കേരളമെന്ന ‘ഹോട്സ്പോട്ട്’

kerala-politics
SHARE

കുറ്റ്യാടിയിലെ അണികൾ ആർക്കുവേണ്ടിയാണോ മുദ്രാവാക്യം വിളിച്ചത് ആ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു കണ്ട് പാർട്ടിയിലെ യാഥാസ്ഥിതികർ ഞെട്ടിയേക്കാം. കാരണം, കേരളത്തിലെ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് തെരുവിൽ ഒരു സ്ഥാനാർഥിക്കുവേണ്ടി നടത്തിയ യുദ്ധം അംഗീകരിക്കുന്നത്.

തുടർഭരണ ആഹ്വാനത്തിനു പിന്നിൽ

ഈ മാറ്റത്തിനു പിന്നിലെന്ത് എന്നു സിപിഎമ്മിനോടു ചോദിക്കുന്നവർ ഈ തിരഞ്ഞെടുപ്പിനു കേരള സംസ്ഥാന കമ്മിറ്റി നൽകുന്ന പ്രാധാന്യമാണു മനസ്സിലാക്കേണ്ടത്. ‘കേരളത്തിൽ ഒരു ഇടതുപക്ഷ തുടർഭരണം എന്നത് അനിവാര്യമാണ്. ഇന്ന് അതൊരു ദേശീയ ആവശ്യമാണ്. ഇടതുപക്ഷത്തിനു ദേശീയതലത്തിൽ ഉണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ അതു കൂടിയേതീരൂ. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ചരിത്രദൗത്യമാണ് ഏറ്റെടുക്കാനുള്ളത്’: സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ സമീപനരേഖ പറയുന്നു.

ഓരോ സീറ്റും അപ്പോൾ വിലപ്പെട്ടതാണ്. അതുകൊണ്ട് കേരള കോൺഗ്രസിനു കൈമാറിയ കുറ്റ്യാടി സീറ്റ് അവർ തിരിച്ചെടുക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി പി.മോഹനനും തെരുവിൽ കേട്ട അധിക്ഷേപം വിസ്മരിച്ച് അണികൾ ചൂണ്ടിക്കാട്ടിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന് അതു താലത്തിൽ സമ്മാനിക്കും.

‘നാലു വോട്ടിനായി നിലപാടു മാറ്റില്ല’ എന്നു പറഞ്ഞ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ, ‘ശബരിമലയിൽ സംഭവിച്ചതിൽ ദുഃഖമുണ്ട്’ എന്നു വിലപിച്ച് സംസ്ഥാനകമ്മിറ്റി അംഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുത്തിയാലും കേരള നേതൃത്വം മിണ്ടില്ല. എങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 5 മന്ത്രിമാരും സ്പീക്കറും അടക്കം 33 പേരെ സ്ഥാനാർഥിപ്പട്ടികയിൽ നിന്നു വെട്ടിനിരത്തേണ്ടിയിരുന്നോ എന്ന ചോദ്യമുയരാം. ‘മാറ്റത്തിലൂടെ തുടർച്ച’ എന്ന വൈരുധ്യാത്മക മുദ്രാവാക്യമാണ് അതിനു പാർട്ടിയുടെ മറുപടി. രാജ്യത്ത് ഇടതുപക്ഷത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണു കേരളത്തിൽ നടക്കുന്നത്.

തലമുറമാറ്റത്തിന് പിന്നിൽ

പാർട്ടി ചർച്ച ചെയ്ത് അംഗീകരിക്കുന്ന രേഖ വഴി ആശയം വിശദമാക്കാനൊന്നും കോൺഗ്രസ് മെനക്കെടാറില്ല. പക്ഷേ, ‘രാജ്യത്തെ മികച്ച പട്ടിക’ എന്ന അവകാശവാദത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥികളെ അവതരിപ്പിച്ചതിനു പിന്നിൽ ചില്ലറ അധ്വാനമല്ല നടന്നത്. സ്ക്രീനിങ് കമ്മിറ്റിയിൽ വാക്കേറ്റമൊഴികെ മറ്റെല്ലാം സംഭവിച്ചു എന്നാണ് അതിലെ ഒരംഗം പറഞ്ഞത്. സിറ്റിങ് ഒഴികെയുള്ള ഓരോ സീറ്റിന്റെ പേരിലും അതിശക്ത വാദപ്രതിവാദങ്ങൾ അരങ്ങേറി. കേരള നേതൃത്വം നിർദേശിക്കുന്ന പേരുകൾക്കു ബദലായി എഐസിസിയുടെ രണ്ടു സർവേകളെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉയർന്നുകൊണ്ടേയിരുന്നു. ഓരോ സീറ്റിലും അഭിപ്രായസമന്വയം വളരെ പാടുപെട്ടു രൂപപ്പെടുത്തുകയായിരുന്നു.

വിജയസാധ്യതയ്ക്കു തലമുറമാറ്റം കൂടിയേതീരൂ എന്നതിനോട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പൊരുത്തപ്പെട്ടു. കേന്ദ്ര നേതൃത്വത്തിനുവേണ്ടി കെ.സി.വേണുഗോപാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചു. സമീപകാലത്ത് ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പു തയാറെടുപ്പിലും സ്ഥാനാർഥി നിർണയത്തിലും ഇതുപോലെ കർശനമായി ഹൈക്കമാൻഡ് ഇടപെട്ടിട്ടില്ല.

ഈ മാറ്റം എന്തുകൊണ്ട് എന്നു ചെന്നിത്തലയോടു ചോദിച്ചു: ‘‘കേരളത്തിൽ ജയിക്കേണ്ടത് കേരളത്തിൽ യുഡിഎഫിന്റെയും ഇന്ത്യയിൽ കോൺഗ്രസിന്റെയും ആവശ്യമാണ്. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ഭരണത്തിന് ഉറച്ച സാധ്യത കേരളത്തിലാണ്. ഇന്ത്യയിൽ കോൺഗ്രസിന്റെ മടങ്ങിവരവിനുള്ള കാഹളം ഇവിടെനിന്ന് ഉയരണമെന്ന് എഐസിസിയും കെപിസിസിയും ആഗ്രഹിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.

ഇതുകൊണ്ടൊന്നും വിമതസ്വരങ്ങളും അപശബ്ദങ്ങളും മുന്നണികളി‍ൽ ഉയരാതിരിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ഈ പോരാട്ടത്തിനു നൽകുന്ന പ്രാധാന്യം മൂലം പ്രചാരണം അതിതീക്ഷ്ണമാകാനാണ് എല്ലാ സാധ്യതയും.

അതിനിടയിലാണ് 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന് ബിജെപി കേരള നേതൃത്വം ആവർത്തിച്ച് അവകാശപ്പെടുന്നത്. അധികാരത്തിനായി ബാക്കി വേണ്ട 36 സീറ്റ് കുതിരക്കച്ചടവത്തിലൂടെ കരസ്ഥമാക്കുമെന്ന അപകടകരമായ മുന്നറിയിപ്പാണത്. തിരഞ്ഞെടുപ്പിനു മുൻപുതന്നെ ‘ഡീൽ റെഡി’ എന്ന ആക്ഷേപം ബിജെപിക്ക് ഉള്ളിൽനിന്നു തന്നെ ഉയർന്നുവന്നിരിക്കുന്നു. പ്രചാരണത്തിനു ഹെലികോപ്റ്റർ ഉപയോഗിക്കുന്ന കേരളത്തിനുള്ളിലെ ആദ്യ കക്ഷിനേതാവ് എന്ന ഖ്യാതി കെ.സുരേന്ദ്രനു സമ്മാനിച്ച് എന്തിനും തയാർ എന്ന സന്ദേശം ബിജെപി കേന്ദ്ര നേതൃത്വം നൽകിക്കഴിഞ്ഞു. ബിജെപിക്കു സാധ്യത കൽപിക്കപ്പെടുന്ന മണ്ഡലങ്ങളെല്ലാം പുറത്തുനിന്നുള്ള നേതാക്കളുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്.

140 മണ്ഡലങ്ങളിൽ സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും മുപ്പതോളം കുത്തക സീറ്റുകൾ മാറ്റിവച്ചാൽ, നൂറിലേറെ ഇടത്തും ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങി. അതുവഴി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ഈയൊരു മാസം കേരളം ‘ഹോട്സ്പോട്ട്’ ആയി മാറുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA