ഹൃദയം തൊടുമ്പോൾ...

heart
SHARE

ഓഫിസിലേക്കു പോകുന്നതിനിടെ വഴിയരികിൽ കണ്ട യാചകന് എന്തെങ്കിലും കൊടുക്കണമെന്നു ചെറുപ്പക്കാരനു തോന്നി. പോക്കറ്റിൽ കയ്യിട്ടപ്പോഴാണ് താൻ പഴ്സ് എടുത്തില്ലെന്ന വിവരം അയാൾ മനസ്സിലാക്കിയത്. ക്ഷമാപണത്തോടെ അദ്ദേഹം യാചകനോടു പറഞ്ഞു: സഹോദരാ, ഞാൻ പഴ്സ് വീട്ടിൽ മറന്നുവച്ചു. യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു: അതു സാരമില്ല. നിങ്ങളെന്നെ സഹോദരാ എന്നു വിളിച്ചല്ലോ. ഇന്നിനി എനിക്കൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വലിയ മനസ്സിനു നന്ദി.

നാണയത്തുട്ടുകളെക്കാൾ മൂല്യം ഹൃദയത്തുടിപ്പുകൾക്കുണ്ട്. പണം എല്ലാറ്റിനും പകരമോ ഒന്നിനും പരിഹാരമോ അല്ല. ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്തു വിതറുകയല്ല വേണ്ടത്. അയാളുടെ ഹൃദയത്തെ സ്പർശിക്കണം. എവിടെനിന്നെങ്കിലും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. വേതനം കുറയുന്നതിനെക്കാൾ വേദനയാണ് വികാരങ്ങൾ മനസ്സിലാക്കാതിരിക്കുന്നത്.

ഒന്നു നോക്കുകപോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്നു കുശലം പറയുന്നവരുടെ വാക്കുകൾക്കുണ്ടാകും. അവഗണിക്കപ്പെടുന്നു എന്ന മനസ്സിന്റെ തോന്നലാണ് ഏറ്റവും കഠിനവേദന. ഒറ്റപ്പെടുന്നവരുടെ ഒപ്പമിരിക്കുന്നവർ സമ്മാനിക്കുന്നത്രയും സന്തോഷം ഒരു കോടിപതിയും നൽകുന്നില്ല.

ഉപദ്രവിക്കാതിരിക്കുന്നവരെയെല്ലാം നല്ലവരെന്നു വിളിച്ചുകൂടാ. ഉപകാരികളാകാത്തവരെല്ലാം ഉപദ്രവകാരികൾ തന്നെ. അസൗകര്യമാകുമോ എന്നു കരുതി അവഗണിച്ചു കടന്നുപോകുന്നവരെല്ലാം അപകടകാരികളാണ്. സാധിക്കുമായിരുന്ന സഹായം ചെയ്യാതിരിക്കുന്നതിനെ വിളിക്കുന്ന പേരാണ് ഹിംസ. പുഞ്ചിരി നൽകാൻ പണം വേണ്ട. കണ്ണുകളിലൊന്നു നോക്കാൻ സ്ഥിരനിക്ഷേപം ആവശ്യമില്ല. എല്ലാ യാചകരും കൈനീട്ടുന്നതു പണത്തിനു വേണ്ടിയാണെന്നു കരുതുന്നതാണു തെറ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA