ADVERTISEMENT

വോട്ടർപട്ടിക തയാറാക്കലിനു തിരഞ്ഞെടുപ്പു കമ്മിഷൻ വിപുലമായ നടപടിക്രമങ്ങൾ നിർദേശിക്കുകയും പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജനങ്ങൾക്കു സമയവും സൗകര്യവും ഒരുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതെല്ലാം അട്ടിമറിക്കാൻ ഒരുവശത്തു നടക്കുന്ന നീക്കങ്ങൾ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ്. ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്ന ക്രമക്കേടുകൾ പ്രബുദ്ധ കേരളത്തിനുതന്നെ നാണക്കേടു വരുത്തിവയ്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 14 മണ്ഡലങ്ങളിൽ മാത്രം മുപ്പത്തിനാലായിരത്തോളം വോട്ടുകൾ ഇരട്ടിച്ചതായ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണ്.

അഞ്ചു മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ 14,657 വോട്ടുകൾ ഇരട്ടിച്ചതായ വിവരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. വോട്ടർ‌പട്ടികയിൽ കള്ളവോട്ടർമാരെ വ്യാപകമായി ചേർത്തെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു നേരിട്ടു പരാതിയും നൽകിയിരുന്നു. അന്വേഷിച്ച് നാളെയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മീണ നൽകിയിരിക്കുന്ന നിർദേശം.

മറ്റ് ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ 19,133 വ്യാജ വോട്ടുകളുണ്ടെന്ന പരാതി കൂടി പ്രതിപക്ഷ നേതാവ് ഇന്നലെ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയിട്ടുണ്ട്. പട്ടിക തയാറാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇങ്ങനെ ചെയ്യാനാകില്ലെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ്, കള്ളവോട്ടുകളെല്ലാം നീക്കം ചെയ്ത ശേഷമേ തിരഞ്ഞെടുപ്പു നടത്താവൂ എന്നും ബുധനാഴ്ച ആവശ്യപ്പെടുകയുണ്ടായി. ഒരാളുടെ പേരിൽ എങ്ങനെ 5 വോട്ടർ ഐഡി കാർഡുകളുണ്ടായി എന്നതടക്കം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കള്ളവോട്ടിന് ഒത്താശ ചെയ്താൽ സസ്പെൻഷനും നിയമനടപടിയും നേരിടേണ്ടിവരുമെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ്. തപാൽവോട്ടിൽ കൃത്രിമം നടക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയതായും കമ്മിഷൻ പറയുന്നു. പക്ഷേ, ഏതു സുരക്ഷയിലും പഴുതു കണ്ടെത്തുന്ന കള്ളന്മാരെപ്പോലെയാണു കള്ളവോട്ടിന്റെ ആസൂത്രകർ. വോട്ടർപട്ടികയിൽ നടത്തുന്ന ക്രമക്കേടുകളാണ് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളുടെ ആദ്യ പടി. അതുകൊണ്ടുതന്നെ, ഇരട്ടവോട്ടുകളടക്കമുള്ള ക്രമക്കേടുകളെല്ലാം കണ്ടെത്തി പട്ടിക ശുദ്ധീകരിക്കുകതന്നെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം. അതിലൊരു വീഴ്ചയും ഉണ്ടായിക്കൂടാ.

ഇങ്ങനെയുള്ള പിൻവാതിൽമാർഗങ്ങളിലൂടെ മണ്ഡലം പിടിക്കാൻ ശ്രമം നടത്തുന്നവർക്കു തടയിടുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും അടക്കമുള്ള നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പങ്കുവഹിക്കാനാവും. ഇരട്ടവോട്ടും കള്ളവോട്ടുകളും ഉപയോഗിച്ചു ഫലം അട്ടിമറിക്കാൻ ശ്രമമെന്ന് മുൻ തിരഞ്ഞെടുപ്പുകളിൽ ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ അന്വേഷണവും തുടർനടപടികളും മിക്കപ്പോഴുമുണ്ടായിട്ടില്ല. വോട്ടെടുപ്പിനു മുൻപുതന്നെ വിവിധ മണ്ഡലങ്ങളിലെ പട്ടിക സമഗ്രമായി പരിശോധിച്ച് ഒരു രാഷ്ട്രീയകക്ഷി തന്നെ പഴുതുകൾ ചൂണ്ടിക്കാട്ടിയിരിക്കുകയാണിപ്പോൾ. സമഗ്രമായ അന്വേഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതല തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്.

ജനാധിപത്യത്തിന്റെ നിലനിൽപ് ഉറപ്പാക്കുന്ന അടിസ്ഥാന ഘടകമാണ് അർഹതയുള്ള പൗരന്മാർക്കെല്ലാം സമ്മതിദാനാവകാശം ഉറപ്പുവരുത്തുന്ന വോട്ടർപട്ടിക. ഈ പട്ടിക ഓരോ തിരഞ്ഞെടുപ്പിനു മുൻപും കുറ്റമറ്റ രീതിയിൽ പുതുക്കേണ്ട ചുമതല ബന്ധപ്പെട്ടവരെല്ലാം ആത്മാർഥതയോടെ നിർവഹിക്കേണ്ടതുണ്ട്. പക്ഷേ, ചിലർ തങ്ങളുടെ രാഷ്‌ട്രീയക്കൂറു പ്രകടമാക്കുംവിധം വോട്ടർപട്ടികയിൽ വെട്ടിനിരത്തലോ തിരുകിക്കയറ്റലോ നടത്തുന്നപക്ഷം അതു കടുത്ത ജനാധിപത്യധ്വംസനമായി മാറുന്നു.

വോട്ടർപട്ടിക ആയുധമാക്കിയും ഉദ്യോഗസ്ഥരെ പടയ്‌ക്കുചേർത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ആശങ്കാജനകം തന്നെ. ഇതോടൊപ്പം തോൽക്കുന്നതാവട്ടെ, ജനാധിപത്യവും. അതു സംഭവിച്ചുകൂടാ. ഇത്തരം ഗൂഢനീക്കങ്ങൾ സംസ്ഥാനത്ത് എവിടെയൊക്കെ ഉണ്ടാകുന്നുവെന്ന് അടിയന്തരമായി പരിശോധിച്ച് തിരഞ്ഞെടുപ്പിനു മുൻപു നടപടി സ്വീകരിക്കുകതന്നെ വേണം. കുറ്റമറ്റ വോട്ടർപട്ടികയുമായി വേണം കേരളം ബൂത്തിലേക്കു നീങ്ങാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com