വോട്ടുപരിപ്പ് തല്ലിയെടുക്കാൻ...

HIGHLIGHTS
  • കൊല്ലത്ത് ആവേശപ്പോരാട്ടം
kollam-election
മൂന്നു മുന്നണികളുടെയും ചിഹ്നങ്ങളുടെ മാതൃക ഉൾപ്പെടുത്തിയ നാലടി നീളമുള്ള ദോശ. കൊല്ലം കൊച്ചുപിലാംമൂട് 101 വെറൈറ്റി ദോശക്കടയിൽനിന്നുള്ള ദൃശ്യം. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
SHARE

ഒന്നാം വാക്ക് - പാര്

അറബിക്കടലിൽ കൊല്ലം തീരത്തോടു ചേർന്നു പാരുകൾ ഉണ്ടായിരുന്നു. സമൃദ്ധമായി മീൻ ലഭിക്കുമായിരുന്ന വലിയ മത്സ്യസങ്കേതങ്ങളായിരുന്നു ഈ കൽ-മണൽത്തിട്ടകൾ. ഇന്നു പാരുകൾ കാണാനേയില്ലെന്നു മത്സ്യത്തൊഴിലാളികൾ. പകരം പലവിധ ‘പാര’കൾ മാത്രമേയുള്ളൂവെന്ന് അവർ. ഇതു തീരക്കടലിന്റെ കാര്യം. ആഴക്കടൽ ചർച്ച വേറെ...

രണ്ടാം വാക്ക്- തല്ല്

തല്ലിന്റെ ശബ്ദം കേൾക്കാതെ ജില്ല ഉണരാത്ത കാലമുണ്ടായിരുന്നു. തോട്ടണ്ടി തല്ലിപ്പൊളിച്ചു വെളുമ്പൻ പരിപ്പെടുത്തു കയറ്റി അയയ്ക്കും. തൊഴിലാളികൾക്കു കൂടുതൽ ദിവസം ജോലി കൊടുത്തെന്നു സർക്കാർ. അടുക്കളയിൽ അരി വേവാൻ ‘തള്ളു’ പോരെന്നു പ്രതിപക്ഷം.

പാരുകളിൽ പിടയ്ക്കുന്ന മീനും തല്ലിയെടുക്കുന്ന പരിപ്പുമൊക്കെ ജീവനും താളവുമായ കൊല്ലത്ത്, ആചാരവെടിയോടെ ‘തിരഞ്ഞെടുപ്പുത്സവം’ കൊടിയേറി. അറബിക്കടലോരത്തും അഷ്ടമുടിക്കായൽത്തീരത്തും കല്ലടയാറ്റിൻകരയിലും സ്ഥാനാർഥികൾ തൊഴുകൈകളോടെ നിൽക്കുമ്പോൾ, ഇന്നലെ ഇവിടെ കൂടിയ ചൂട് 37 ഡിഗ്രി സെൽഷ്യസ്. ജനവിധിയുടെ മാപിനിയും പൊള്ളുന്നു.

‘സ്ഥാനാർഥി നിർണയത്തിൽ തർക്കം’ എന്ന ആചാരവെടി യഥാവിധി പൊട്ടിച്ചാണ് 3 മുന്നണികളുടെയും വരവ്. സിപിഎമ്മിൽ വെടിശബ്ദം പുരയ്ക്കു പുറത്തേക്കു നീണ്ടില്ലെങ്കിലും എല്ലാവരും കേട്ടു. സിപിഐയിൽ അതു നിലച്ചിട്ടില്ല. കോൺഗ്രസിൽ നീറിനീറി നിൽക്കുന്നു. ബിജെപിയിൽ ഒരുവശത്തുനിന്നു പൊട്ടിത്തുടങ്ങിയതേയുള്ളൂ.

21 ലക്ഷത്തിലേറെ വോട്ടർമാരുടെ മനസ്സറിയാനുള്ള കുറുക്കുവഴികൾ തേടിയുള്ള പരക്കംപാച്ചിലാണ് 11 മണ്ഡലങ്ങളിലും.

