ADVERTISEMENT

കേരളം രൂപീകരിച്ചതിനു ശേഷം നടക്കുന്ന പതിനാറാമത് തിരഞ്ഞെടുപ്പിനാണു 15 ദിവസം കഴിയുമ്പോൾ നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. നിർഭാഗ്യവശാൽ യഥാർഥ രാഷ്ട്രീയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പു വേളയിൽ ചർച്ച ചെയ്തു കാണുന്നില്ല. മറിച്ച്, അവസാനിക്കാത്ത വിവാദങ്ങളും ജനകീയ പരിപാടികളായ ഭക്ഷ്യ കിറ്റും വാർധക്യ പെൻഷനും പോലുള്ളവയെ ചുറ്റിപ്പറ്റിയാണു ചർച്ച നിൽക്കുന്നത്. രാഷ്ട്രീയ മുന്നണികളും മാധ്യമലോകവും സാമൂഹിക മാധ്യമങ്ങളുമൊക്കെ ചർച്ച ചെയ്യുന്നതു വിവാദങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും ക്ഷേമപരിപാടികൾക്കുള്ള മേന്മയും വോട്ടുബാങ്കുകളും ഒക്കെത്തന്നെ. 

ആശയപരമായ സംവാദത്തിൽ നിറഞ്ഞുനിൽക്കേണ്ട രാഷ്ട്രീയ ചർച്ച ഇവിടെ ഏതാണ്ട് അപ്രത്യക്ഷമായ മട്ടാണ്. വികസന മാർഗരേഖകളും അതിന്റെ പ്രായോഗികവശങ്ങളും കേരള സമ്പദ്ഘടനയുടെ ശക്തിയും പ്രസക്തിയും ഭാവിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കാൻ നേതാക്കന്മാരും മാധ്യമലോകവും മറന്നപോലെയുണ്ട്.  

ആഗോളീകരണത്തിനുശേഷം ഉരുത്തിരിഞ്ഞ സമ്പദ്‌വ്യവസ്ഥയിൽ കേരളത്തിന്റെ വികസനം ഏതു വഴിക്കാണ് കൊണ്ടുപോകേണ്ടത് എന്ന പ്രധാന രാഷ്ട്രീയ ചർച്ച നിർഭാഗ്യവശാൽ ആരും ഉയർത്തുന്നില്ല. തൊഴിലില്ലായ്മ നിയന്ത്രിക്കേണ്ടതും അടിസ്ഥാനവികസനം ശക്തിപ്പെടേണ്ടതും വിദ്യാഭ്യാസം, കോവിഡാനന്തര ആരോഗ്യസംരക്ഷണം, കാർഷികവളർച്ച, ഭക്ഷ്യസുരക്ഷ, വ്യവസായ പുരോഗതി എന്നീ ഘടകങ്ങളോടൊപ്പം എന്തുകൊണ്ടു കേരളത്തിൽ വർഗീയതയും മതമൗലികവാദവും നിലനിൽക്കുന്നുവെന്നതും ചർച്ച ചെയ്യണം. 

gopakumar
ഡോ. ജി. ഗോപകുമാർ

വോട്ടർമാരായ ജനാധിപത്യത്തിന്റെ യഥാർഥ ഉടമകൾ ശക്തമായി ആലോചിക്കേണ്ട വിഷയങ്ങളാണിവ. പക്ഷേ, പൊതുസമൂഹത്തിൽ ഇതൊന്നും ആഴമേറിയ ചർച്ചകൾക്കു വഴിതെളിയിക്കുന്നില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും പുറമേ, ഇലക്ട്രോണിക് മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഒരു നേതാവിന്റെ പ്രസ്താവനയോ സുപ്രധാനമല്ലാത്ത രാഷ്ട്രീയ സംഭവങ്ങളോ വിവാദങ്ങളാക്കി അതിനെ ചുറ്റിപ്പറ്റി ചർച്ച ചെയ്ത് നമ്മുടെ വിലയേറിയ സമയവും ചിന്താശക്തിയും നഷ്ടപ്പെടുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കണം. ഇല്ലെങ്കിൽ യഥാർഥ വിഷയങ്ങൾ അപ്രസക്തമാകും. ഉപരിതലത്തിലുള്ള കാര്യങ്ങൾ മാത്രം ചർച്ച ചെയ്ത് നമ്മുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകും. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസവും വായനാശീലവും ദേശീയ–രാജ്യാന്തര വിഷയങ്ങളെക്കുറിച്ച് നല്ല അവബോധവുമുള്ള ഒരു രാഷ്ട്രീയ സമൂഹത്തിലാണ് ഈ മൂല്യച്യുതി സംഭവിച്ചിരിക്കുന്നത്. 

ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളും അവരുടെ പോഷകസംഘടനകളുമാണു രാഷ്ട്രീയ സംവാദങ്ങൾക്കു കളമൊരുക്കേണ്ടത്. ഇതിനേറ്റവും പറ്റിയ സന്ദർഭം തിരഞ്ഞെടുപ്പിനു മുൻപുള്ള ഒരു വർഷമാണ്. ഇതോടൊപ്പം പ്രകടനപത്രിക തയാറാക്കലും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി ഔപചാരിക തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുമ്പോൾ പൂർണമായും തയാറാകണം. എന്നാൽ മാത്രമേ യഥാർഥ രാഷ്ട്രീയ ചർച്ച നടക്കുകയുള്ളൂ. 

സമ്പദ്‌വ്യവസ്ഥയിൽ പ്രവാസികളുടെ പങ്ക്, പുത്തൻ വ്യവസായ സാധ്യതകൾ, സുസ്ഥിര ടൂറിസം വികസനം, തൊഴിലവസരത്തിനുള്ള പ്രായോഗിക സമീപനങ്ങൾ, അടിസ്ഥാന വികസന പദ്ധതികൾ തുടങ്ങിയ നയപരമായ കാര്യങ്ങളാണു രാഷ്ട്രീയ ചർച്ചയുടെ കാതലാകേണ്ടത്. അല്ലാതെ ആശയദാരിദ്ര്യത്തിലൂന്നിയ വിവാദങ്ങളെ കൊഴുപ്പിച്ചുകൊണ്ടല്ല. 

പ്രകടനപത്രികകൾക്ക് മൂല്യം കൽപിച്ചിരുന്നുവെങ്കിൽ മൂന്നു മുന്നണികളും അതു പൂർത്തീകരിച്ച് പ്രസിദ്ധീകരിക്കാൻ ഇത്രയും വൈകിപ്പിക്കുമായിരുന്നുവോ? ആശയസംവാദങ്ങൾ വളർന്നെങ്കിൽ വോട്ടർമാർക്കും പാർട്ടികൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായേനെ. വികാരക്ഷോഭങ്ങളിലൂന്നിയ ടെലിവിഷൻ ചർച്ചകൾ വിചാരധാരയ്ക്ക് എന്തു സംഭാവനയാണു നൽകുന്നത്? ഇക്കാര്യത്തിൽ നമ്മുടെ ദേശീയ ദൃശ്യമാധ്യമങ്ങളും വളരെ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. 

പട്ടം താണുപിള്ളയും ഇഎംഎസും പനമ്പിള്ളിയും അച്യുതമേനോനും കെ. കരുണാകരനും ഇ.കെ.നായനാരും എല്ലാം നയിച്ച തിരഞ്ഞെടുപ്പുകളിൽ പലവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഉദാഹരണമായി ഭൂപരിഷ്കരണം, കുടിയേറ്റ നയങ്ങൾ, പൊതു–സ്വകാര്യ വിദ്യാഭ്യാസനയങ്ങൾ, വികസനം, വികേന്ദ്രീകരണം, ഏകീകൃത സിവിൽകോഡ്, മതനിയമങ്ങളുടെ പരിഷ്കരണം തുടങ്ങിയ അനേകം വിഷയങ്ങളിൽ നല്ല ചർച്ചകൾ തിരഞ്ഞെടുപ്പു വേളയിൽ മാധ്യമങ്ങളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 

ക്ഷേമപരിപാടികൾ നമുക്കാവശ്യം തന്നെയാണ്. പക്ഷേ, നിശ്ചിത രാഷ്ട്രീയ–സാമ്പത്തിക നയങ്ങൾക്ക് അതിനേക്കാളുപരി മാനങ്ങളും സാധ്യതകളുമുണ്ട്. നയപരമായ സംവാദവും അതുവഴി ഉയർത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുമാണ് തിരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു പൊതുജനങ്ങൾ പ്രതീക്ഷിക്കുക. ഇത്തവണ നമുക്കതു നഷ്ടപ്പെട്ടുപോകുന്നതു സങ്കടകരമാണ്. 

ഉയർന്ന രാഷ്ട്രീയബോധമുള്ള ഒരു സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിൽ നിന്നു രാജ്യത്തെ പൊതുസമൂഹം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകൾ നൽകുന്ന ആരോഗ്യപരമായ സംവാദാവസരങ്ങൾ വളരെ വലുതാണ്. വ്യക്തമായ, നയപരമായ സംവാദങ്ങൾ സുസ്ഥിര ഭരണമികവിനു വഴി തെളിയിക്കും. ജനാധിപത്യത്തെ അതു കൂടുതൽ ശക്തമാക്കും. 

(കാസർകോട് കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലറും രാഷ്ട്രീയ നിരീക്ഷകനുമാണു ലേഖകൻ)

Content Highlights: Kerala assembly election discussion on developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com