ADVERTISEMENT

അല്ല സർ, ശിരസ്തദാറുടെ ശിരസ്സിലുള്ളത് നമുക്കു പരിചയമുള്ള തലയല്ല; ആ ശിരസ്സ് വേറെയാണ്. ഒറ്റനോട്ടത്തിൽ അവിടെയൊരു ശിരസ്സുണ്ടെങ്കിലും അതൊരു പേർഷ്യൻ ശിരസ്സാകുന്നു. ശിരസ്തദാർ എന്ന വാക്കിന്റെ വരവ് പേർഷ്യൻ ഭാഷയിൽനിന്നാണ്.

പേർഷ്യൻ കോടതിയിൽനിന്നു നമ്മുടെ കോടതിയിലേക്ക് ശിരസ്തദാർ നേരെയിങ്ങു കയറിവരികയായിരുന്നു. കോടതിയിലെ ഭരണനിർ‍വഹണമാണ് ശിരസ്തദാർ ശിരസാവഹിക്കുന്നതെന്ന് ഇപ്പോൾ നമുക്കറിയാം.

ശിരസാവഹിക്കാൻ തല വേണം. തിരഞ്ഞെടുപ്പുകാലത്ത് ശിരസ്സിന്റെ പങ്ക് തലയെടുപ്പോടെ നിൽക്കുന്നതു നാം കാണുന്നുണ്ട്. സ്ഥാനാർഥിയാകാൻ ചിലർ ശിരസ്സെന്ന തല കുനിച്ചുകൊടുക്കുന്നു. ചിലരുടെ തലയിൽ സ്ഥാനാർഥിത്വം വന്നുവീഴുന്നു. ചിലരെങ്കിലും തല വലിക്കുന്നു. നിവൃത്തിയില്ലാതെ വരുമ്പോൾ ചിലർ തല മൊട്ടയടിക്കുന്നു.

ഒരു പാർട്ടിയിൽനിന്നു തലവലിച്ച് മറ്റൊന്നിന്റെ കക്ഷത്തിൽ വച്ചുകൊടുക്കുമ്പോൾ തലയിലൊന്നുമില്ലാതിരിക്കുന്നത് ഒരു സൗകര്യമായാണ് രാഷ്ട്രീയത്തിൽ കരുതപ്പെടുന്നത്.

ശിരസ്സിൽ മുടിചൂടി നിൽക്കുന്ന മുടി വടിച്ചുകളയുന്നതിൽ ഫാഷനുണ്ട്. വിശ്വാസമുണ്ട്. സങ്കടമുണ്ട്. പ്രതിഷേധം പിന്നീടെപ്പോഴോ മൊട്ടത്തലയിൽ വന്നുവീണതാണ്.

ചരിത്രത്തിന്റെ തലനാരിഴ കീറി പരിശോധിച്ചപ്പോൾ ആദിമ മൊട്ടത്തലകൾ അപ്പുക്കുട്ടനു കണ്ടെടുക്കാനായത് ഈജിപ്ത്, ഗ്രീസ്, റോം സംസ്കാരങ്ങളിൽനിന്നാണ്.

പല രാജ്യങ്ങളിലും സൈന്യത്തിലെ നവാഗതർ പുതിയ ഉത്തരവാദിത്തങ്ങൾ ശിരസാവഹിച്ചുതുടങ്ങുന്നതിനു മുൻപു തല മൊട്ടയടിക്കാറുണ്ട്. തലയിലേക്കു നോക്കിയാലറിയാം സേനാസേവനത്തിന്റെ ചെറുപ്പം.

രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ നാത്‌സിപ്പടയാളികൾ എതിർപക്ഷത്തെ സഖ്യസേനയിലെ യോദ്ധാക്കളെ കണ്ടാലുടൻ മുടിയിൽ പിടികൂടുമായിരുന്നുവത്രെ. മുടിതന്ത്രം മനസ്സിലാക്കിയപ്പോൾ സഖ്യസേനയിലെ പട്ടാളക്കാർ കൂട്ടത്തോടെ തല മൊട്ടയടിച്ചുതുടങ്ങി.

പോരാട്ടത്തിലെ മൊട്ടത്തലതന്ത്രം പക്ഷേ, പണ്ടേയുള്ളതാണ്. മഹാനായ അലക്സാണ്ടർ എന്നു ചരിത്രം വിളിക്കുന്ന മാസിഡോണിയയിലെ അലക്സാണ്ടർ ചക്രവർത്തി തന്റെ സൈനികരോടു നിർദേശിക്കാറുണ്ടായിരുന്നുവത്രെ: മുടിയും താടിയും വടിച്ചുനീക്കുക; ശത്രുക്കൾ എവിടെ പിടിക്കുമെന്നു കാണാമല്ലോ.

ക്രിസ്തുവിനു മുൻപ് 323ൽ ആണ് അലക്സാണ്ടർ ചക്രവർത്തിയുടെ മരണം. അന്നു മാസിഡോണിയയിലെമ്പാടും ജനങ്ങൾ തെരുവുകളിലൂടെ നിലവിളിച്ചു നടന്നു. സങ്കടം സഹിക്കാനാവാത്തവർ തല മൊട്ടയടിച്ചു. സങ്കടമൊട്ടയുടെ തുടക്കം ഒരുപക്ഷേ, അവിടെനിന്നാവാം.

സങ്കടമൊട്ടയിൽനിന്നു പ്രതിഷേധ മൊട്ടയിലേക്ക് അത്ര വലിയ ദൂരമില്ല. മൊട്ടയടിച്ച തല ഒരിടത്തും തട്ടാതെ നോക്കണമെന്നുമാത്രം; മുടിയുടെ കുഷനില്ലാത്തതിനാൽ വേദന കൂടും.

Content Highlights: History of the shaved head

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com