ഒന്നു പോയാൽ കണക്കു പറയണം

കഴിഞ്ഞതവണ 11 മണ്ഡലങ്ങളും തൂത്തുവാരിയ എൽഡിഎഫിന് അതു നിലനിർത്തണം. തെക്കൻ തിരുവിതാംകൂറിലെ ഈ 11 സീറ്റുകളുടെ ‘വില’ അവർക്കു നന്നായറിയാം. ഒന്നു കുറഞ്ഞാൽ കണക്കും വിശദീകരണവും എഴുതി വിയർക്കണം. 2016ൽ സിപിഎമ്മും സിപിഐയും 4 വീതവും കേരള കോൺഗ്രസ് (ബി), ആർഎസ്പി (എൽ), സിഎംപി എന്നിവ ഒന്നുവീതവും സീറ്റുകളിൽ മത്സരിച്ചു. സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) പിന്നീടു സിപിഎമ്മിൽ ലയിച്ചതോടെ ആ സീറ്റും സിപിഎമ്മിനായി.

ആഴക്കടൽ മത്സ്യബന്ധനത്തിന്റെ പേരിൽ വിവാദത്തിൽപെട്ട മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇക്കുറി സീറ്റില്ലെന്നായിരുന്നു ശ്രുതി. വിവാദത്തിന്റെ പേരിൽ മാറ്റിനിർത്തേണ്ടെന്നു പാർട്ടി തീരുമാനിച്ചപ്പോൾ ആറാം തവണയും ജനവിധി തേടാൻ കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ ഇറങ്ങി.

ജില്ലയിൽനിന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള ഏക അംഗം കെ.എൻ.ബാലഗോപാലിനെ, സിറ്റിങ് എംഎൽഎ പി.അയിഷാപോറ്റിക്കു പകരം കൊട്ടാരക്കരയിൽ രംഗത്തിറക്കി. കൊല്ലത്ത് 2016ലെ പോലെ എം.മുകേഷിനെതിരെ പാർട്ടി ഘടകങ്ങളിൽ ചില്ലറ മുറുമുറുപ്പുയർന്നെങ്കിലും ഒരുതവണ കൂടി അദ്ദേഹത്തെത്തന്നെ പരീക്ഷിക്കാനുള്ള തീരുമാനം കീഴ്ഘടകങ്ങൾക്ക് അനുസരിക്കേണ്ടിവന്നു. ഇരവിപുരത്തു സിറ്റിങ് എംഎൽഎ എം.നൗഷാദിനെ വീണ്ടും രംഗത്തിറക്കിയപ്പോൾ, ചവറയിൽ അന്തരിച്ച എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ഡോ. വി.സുജിത്തിനെ പാർട്ടി സ്വതന്ത്രനാക്കി അവതരിപ്പിച്ചു.

∙ ഇത്രയും ‘അടി’ ആദ്യം

ജില്ലയിൽ മുൻപ് 7 സീറ്റിൽ വരെ മത്സരിച്ചിരുന്ന സിപിഐ ഇക്കുറി സിപിഎമ്മിനു പിന്നിൽ നാലിലൊതുങ്ങിയതോടെ പാർട്ടിയിൽ തർ‌ക്കം മൂത്തു. പ്രഖ്യാപിത കാനം - ഇസ്മായിൽ പക്ഷങ്ങൾ കമ്പോടുകമ്പു വാശി പിടിച്ചപ്പോൾ ശക്തരായ ഇസ്മായിൽ പക്ഷം 3 സീറ്റെടുത്തു. ഒരെണ്ണം വിട്ടുകൊടുത്തു. നേതൃത്വത്തെ വെല്ലുവിളിച്ചു സമാന്തര കൺവൻഷൻ അരങ്ങേറിയതും രാജ്യത്തു പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിൽ!

രണ്ടിൽ കൂടുതൽ തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ തട്ടി സീറ്റില്ലാതായത് തുടർച്ചയായി 3 തവണ മത്സരിച്ച മന്ത്രി കെ.രാജുവിനും ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനുമാണ്. രണ്ടിടത്തും സ്ഥാനാർഥിയെ നിശ്ചയിച്ചപ്പോൾ തർക്കമായി. ചടയമംഗലത്തെ പൊട്ടിത്തെറി തെരുവിലെത്തി. അവിടെ ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണിയെ മത്സരിപ്പിക്കാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം മനസ്സില്ലാമനസ്സോടെ എതിർപക്ഷത്തിന് അംഗീകരിക്കേണ്ടി വന്നു. പുനലൂരിൽ മുൻ എംഎൽഎ പി.കെ.ശ്രീനിവാസന്റെ മകനും മുൻ എംഎൽഎയുമായ പി.എസ്.സുപാലിനെ രംഗത്തിറക്കി. ചാത്തന്നൂരിൽ മൂന്നാം തവണ ജി.എസ്.ജയലാലും കരുനാഗപ്പള്ളിയിൽ രണ്ടാം തവണ ആർ.രാമചന്ദ്രനും മത്സരിക്കുന്നു. നാലിൽ എവിടെങ്കിലുമൊന്നു പിഴച്ചാൽ ഇപ്പോഴത്തെ ഉൾപ്പോര് ‘തുറന്ന അടി’യാകാൻ വൈകില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

∙ രണ്ടു പതിറ്റാണ്ടിന്റെ വാശി

ഒരു ലക്ഷത്തോളം കന്നിവോട്ടർമാരുണ്ട് ഇക്കുറി ജില്ലയിൽ. അവരൊക്കെ ജനിച്ചതിനു ശേഷം ജില്ലയിൽനിന്ന് ഇതുവരെ കോൺഗ്രസിന് എംഎൽഎ ഉണ്ടായിട്ടില്ല! ഏറ്റവുമൊടുവിൽ ജയിച്ചത് 2 പതിറ്റാണ്ടു മുൻപ്, 2001ൽ. അന്ന് 12ൽ ഒൻപതും യുഡിഎഫിനായിരുന്നു. അതിൽ നാലും കോൺഗ്രസിന്. ചേരിപ്പോരും കാലുവാരലും ഏറെക്കണ്ട പാർട്ടി, ഇക്കുറി ആ ചീത്തപ്പേരില്ലാതാക്കാൻ സ്ഥാനാർഥി നിർണയത്തിൽ ‘ചരിത്രം’ കുറിച്ചു. ഗ്രൂപ്പുകൾ വീതംവയ്ക്കുന്ന പതിവിന് ഏതാണ്ടു മാറ്റംവന്നു. ഇക്കുറി 7 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നു.

അൽപം കരയേണ്ടിവന്നെങ്കിലും സീറ്റുറപ്പിച്ച ബിന്ദു കൃഷ്ണ കൊല്ലത്തു രംഗത്തിറങ്ങിയതു നാലരവർഷം ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ തട്ടകമാക്കിയ മണ്ഡലത്തിൽ വിജയം സ്വപ്നംകണ്ടാണ്. ചെറിയൊരു പാളിച്ചപോലും നാളെ വലിയ വിമർശനത്തിനിടയാക്കുമെന്ന് തിരഞ്ഞെടുപ്പിൽ പുതുമുഖമല്ലാത്ത ബിന്ദുവിന് അറിയാം.

കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെ രംഗത്തിറക്കിയത്, കശുവണ്ടിയും മത്സ്യവും വിഷയമാകുന്ന മണ്ഡലത്തിൽ അതു ‘കത്തിച്ചു’നിർത്താൻ തന്നെയാണ്. കഴിഞ്ഞതവണ തുച്ഛമായ വോട്ടുകൾക്കു കരുനാഗപ്പള്ളിയിൽ പരാജയമറിഞ്ഞ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് അന്നുമുതൽ മണ്ഡലത്തിലുണ്ട്, തിരിച്ചുപിടിക്കുമെന്ന വാശിയിൽ. അസ്വാരസ്യങ്ങൾ പറഞ്ഞുതീർത്ത് ഒറ്റക്കെട്ടായി ഇവിടെ പാർട്ടി രംഗത്തിറങ്ങി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല പത്തനാപുരത്തും എം.എം.നസീർ ചടയമംഗലത്തും ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി കൊട്ടാരക്കരയിലും പുതുമുഖങ്ങളായി എത്തിയതോടെ, പാർട്ടിയിലെ തലമുറമാറ്റത്തിന്റെ പ്രതിനിധികളായി മാറി മൂവരും. എതിർപാളയം മുറിച്ചുകടക്കാൻ മിടുക്കു കാട്ടിയിട്ടുള്ള മുതിർന്ന നേതാവ് എൻ.പീതാംബരക്കുറുപ്പ് ചാത്തന്നൂരിൽ കച്ചമുറുക്കിയത് മണ്ഡലത്തിന്റെ മനസ്സു കണ്ടറിഞ്ഞെന്നോണം.

∙ വാശിയോടെ ആർഎസ്പികൾ

ആർഎസ്പി വിഭാഗങ്ങൾ ജന്മമെടുക്കുകയും പിളരുകയും ലയിക്കുകയും ചെയ്‌ത മണ്ണാണിത്. ഇക്കുറി 4 സീറ്റുകളിലാണ് ഇരു ആർഎസ്പികളും മത്സരിക്കുന്നത്. യുഡിഎഫിൽ ആർഎസ്പി 3 സീറ്റിലും എൽഡിഎഫിൽ ആർഎസ്പി(എൽ) ഒരു സീറ്റിലും. കഴിഞ്ഞതവണ അടിപതറിയ ചവറയിൽ, പഴുതടച്ച പ്രചാരണവുമായി മുൻമന്ത്രി ഷിബു ബേബിജോണുണ്ട്. ഇവിടെ വിജയമല്ലാതെ മറ്റൊന്നും പാർട്ടിക്ക് ഇനി താങ്ങാനാവില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപി ഷിബുവിനൊപ്പം ചവറയുടെ മുക്കും മൂലയും കയറിയിറങ്ങുന്നതു ചവറ പാർട്ടിയുടെ ‘ചങ്ക്’ ആയതിനാലാണ്. കുന്നത്തൂരിൽ കഴിഞ്ഞതവണ പരാജയമറിഞ്ഞ യുവനേതാവ് ഉല്ലാസ് കോവൂരിനെത്തന്നെ രംഗത്തിറക്കി കണക്കുതീർക്കാനുള്ള വാശിയിലുമാണു പാർട്ടി. ഇരവിപുരത്തു മുൻമന്ത്രി ബാബു ദിവാകരനെ രംഗത്തിറക്കിയത് സാമുദായിക സമവാക്യങ്ങൾ മുന്നിൽക്കണ്ടുകൂടിയാണ്. സിപിഎം വോട്ടുബാങ്കുകളിൽ ബാബു ദിവാകരൻ സൃഷ്ടിച്ചേക്കാവുന്ന ഇടിവാണ് ഇവിടെ ആർഎസ്പിയുടെ പ്രതീക്ഷ. സംസ്ഥാനത്തു കഴിഞ്ഞതവണ 5 സീറ്റുകളിൽ മത്സരിച്ച ആർഎസ്പി എല്ലായിടത്തും തോറ്റു. അത്തരമൊരു വീഴ്ച ആവർത്തിച്ചാൽ വലിയ ആഘാതമാകും.

മുസ്‌ലിം ലീഗ് മത്സരിക്കുന്ന പുനലൂരിൽ പാർട്ടിയുടെ ‘ഫൈറ്റർ’ എന്നറിയപ്പെടുന്ന സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയെ രംഗത്തിറക്കി സിപിഐക്കു ‘ചെക്ക്’ വിളിക്കുന്നു യുഡിഎഫ്.

എൽഡിഎഫിൽ കേരള കോൺഗ്രസ് (ബി) പത്തനാപുരത്തു കെ.ബി.ഗണേഷ്കുമാറിനെ വീണ്ടും രംഗത്തിറക്കിയപ്പോൾ കുന്നത്തൂരിൽ ആർഎസ്പി(എൽ) സ്ഥാനാർഥിയായി കോവൂർ കുഞ്ഞുമോൻ തന്നെ വന്നു.

∙ ബിജെപിക്ക് അഗ്നിപരീക്ഷ

കഴിഞ്ഞതവണ രണ്ടാമതെത്തിയ ചാത്തന്നൂരിൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെത്തന്നെ രംഗത്തിറക്കി വാശിയേറിയ പോരിനു കളമൊരുക്കുന്നു ബിജെപി. പക്ഷേ, സീറ്റുവിഭജന- സ്ഥാനാർഥി നിർണയങ്ങളെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ കല്ലുകടിയായി. സിപിഎം – ബിജെപി ‘ഡീൽ’ ഉണ്ടെന്ന ആർ.ബാലശങ്കറിന്റെ ആരോപണം ജില്ലയിലും 100% ശരിയാണെന്ന് ഏറ്റുപിടിച്ചതു പ്രമുഖ നേതാവ്! 3 സീറ്റിൽനിന്നു രണ്ടിലൊതുക്കിയതിന്റെ അമർഷം ബിഡിജെഎസിനുമുണ്ട്.

ആർഎസ്എസിന്റെ പ്രമുഖരായ 2 പേർക്കു സീറ്റു നൽകണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന്റെ അനുരണനങ്ങൾ ബിജെപിയിൽ പ്രകടമാണ്. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് (കുന്നത്തൂർ), മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ (കൊട്ടാരക്കര), ജില്ലാ സെക്രട്ടറി ജിതിൻ ദേവ് (പത്തനാപുരം), കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ആയൂർ മുരളി (പുനലൂർ), യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം (ചടയമംഗലം), മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ (കരുനാഗപ്പള്ളി), സംസ്ഥാന കമ്മിറ്റിയംഗം എം.സുനിൽ (കൊല്ലം), സീരിയൽ നടൻ വിവേക് ഗോപൻ (ചവറ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

∙ എങ്ങോട്ടു ചായും?

സർക്കാരിന്റെ ക്ഷേമ - വികസന പ്രവർത്തനങ്ങൾ വോട്ടായാൽ ഇക്കുറിയും ജില്ല ഒപ്പം നിൽക്കുമെന്ന ആത്മവിശ്വാസമുണ്ട് എൽഡിഎഫിന്. മുന്നണിയുടെ സംഘടനാ സംവിധാനവും തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടവും ഊർജമാകുമെന്നു നേതൃത്വം പറയുമ്പോഴും ‘കയ്യാലപ്പുറത്തെ തേങ്ങ’ പോലെ ജില്ല പലപ്പോഴും ഉരുണ്ടുകളിച്ചതും അവരോർക്കുന്നു.

5 മണ്ഡലങ്ങളും കടലിനോടു ചേർന്നുകിടക്കുന്ന ജില്ലയിൽ, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്കു വഴിയൊരുക്കിയതാണു പ്രധാന ചർച്ച. ‘കടലും വിറ്റു’ എന്നു മത്സ്യത്തൊഴിലാളി സംഘടനകൾ പറയുമ്പോൾ അതിനുള്ള സർക്കാരിന്റെ മറുപടി ദുർബലമായിപ്പോകുന്നു.

കൊല്ലത്തു കടലിലിറങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുണ്ടാക്കിയ ഓളം യുഡിഎഫിനു പകർന്ന ആത്മവിശ്വാസം ചില്ലറയല്ല. ജില്ലയിലെ 40 സർക്കാർ കശുവണ്ടി ഫാക്ടറികളും നാനൂറിലേറെ സ്വകാര്യ ഫാക്ടറികളും പൂട്ടിയതോടെയുണ്ടായ പ്രതിസന്ധിയും സജീവ ചർച്ചയാകും. കോവിഡ് എല്ലാ മേഖലകളിലും സൃഷ്ടിച്ച ആഘാതം പരമ്പരാഗത വ്യവസായത്തിലൂന്നി ജീവിക്കുന്ന ജില്ലയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ആ വേദന വോട്ടായി എങ്ങോട്ടു ചായുമെന്നു കണ്ടറിയണം.

മൂന്നാം വാക്ക്- മുഞ്ഞി

മുഞ്ഞി എന്നാൽ മുഖം എന്നർഥം. ജില്ലയിൽ പലയിടത്തും പ്രയോഗിക്കുന്ന വാക്ക്. പാർട്ടിയുടെയും സ്ഥാനാർഥിയുടെയും ‘മുഖം’ നന്നായാൽ ഇവിടെ വോട്ടു വീഴും. പുതുമുഖങ്ങളും അതിഥിതാരങ്ങളുമൊക്കെ ജില്ലയിൽ ദീർഘകാലം വാഴുന്നതിന്റെ ‘ഗുട്ടൻസ്’ അതാണ്. കോൺഗ്രസ് ഏഴിൽ 3 പുതുമുഖങ്ങളെ രംഗത്തിറക്കി. എൽഡിഎഫ് 2 പുതുമുഖങ്ങളെ പരീക്ഷിക്കുന്നു. ബിജെപിയുടെ 9 സ്ഥാനാർഥികളിൽ ആറും പുതുമുഖങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA