റഷ്യയുമായുള്ള പ്രതിരോധ കരാറിനെതിരെ യുഎസ്; വഴങ്ങില്ലെന്ന് ഇന്ത്യ

rajnath singh
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയപ്പോൾ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം. ചിത്രം: റോയിട്ടേഴ്‌സ്
SHARE

ഇന്ത്യക്കെതിരായ യുഎസ് ഉപരോധം പിൻവലിച്ചു രണ്ടു ദശകം പിന്നിടുമ്പോൾ വാഷിങ്ടനിൽനിന്നുള്ള പുതിയ ഭീഷണി കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണു കേന്ദ്ര സർക്കാർ.

ജോ ബൈഡൻ അധികാരമേറ്റതിനു ശേഷം ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ഇന്ത്യ–യുഎസ് ബന്ധത്തെ ‘മുഖ്യശക്തി പങ്കാളിത്തം’ എന്നു വിശേഷിപ്പിച്ചുവെങ്കിലും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ദേശീയ സുരക്ഷാ വിഷയങ്ങളിൽ ബാഹ്യഇടപെടലുകൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണു കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ലോയ്‌ഡ് ഓസ്റ്റിനുമായുള്ള ചർച്ചയിൽ സ്വീകരിച്ചത്.

മിസൈൽ രാഷ്ട്രീയം

ഇന്ത്യ–യുഎസ് ബന്ധത്തിൽ കരടുവീണ സംഭവം റഷ്യയിൽനിന്ന് ഇന്ത്യ എസ് 400 ട്രയംഫ് മിസൈലുകൾ വാങ്ങാൻ കരാറുണ്ടാക്കിയതാണ്. യുഎസിന്റെ കടുത്ത ഉപരോധം നേരിടുന്ന മൂന്നു രാജ്യങ്ങളിലൊന്നാണു റഷ്യ.

ഇറാനും ഉത്തര കൊറിയയുമാണു മറ്റു രണ്ടു രാജ്യങ്ങൾ. റഷ്യയുമായുള്ള പ്രതിരോധ കരാറിന്റെ പ്രശ്നം ഡൽഹി സന്ദർശനത്തിനിടെ ലോയ്‌ഡ് ഓസ്റ്റിൻ ഉന്നയിക്കണമെന്ന് യുഎസ് കോൺഗ്രസിലെ വിദേശകാര്യ സമിതിയുടെ തലവനായ സെനറ്റർ ബോബ് മെനൻഡസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, റഷ്യ കരാർ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ പരാമർശിച്ചില്ലെന്നും ഔദ്യോഗിക ചർച്ചകളിലാണ് അവതരിപ്പിച്ചതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജയ്‌ശങ്കറിനു മുൻപാകെയും റഷ്യാ പ്രശ്നം രാജ്‌നാഥ് സിങ്ങിനും ഡോവലിനും മുൻപാകെയും ഉന്നയിക്കപ്പെട്ടു. ഇന്ത്യയിൽ ജനാധിപത്യം ദുർബലമായിരിക്കുന്നുവെന്ന പ്രചാരണം വെറും പ്രചാരണം മാത്രമാണെന്ന് ഇന്ത്യ വാദിച്ചു. 

ട്രംപല്ല, ബൈഡൻ

റഷ്യാ മിസൈലുകൾ ഇന്ത്യ ഇനിയും വാങ്ങിയിട്ടില്ലെന്നതിനാൽ ഉപരോധം ചർച്ച ചെയ്യേണ്ടതില്ലെന്നും ഓസ്റ്റിൻ പറഞ്ഞു. ഇതേ മിസൈലുകൾ വാങ്ങിയതിന്റെ പേരിൽ തുർക്കിക്കും ചൈനയ്ക്കുമെതിരെ യുഎസ് ഉപരോധമുണ്ട്. എന്നാൽ അത്തരമൊരു നടപടി ഇന്ത്യയ്ക്കു നേരെ ഉണ്ടാവില്ലെന്നാണു കേന്ദ്ര സർക്കാർ കരുതുന്നത്.

കാരണം യുഎസിൽനിന്ന് ഇന്ത്യ വൻതോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ–യുഎസ് സൈന്യങ്ങൾ തമ്മിലും മികച്ച ബന്ധമാണുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ഉദാരനിലപാടു സ്വീകരിച്ചിരുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചത്, മിസൈൽ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് ഒരുതവണ ഇളവു ലഭിച്ചേക്കുമെന്നാണ്. വാഷിങ്ടനിൽനിന്നു മുറുമുറുപ്പ് ഉണ്ടായെങ്കിലും 40,000 കോടി രൂപയുടെ മിസൈൽ കരാറിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഇന്ത്യ റഷ്യയോടു പറഞ്ഞത്. പക്ഷേ, ബൈഡനും യുഎസ് കോൺഗ്രസിനെ നിയന്ത്രിക്കുന്ന ഡമോക്രാറ്റിക് പാർട്ടിക്കും റഷ്യയോടു കൂടുതൽ കടുത്ത സമീപനമാണുള്ളത്. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനി അടക്കം എതിരാളികളെ അടിച്ചമർത്തുന്ന പുടിന്റെ നയവും യുഎസ് രാഷ്ട്രീയത്തിലെ റഷ്യയുടെ ഇടപെടലുകളും ബൈഡൻ ഭരണകൂടം ഗുരുതരമായി കാണുന്നു.

ഉപരോധകാലം കടന്ന്

ആണവ പരീക്ഷണങ്ങളുടെ പേരിൽ ഇന്ത്യയുടെ ആണവോർജ കമ്മിഷൻ, ഭാഭ അറ്റോമിക് റിസർച് സെന്റർ, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ എന്നിവയ്ക്കെതിരെ രണ്ടു ദശകം മുൻപ് യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു. 2001 സെപ്റ്റംബർ 11നു ന്യൂയോർക്കിലെ അൽഖായിദ ഭീകരാക്രമണത്തിനുശേഷമാണ് യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് ഇന്ത്യക്കെതിരായ ഉപരോധം എടുത്തുകളഞ്ഞത്.

ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളിയായ ഇന്ത്യയ്ക്കെതിരെ ഉപരോധം തുടരുന്നത് അമേരിക്കൻ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബുഷിന്റെ നടപടി. ഉപരോധകാലത്ത് ഇന്ത്യയുടെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾക്ക് യുഎസിലെ സർവകലാശാലകളുമായി പോലും ബന്ധം സാധ്യമല്ലായിരുന്നു. 

അക്കാലത്ത് ആണവോർജ കമ്മിഷൻ മേധാവി ആർ. ചിദംബരത്തിനു യുഎസ് സന്ദർശനത്തിനു വീസ നിഷേധിക്കപ്പെട്ടു. മിസൈൽ ടെക്നോളജിയുടെ പിതാവായ എ.പി.ജെ. അബ്ദുൽ കലാമിനു രാഷ്ട്രപതി കാലാവധി കഴിഞ്ഞശേഷമാണ് യുഎസ് സന്ദർശിക്കാൻ അനുമതി ലഭിച്ചത്. രണ്ടു ദശകത്തിനിടെ ഉന്നത സാങ്കേതികവിദ്യാ മേഖലയിൽ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം വളരെവേഗം മുന്നോട്ടുപോയിട്ടുണ്ട്.

സൈനികേതര ആണവ കരാറിനൊപ്പം ഉയർന്ന പ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോൺഗ്രസും അനുമതി നൽകിയിരുന്നു.

നിർണായകം റഷ്യാ ബന്ധം 

സുരക്ഷാകാര്യ കാബിനറ്റ് സമിതിയിൽ രാജ്നാഥ് സിങ്, എസ്. ജയ്‌ശങ്കർ എന്നിവർക്കൊപ്പം ധനമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും അംഗങ്ങളാണ്. ഇന്ത്യക്കെതിരെ സൈനികമോ സാമ്പത്തികമോ ആയ ഉപരോധങ്ങളെ നേരിടാനുള്ള തന്ത്രപരമായ നയങ്ങൾ രൂപീകരിക്കാനാണ് ഇവരുടെ ശ്രമം. ട്രംപിന്റെ കാലത്ത് ഇറാനെതിരെ ചുമത്തിയ ഉപരോധം, ഇന്ത്യ–ഇറാൻ വ്യാപാരബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കർമപരിപാടി അന്നു പെട്രോളിയം, ധന, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നു തയാറാക്കിയിരുന്നു. മറ്റ് 7 വൻകിട എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉപരോധത്തിൽനിന്ന് 6 മാസ ഇളവു നേടിയെടുത്തു. ഇതേ തുടർന്നാണ് ഇറാനു രൂപ നൽകി എണ്ണ ഇറക്കുമതിക്കു കരാറുണ്ടാക്കിയത്. 

ഉപരോധം നേരിടുന്ന ഇറാനെയും ഉത്തര കൊറിയയെയും അപേക്ഷിച്ച് ഇന്ത്യയ്ക്ക് റഷ്യയുമായുള്ള സൈനിക, സാമ്പത്തിക ബന്ധങ്ങൾ വളരെ വലുതാണ്. പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയുടെ നവീകരണത്തിനും വികസനത്തിനും ആവശ്യമായ പ്രതിരോധ സാമഗ്രികളത്രയും വരുന്നതു റഷ്യയിൽനിന്നാണ്.

പാട്ടത്തിനെടുത്ത രണ്ടാമത്തെ ആണവ മുങ്ങിക്കപ്പൽ താമസിയാതെ മോസ്കോയിൽ നിന്നെത്തും. ഏഷ്യയിൽ സുരക്ഷാപരമായി റഷ്യ എത്ര നിർണായകമാണെന്നും ഇന്ത്യയ്ക്കു ബോധ്യമുണ്ട്. ചൈനയുമായി അടുപ്പമുള്ള റഷ്യ പാക്കിസ്ഥാനുമായി അടുക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഇന്ത്യയ്ക്കെതിരെ അമേരിക്കയുടെ സമ്മർദമേറിയാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധം ഊഷ്മളമാക്കാനാവും പുടിൻ ശ്രമിക്കുക.

നവംബറിലാണ് റഷ്യൻ മിസൈലുകളുടെ ആദ്യ ബാച്ച് എത്തുക. ഇക്കാര്യത്തിൽ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന കൃത്യമായ സൂചനകളാണു കേന്ദ്ര സർക്കാർ ബൈഡൻ ഭരണകൂടത്തിനു നൽകാൻ ശ്രമിക്കുന്നത്. ദീപാവലിയുടെ അന്ന് മിസൈലുകൾ ഔദ്യോഗികമായി വിന്യസിക്കാനാണു പ്രതിരോധ മന്ത്രാലയം നോക്കുന്നത്. ആ സമയം യുഎസിന്റെ വെടിക്കെട്ടുകൾ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA