ജയിൽ ചാടി വരുന്ന വോട്ട്

fake-vote
SHARE

അന്വേഷണം അട്ടിമറിക്കാൻ പലരും ശ്രമിച്ചിട്ടും, ആറു വർഷമായി കണ്ണൂരിലെ കള്ളവോട്ടിനെതിരെ നിയമപോരാട്ടം നടത്തുകയാണ് ഏരുവേശ്ശി സ്വദേശി കെ.ടി.ജോസഫ് കൊട്ടുകാപ്പള്ളി. ഇതിനകം ചെലവഴിച്ചത് സ്വന്തം പോക്കറ്റിലെ രണ്ടരലക്ഷം രൂപ. തിരഞ്ഞെടുപ്പു ഫലം വന്നാൽ കള്ളവോട്ട് ആരോപണം മറക്കുന്നതായിരുന്നു ഇതിനു മുൻപു കണ്ണൂരിലെ രീതി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഇരിക്കൂർ ഏരുവേശ്ശി സ്കൂളിൽ സിപിഎം പ്രവർത്തകർ ആൾമാറാട്ടം നടത്തി, സ്ഥലത്തില്ലാത്ത 58 പേരുടെ വോട്ടു ചെയ്തുവെന്നതായിരുന്നു കോൺഗ്രസ് പ്രാദേശിക നേതാവായ ജോസഫിന്റെ പരാതി. അന്വേഷിക്കാൻ വകുപ്പില്ലെന്നു പൊലീസിന്റെ മറുപടി.

കോടതി പറഞ്ഞതോടെ കേസെടുത്തു. എന്നാൽ, തെളിവു സംഘടിപ്പിക്കാൻ പൊലീസ് തയാറായില്ല. ഈ പണിയും പരാതിക്കാരൻ ഏറ്റെടുത്തു. ഹൈക്കോടതിയെ സമീപിച്ചാണു ബൂത്തുരേഖകൾ സംഘടിപ്പിച്ചത്. സൈന്യത്തിൽ ജോലി ചെയ്യുന്നവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് ചെയ്തെന്നു തെളിയിക്കാൻ സൈന്യത്തിലെ കമാൻഡിങ് ഓഫിസറുടെ കത്ത് ഉൾപ്പെടെ ഹാജരാക്കി. 57 കള്ളവോട്ടു നടന്നതായി കോടതി കണ്ടെത്തി. എന്നാൽ, അവിടെയും പൊലീസിന്റെ കള്ളക്കളി.

കള്ളവോട്ടു ചെയ്ത ഒരാളെപ്പോലും കണ്ടെത്താതെ, ബൂത്തിന്റെ ചുമതലയിലുണ്ടായിരുന്ന 4 പോളിങ് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുത്തു. ജോസഫ് വീണ്ടും കോടതിയിലെത്തി. ഉദ്യോഗസ്ഥരെ പ്രതിചേർത്തതു ശരിവച്ച കോടതി, കള്ളവോട്ടു ചെയ്തവരെ കണ്ടെത്താനും കേസ് വീണ്ടും അന്വേഷിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കള്ളവോട്ടറെ മകനാക്കിയ അച്ഛൻ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎം ശക്തികേന്ദ്രമായ വേങ്ങാട് കള്ളവോട്ടു ചെയ്ത സംഭവമിങ്ങനെ: എൽഡിഎഫ് പോളിങ് ഏജന്റിന്റെ മകൻ സംസ്ഥാനത്തിനു പുറത്താണ്. ഇതു നാട്ടിൽ എല്ലാവർക്കുമറിയാം.

എന്നാൽ, ഉച്ചയായപ്പോൾ ദാ വരുന്നു ഈ മകന്റെ പേരിലൊരു വോട്ടർ. ‘ഈ വന്നിരിക്കുന്നതു നിങ്ങളുടെ മകനാണോ’ എന്നു യുഡിഎഫ് ഏജന്റ് ചോദിച്ചു. സ്വന്തം മകന്റെ പേരിലാണെങ്കിലും ആൾമാറാട്ടം നടത്തി വന്നിരിക്കുന്നതു സ്വന്തം പാർട്ടിക്കാരനാണ്. മകനല്ലെന്നു പറഞ്ഞാൽ കള്ളവോട്ടിനു പിടിക്കപ്പെടും. ഏജന്റ് മൗനം പാലിച്ചു.

പേരിലെ മറിമായം

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാടു ജില്ലയിലെ കടമ്പഴിപ്പുറത്ത് ഒരു അയ്യപ്പന്റെ വോട്ടു ചെയ്തത് മറ്റൊരു അയ്യപ്പൻ. അബദ്ധം പറ്റിയതൊന്നുമല്ല. ഇതിനു ശേഷം സ്വന്തം വോട്ടു ചെയ്യാൻ സ്വന്തം ബൂത്തിലെത്തിയപ്പോഴാണ് അയ്യപ്പൻ നേരത്തേ വോട്ടു ചെയ്തെന്നു തിരിച്ചറിഞ്ഞത്. ഇതോടെ, കള്ളവോട്ടു ചെയ്തതിന് അയ്യപ്പനെതിരെ കേസെടുത്തു.

കുമരംപുത്തൂർ പഞ്ചായത്തിലുമുണ്ടായി പേരിലെ മറിമായം. ഷനൂബ് എന്നയാളുടെ വോട്ട് ചെയ്യാനെത്തിയതു ഷനൂബ് തന്നെ. ഉദ്യോഗസ്ഥർക്ക് ഒരു സംശയവും തോന്നിയില്ല. വൈകിട്ട് യഥാർഥ ഷനൂബ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ്, ഈ വോട്ട് രാവിലെ മറ്റൊരു ഷനൂബ് ചെയ്തെന്നു മനസ്സിലായത്.

ഇതേ തിരഞ്ഞെടുപ്പിൽ പാലക്കാടു ചിറ്റിലഞ്ചേരിയിൽ രണ്ടു വാർഡുകളിൽ വോട്ടർപട്ടികയിൽ പേരുള്ള വീട്ടമ്മ രണ്ടിടത്തും പോയി വോട്ടു ചെയ്ത സംഭവവുമുണ്ടായി.

വോട്ട് ചെയ്യാൻ ‘ജയിൽചാട്ടം’

പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുന്ന പ്രതി വോട്ടു ചെയ്യാനായി ജയിൽ ചാടിയോ? കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റിന് ഈ സംശയമുണ്ടായത്. വോട്ടെടുപ്പു തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് തടവുകാരന്റെ വോട്ട് മെഷീനിൽ പതിഞ്ഞത്. തടവുകാരന്റെ വോട്ടു ചെയ്തത് മറ്റൊരാളാണെന്നു കണ്ടെത്തി.

മഷി വരുന്ന വഴി

വോട്ടു ചെയ്തശേഷം വോട്ടറുടെ വിരലിൽ പുരട്ടുന്ന മഷി (ഇൻഡലിബിൾ ഇങ്ക്) വരുന്നത് മൈസൂരു ആസ്ഥാനമായ മൈസൂർ പെയിന്റ്സ് ആൻഡ് വാർണീഷ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽനിന്നാണ്. 20 ദിവസം വരെ മഷി മായാതെ നിൽക്കുമത്രേ. എന്നാൽ, ഈ മഷി മായ്ക്കുന്ന രാസലായനി പല പാർട്ടിക്കാരുടെയും കയ്യിലുണ്ടെന്നു സംശയിപ്പിക്കുന്നു, കള്ളവോട്ടുകൾ.

കോടതി കയറിയ തിരഞ്ഞെടുപ്പു ഫലം

കണ്ണൂരിലെ കള്ളവോട്ടു കേസ് സുപ്രീംകോടതി വരെയെത്തിയിട്ടുണ്ട്. 1991ൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിലെ ഒ.ഭരതൻ 219 വോട്ടിനാണു കോൺഗ്രസിലെ കെ.സുധാകരനെ തോൽപിച്ചത്.

വ്യാജ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ഈ വോട്ട് സിപിഎം ചെയ്തുവെന്നും ആരോപിച്ച് സുധാകരൻ ഹൈക്കോടതിയിലെത്തി. 1992 ഓഗസ്റ്റ് 14ന് ഒ.ഭരതന്റെ തിരഞ്ഞെടുപ്പു റദ്ദാക്കുകയും സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ഭരതൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അഞ്ചുവർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

കുറ്റവും ശിക്ഷയും

സ്വാധീനമുപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തുക എന്നിവയാണു കള്ളവോട്ട് ചെയ്താലുള്ള കുറ്റങ്ങൾ. ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകളാണ് കള്ളവോട്ടു ചെയ്തവർക്കെതിരെ ചുമത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA