ശ്വാസംമുട്ടിക്കുന്ന കണക്കുകൾ

HIGHLIGHTS
  • അന്തരീക്ഷ മലിനീകരണ റിപ്പോർട്ടിൽ കേരളത്തിനുമുണ്ട് പാഠങ്ങൾ
pollution-at-delhi
പുക മൂടിയ ഡൽഹി. ഫയൽചിത്രം. (Photo by Jewel SAMAD / AFP)
SHARE

അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടിൽ കേരളത്തിലെ നഗരങ്ങൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഇതിൽനിന്നു നമുക്കുള്ള മുന്നറിയിപ്പുകൂടി തിരിച്ചറിയേണ്ടതുണ്ട്.

തലസ്ഥാന നഗരങ്ങളിൽ ഡൽഹിയാണ് ഈ റിപ്പോർട്ട് പ്രകാരം ഒന്നാമതുള്ളത്. ആദ്യ പത്തിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിൻജിയാങ് ഒഴികെ ഒൻപതും ഇന്ത്യൻ നഗരങ്ങളാണെന്നും സ്വിസ് സംഘടനയായ ഐക്യുഎയർ നടത്തിയ പഠനത്തിൽ പറയുന്നു. അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്തു രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. 106 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

അന്തരീക്ഷ മലിനീകരണം കാരണം രാജ്യത്തു പ്രതിവർഷം 12 ലക്ഷത്തിലേറെപ്പേർ മരിക്കുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കണ്ണു ചൊറിച്ചിൽ, വരണ്ട ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയ്ക്കു മലിനവായു കാരണമാകുന്നു. കാൻസർ ഉൾപ്പെടെ വിവിധ ശ്വാസകോശരോഗങ്ങൾക്കും അന്തരീക്ഷ മലിനീകരണം വാതിൽ തുറന്നുകൊടുക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വ്യക്തമാക്കുന്ന ‘പാർട്ടിക്കുലേറ്റ് മാറ്റർ 2.5’ (പിഎം2.5) ഡൽഹിയിൽ ഘനമീറ്ററിൽ 84.1 ആണ്. മലിനീകരണ പ്രശ്നങ്ങൾ മൂലം കഴിഞ്ഞവർഷം ഡൽഹിയിൽ 54,000 പേർ മരിച്ചെന്നും ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യ അനാലിസിസും ഐക്യുഎയറും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷത്തിൽ 1800 മരണങ്ങൾ വായുമലിനീകരണം കാരണമുണ്ടാകുന്നുവെന്ന് ഇവരുടെ പഠനം പറയുന്നു. ലോകാരോഗ്യ സംഘടന പറയുന്ന അനുവദനീയ പരിധിക്കും ആറിരട്ടി വരെ മുകളിലായിരുന്നു കഴിഞ്ഞവർഷം ഡൽഹിയിലെ വായുമലിനീകരണം. ഇതുമൂലമുള്ള സാമ്പത്തികനഷ്ടം 58,895 കോടി രൂപയാണ്. ഡൽഹിയുടെ വാർഷിക ജിഡിപിയുടെ 13 ശതമാനമാണിത്.

വാഹനമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിലും ഡൽഹി മുൻപിലാണ്. 2030 ആകുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം രണ്ടുകോടി കവിയുമെന്നാണു കണക്കുകൂട്ടൽ. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്, സിഎൻ‌ജി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി ഡൽഹി സർക്കാർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ കൊച്ചിയടക്കം കേരളത്തിലെ പല നഗരങ്ങളും ഡൽഹിയുടെ ദുർവിധിയിലേക്കു നീങ്ങിയേക്കാമെന്ന ആശങ്ക ഗൗരവമുള്ളതാണ്. കേരളത്തിലെ ഏറ്റവും മോശം വായു കൊച്ചിയിലാണെന്നതു നമുക്കു കേട്ടുമറക്കാവുന്ന കാര്യമല്ല. സംസ്ഥാനത്ത് ഏറ്റവുമുയർന്ന വായുമലിനീകരണം കൊച്ചി എംജി റോഡിലാണെന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020ലെ വാർഷിക റിപ്പോർട്ടിലുണ്ട്. വ്യവസായ മേഖലയായ ഏലൂരിലേതിനെക്കാൾ കൂടുതലാണിത്. വാഹനത്തിരക്കാണു കാരണം. കൊല്ലം പോളയത്തോട് ആണ് സംസ്ഥാനത്തു വായുമലിനീകരണ ശരാശരിയിൽ രണ്ടാം സ്ഥാനത്ത്.

പത്തു വർഷം മുൻപ് ഏഷ്യയിൽ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളിലൊന്നായിരുന്ന ഇൻഡോർ, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മുഖം മാറിയത് 2016 മുതൽ ഒറ്റവർഷത്തെ കഠിനപ്രയത്നം കൊണ്ടാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി 3 തവണ തിരഞ്ഞെടുക്കപ്പെട്ട ഇൻഡോർ, മാലിന്യ പുനരുപയോഗത്തിലൂടെ മാത്രം വർഷംതോറും നേടുന്നത് 4 കോടി രൂപയാണ്. മാലിന്യക്കൂമ്പാരവും പരിസരമലിനീകരണവും മൂലം 1994ൽ പ്ലേഗ് പടർന്നുപിടിച്ച ഗുജറാത്തിലെ സൂറത്ത് ഇന്നു രാജ്യത്തെ വൃത്തിയുള്ള രണ്ടാമത്തെ നഗരമായതിനു പിന്നിലും കഠിനമായ നിശ്ചയദാർഢ്യത്തിന്റെ വഴിവെളിച്ചമുണ്ട്.

വെൺമയുടെ ഈ പാഠങ്ങൾ മലിനീകരണത്തിന്റെ തിക്തഫലങ്ങൾക്കരികിൽ നിൽക്കുന്ന കേരളത്തിനു കേൾക്കാൻ കൂടിയുള്ളതാണ്. അതുകൊണ്ടുതന്നെ, വായുമലിനീകരണമടക്കം തടയാനുള്ള ഊർജിതശ്രമങ്ങളിലേക്കു കേരളം അടിയന്തരമായി മുന്നേറേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA