസ്ഥനാണ്. ഗുരുതരമായ ആരോപണമുന്നയിച്ച് പ്രിസൈഡിങ് ഓഫിസർ പരാതി നൽകിയിട്ടും ഇതുവരെ തെളിവെടുപ്പു പൂർത്തിയായിട്ടില്ല.

വോട്ടു ചെയ്തവർ തിരിച്ചറിയൽ കാർഡുമായി സംഘടിതമായി എത്തി വീണ്ടും വോട്ടിനു ശ്രമിച്ചപ്പോഴാണു പ്രിസൈഡിങ് ഓഫിസർ തടഞ്ഞത്. എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ പരാതി. പ്രശ്നബാധിത ബൂത്ത് എന്ന നിലയിൽ ഏർപ്പെടുത്തിയിരുന്ന വിഡിയോ ദൃശ്യം പരിശോധിച്ചാൽ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവു ലഭിക്കുമെന്നാണ് പ്രിസൈഡിങ് ഓഫിസറുടെ വാദം. കലക്ടർ ഓൺലൈൻ വഴി ഇദ്ദേഹത്തിന്റെ മൊഴിയെടുത്തെങ്കിലും വിഡിയോ പരിശോധിക്കുന്നതുൾപ്പെടെ മറ്റു തെളിവെടുപ്പുകൾ നടന്നിട്ടില്ല. 

പരാതിപ്പെടാനോ കള്ളവോട്ടു തടയാനോ ഉള്ള ധൈര്യം ബൂത്തിലെ മിക്ക ഉദ്യോഗസ്ഥർക്കുമുണ്ടാകാറില്ല. കേസിനു പിന്നാലെ നടക്കാനുള്ള ബുദ്ധിമുട്ടാണ് ഒരു ഘടകം. മറ്റൊന്ന്, സർവീസിനിടെ പ്രതികാര നടപടിയുണ്ടാകുമോ എന്ന ഭയം.

ഓപ്പൺ വോട്ടിലെ കള്ളങ്ങൾ

സംസ്ഥാനത്ത് ഏറ്റവുമധികം ഓപ്പൺ (കംപാനിയൻ) വോട്ടുകൾ നടന്നതു കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലാണ്. എന്നാൽ, ഇതിന്റെ കൃത്യമായ ഔദ്യോഗിക കണക്ക് ഒരു ഉദ്യോഗസ്ഥന്റെയും കയ്യിലില്ല. ഓപ്പൺ വോട്ടിനായി വോട്ടർ നൽകുന്ന ഫോമിലെ വിവരങ്ങൾ മറ്റൊരു ഫോമിലേക്കു പകർത്തിയെഴുതേണ്ടതും ഇതിന്റെ പട്ടിക തയാറാക്കേണ്ടതും പ്രിസൈഡിങ് ഓഫിസറുടെ ചുമതലയാണ്. ഇതിനു മെനക്കെടാൻ മിക്ക ഉദ്യോഗസ്ഥരും തയാറല്ല. വോട്ടെടുപ്പു വൈകുമ്പോൾ സമയം ലഭിക്കാത്തതും ഒരു കാരണമാണ്. 70 ഓപ്പൺ വോട്ടുണ്ടെങ്കിൽ പരമാവധി ഏഴെണ്ണം രേഖയിലാക്കും. ശേഷിച്ച ഫോമുകൾ ബൂത്തിൽനിന്നു മാറ്റും. പിന്നെ തെളിവുണ്ടാകില്ല, കണക്കുമുണ്ടാകില്ല. പിന്നീട് അന്വേഷണം ഉണ്ടാകില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് കംപാനിയൻ വോട്ടിന്റെ പേരിൽ വോട്ടർ ആഗ്രഹിക്കാത്തിടത്തു പാർട്ടിയുടെ സഹായി കുത്തുന്നത്.

കണ്ണൂരിൽ മാത്രമല്ല, നാടാകെ

സിപിഎം, മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ടു തെളിഞ്ഞതിന്റെ പേരിൽ 7 ബൂത്തുകളിൽ റീപോളിങ് നടത്തേണ്ടിവന്ന നാണക്കേട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലുണ്ടായി. പ്രതികളെല്ലാം പിഴയടച്ച് കേസിൽനിന്നൊഴിവായി. ഇവരിൽ ചിലരെ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാ‍ർഥിയാക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ചീമേനിയിലും മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോർക്കാടിയിലും കള്ളവോട്ടു നടന്നിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തോളം വോട്ടർമാർക്ക് ഒന്നിലേറെ വോട്ടുകളുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥിയായ അടൂർ പ്രകാശ് തെളിവു സഹിതം ആരോപിച്ചിരുന്നു. ചിലർക്ക് 5 വോട്ടുകൾ വരെയുണ്ടെന്നും കണ്ടെത്തി. എന്നാൽ, ഇവരുടെ വോട്ട് പട്ടികയിൽനിന്നു നീക്കം ചെയ്തില്ല.

തദ്ദേശതിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ വെസ്റ്റ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എം.എ.ഖയ്യൂം ആദ്യ ഫലം വന്നപ്പോൾ 19 വോട്ടിനു ജയിച്ചിരുന്നു. എന്നാൽ, 23 തപാൽവോട്ട് എണ്ണാനുണ്ടെന്ന് ആദ്യം അറിയിച്ചു. പക്ഷേ, എണ്ണിയത് 36. ഇടതു സ്ഥാനാർഥി ജയിച്ചു. തപാൽവോട്ടിൽ കള്ളവോട്ട് നടന്നെന്നാരോപിച്ചു ഖയ്യൂം കോടതിയിലെത്തി. കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല.

ഓപ്പൺ വോട്ട് ചെയ്യേണ്ടത് ഇങ്ങനെ 

വോട്ടർ കാഴ്ചപരിമിതിയുള്ള ആളോ സ്വന്തമായി വോട്ടു രേഖപ്പെടുത്താൻ കഴിയാത്ത ശാരീരിക ബുദ്ധിമുട്ടുള്ള ആളോ ആണെങ്കിൽ സഹായിയെ ഒപ്പം കൂട്ടാം. ഒരാൾക്കു സഹായിയാകാൻ കഴിയുക ഒരിക്കൽ മാത്രം. വോട്ടറുടെ ഇടതുകയ്യിലും സഹായിയുടെ വലതു കയ്യിലും ചൂണ്ടുവിരലിൽ മഷി പുരട്ടും. വോട്ടറുടെയും സഹായിയുടെയും വിശദാംശങ്ങൾ ഫോം 14 എയിൽ എഴുതി പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം ഈ ഫോം പട്ടിക സഹിതം പ്രിസൈഡിങ് ഓഫിസർ റിട്ടേണിങ് ഓഫിസർക്കു സമർപ്പിക്കണം.

ധൈര്യം നൽകേണ്ടത് പൊലീസ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്തിലെ ഒരു ബൂത്തിൽ യുഡിഎഫ് ഏജന്റിനു മർദനമേറ്റു. കള്ളവോട്ടു ചെയ്യാനുള്ള ശ്രമം ചോദ്യം ചെയ്തതായിരുന്നു കാരണം. അടിച്ചു പുറത്താക്കപ്പെട്ട ഏജന്റ് മിനിറ്റുകൾക്കുള്ളിൽ ബൂത്തിൽ തിരികെയെത്തി. വെറുതേ കയറിവന്നതല്ല. സംഭവമറിഞ്ഞെത്തിയ അന്നത്തെ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ധൈര്യം കൊടുത്ത് ബൂത്തിൽ തിരികെ ഇരുത്തിയതാണ്. തന്റേടത്തോടെ പൊലീസ് ഇടപെട്ടാൽ ബൂത്തിൽ ഇരിക്കാൻ എല്ലാ പാർട്ടിക്കാർക്കും ധൈര്യം കിട്ടുമെന്നതിന്റെ ഉദാഹരണം.

നാളെ: വോട്ട് ചെയ്യാൻ ‘ജയിൽ ചാട്ടം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com