ADVERTISEMENT

1989 മുതൽ 1993 വരെയുള്ള പ്രക്ഷുബ്ധമായ കാലത്ത് നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നുനിന്നത് മണ്ഡൽ – മസ്ജിദ് പ്രശ്നമായിരുന്നു. തെരുവുകളെ അശാന്തമാക്കിയ ആ പ്രശ്നങ്ങൾക്കൊടുവിൽ പാർലമെന്റും സുപ്രീം കോടതിയും പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണവും അയോധ്യാ പ്രശ്നവും തീർപ്പാക്കിയെങ്കിലും നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽനിന്നു മണ്ഡൽ – മസ്ജിദ് തർക്കങ്ങളുടെ നിഴൽ ഇനിയും നീങ്ങിയിട്ടില്ല.

രാജീവ് ഗാന്ധി സർക്കാരിന്റെ അവസാന വർഷങ്ങളിലാണു രാമക്ഷേത്ര പ്രശ്നം ആരംഭിക്കുന്നത്. 1992ൽ പി.വി. നരസിംഹറാവു സർക്കാരിന്റെ കാലത്ത് ബാബറി മസ്ജിദ് തകർക്കപ്പെടുകയും ചെയ്തു. ഇതിനിടെ വി.പി.സിങ് സർക്കാരിന്റെ ഭരണകാലത്തു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാവശ്യപ്പെട്ടു തെരുവുപ്രക്ഷോഭം രാജ്യമെങ്ങും കത്തിപ്പടർന്നു. ഒടുവിൽ 1992ൽ സുപ്രീംകോടതി പിന്നാക്ക സംവരണം അംഗീകരിച്ചു വിധി പ്രഖ്യാപിച്ചു.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് മറ്റു തർക്കങ്ങൾ വീണ്ടും ഉയർന്നുവരാതിരിക്കാൻ നരസിംഹറാവു സർക്കാർ 1991ൽ ഒരു നിയമം കൊണ്ടുവന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള തൽസ്ഥിതി എല്ലാ ആരാധനാലയങ്ങളുടെ കാര്യത്തിലും തുടരണമെന്ന് അനുശാസിക്കുന്നതായിരുന്നു ആ നിയമം. അയോധ്യയിൽ മാത്രം നിയമതർക്കം തുടരാനും അനുമതി നൽകി. ഇതാകട്ടെ, 2019ൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ വിധിയിലൂടെ സുപ്രീംകോടതി തീർപ്പാക്കുകയും ചെയ്തു.

സംവരണവിഷയത്തിലും ആരാധനാലയ തർക്കങ്ങളിലും അന്തിമ പരിഹാരം കണ്ടെത്തിയെന്നു നരസിംഹറാവു സർക്കാർ കരുതുകയും ഈ വിഷയങ്ങളിൽ കൃത്യമായ വിധിന്യായങ്ങൾ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും മണ്ഡൽ – മസ്ജിദ് തർക്കങ്ങൾ രാഷ്ട്രീയ സംവാദങ്ങളിൽനിന്നു വിട്ടുപോയില്ല. സാമ്പത്തിക സംവരണം ആവശ്യപ്പെട്ടു രാജ്യത്തെ മുന്നാക്ക ജാതിവിഭാഗങ്ങൾ രംഗത്തിറങ്ങാൻ തുടങ്ങി. വിവിധ സംസ്ഥാനങ്ങൾ മേൽജാതി വിഭാഗങ്ങളായ മഠാഠകൾ (മഹാരാഷ്ട്ര), പട്ടേലുകൾ (ഗുജറാത്ത്), ജാട്ടുകൾ (രാജസ്ഥാൻ, ഹരിയാന) എന്നിവർക്കു സംവരണം ഏർപ്പെടുത്തി. സംവരണത്തിനായി ലിംഗായത്തുകളും (കർണാടക) രംഗത്തുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ചില പിന്നാക്ക ജാതിവിഭാഗങ്ങൾ, തങ്ങളെ പട്ടികവിഭാഗങ്ങളായി പുനർനിർണയിക്കണം എന്നാവശ്യപ്പെട്ടും സമരം ചെയ്യുന്നു.

സുപ്രീംകോടതിയിലെ 9 അംഗ ബെഞ്ച് 27% സംവരണം ശരിവച്ചപ്പോൾ ആകെ വിദ്യാഭ്യാസ, തൊഴിൽ സംവരണം 50 ശതമാനത്തിൽ കവിയരുതെന്നും വ്യവസ്ഥ വച്ചു. 1992ലെ സുപ്രീംകോടതി വിധിയിൽ ഈ വ്യവസ്ഥ ബാധകമല്ലാതിരുന്നതു തമിഴ്നാടിനു മാത്രമായിരുന്നു. കാരണം, അവിടെ വിവിധ ജാതിവിഭാഗങ്ങൾക്കായി 69% സംവരണം നേരത്തേ നിലവിലുണ്ടായിരുന്നു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം, മെറിറ്റ് വിഭാഗത്തിന് 50% എന്നത് ഏകപക്ഷീയമാണെന്നും അതിൽ ഇളവു വേണമെന്നുമാണ്.

സംവരണപരിധി വീണ്ടും തർക്കവിഷയമായതോടെ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഇപ്പോൾ കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും ഉന്നയിക്കുന്ന ചോദ്യമിതാണ് – കൂടുതൽ വിഭാഗങ്ങൾക്കു സംവരണം ലഭ്യമാക്കുന്ന രീതിയിൽ നിലവിലെ നിയന്ത്രണം നീക്കി ജനറൽ മെറിറ്റ് വിഭാഗത്തെ ഇനിയും ചെറുതാക്കണോ?

ആരാധനാലയങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള തൽസ്ഥിതി തുടരണമെന്ന 1991ലെ നിയമത്തെ ബിജെപി എതിർത്തിരുന്നു. അതിനാൽ ഈ നിയമത്തിൽ ഭേദഗതി വരുത്താൻ സംഘപരിവാറിൽനിന്നും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിൽനിന്നും പ്രധാനമന്ത്രി മോദി ശക്തമായ സമ്മർദം നേരിടും. യുപിയിലെ കാശി, മഥുര എന്നിവിടങ്ങളിലെ തർക്കം മുൻനിർത്തിയാണിത്. അടുത്ത വർഷം യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, പ്രകോപനപരമായ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിനെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാൽ, ഇതിനെക്കാൾ വികാരപരമാണു സംവരണവിഷയം. പിന്നാക്ക വിഭാഗങ്ങൾക്കു നിലവിലുള്ള സംവരണം തുടരുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പൊതുമേഖലാ സ്ഥാപനങ്ങൾ വരുംവർഷങ്ങളിൽ സ്വകാര്യമേഖലയ്ക്കു വിറ്റഴിക്കുന്നതിലൂടെ പൊതുമേഖലയിലെ സംവരണം വൻതോതിൽ ഇല്ലാതാകുന്ന സ്ഥിതി വരികയാണ്.

നിലവിൽ സംവരണപ്പട്ടികയിലില്ലാത്ത ഒട്ടേറെ ജാതിവിഭാഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകളെ പിന്തുണയ്ക്കുന്നുണ്ട്. ഈ വിഭാഗങ്ങളും സർക്കാർ ജോലിക്കായി മുറവിളി കൂട്ടുന്നു. മുന്നാക്ക ജാതിവിഭാഗമായ ലിംഗായത്തുകൾ തങ്ങളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചുകഴിഞ്ഞു.

നരേന്ദ്ര മോദി സർക്കാരിനു ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്, രാജ്യസഭയിൽ ഭൂരിപക്ഷത്തിനടുത്തും നിൽക്കുന്നു. കോവിഡ് പ്രത്യാഘാതങ്ങൾ നേരിടുന്നതിനും സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് നിലവിൽ മുൻഗണനയെന്നതിനാൽ പഴയ തർക്കങ്ങൾ തെരുവിലേക്കു പടരണമെന്നു സർക്കാരും ആഗ്രഹിക്കുന്നുണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com