ADVERTISEMENT

വരുന്ന ആറാം തീയതി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബൂത്തിൽ ഒപ്പം നിൽക്കുന്നവരിൽ എത്രപേർ വ്യാജവോട്ടർമാരായിരിക്കുമെന്ന ആശങ്ക ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെങ്കിലും കേരളം ആ നിർഭാഗ്യ സാഹചര്യത്തിലേക്കാണു നീങ്ങുന്നത്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും പൗരാവകാശ ബോധ്യങ്ങളിലുമൊക്കെ പെരുമ കൊള്ളുന്ന നമ്മുടെ സംസ്ഥാനം, വ്യാജവോട്ടുകളുടെ ആഘോഷം കണ്ട് തലതാഴ്ത്തിനിൽക്കുകയാണിപ്പോൾ.

വോട്ടർപട്ടികയിൽ വൻതോതിൽ വ്യാജവോട്ടർമാരുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ ശരിവച്ച് മേൽനടപടികളിലേക്കു കടന്നിരിക്കുകയാണ്. ഒരു വോട്ടറുടെ പേരിൽ 5 കാർഡ് അനുവദിച്ച ഉദുമയിൽ അനധികൃത കാർഡുകൾ റദ്ദാക്കി, അസി. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

ജനാധിപത്യ വ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുന്ന ഇത്തരം പിൻവാതിൽ ഇടപെടലുകൾക്ക് ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തതുകൊണ്ടുമാത്രം തടയിടാമെന്നാണോ സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കരുതിയിരിക്കുന്നത്? എന്തു മാർഗത്തിലൂടെയാണെങ്കിലും നാലു വോട്ട് കൂടുതൽ കിട്ടാനായി കച്ചകെട്ടിയിറങ്ങുന്ന മൂല്യരഹിതരായ രാഷ്ട്രീയക്കാരും അവരോടുള്ള വിധേയത്വം കൊണ്ട് ഏതവസ്ഥയിലേക്കും തരംതാഴുന്ന ചില ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ ഒരു ഉദാഹരണം മാത്രമല്ലേ ഉദുമയിലെ ആ അഞ്ചു കാർഡുകൾ?

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും അന്വേഷണത്തിനു നിർദേശിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്നമുണ്ടെന്നും 2019 ജനുവരിയിൽ കേരളത്തിൽ ഇത്തരത്തിലുള്ള 64 ലക്ഷം വോട്ടർമാരുണ്ടായിരുന്നുവെന്നും അതെല്ലാം നീക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് മീണ പറഞ്ഞത്. ഇത്രയും കാലം രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നുവെന്നും നേരത്തേ പട്ടിക പരിശോധിച്ചില്ലെന്നുംകൂടി അദ്ദേഹം പറഞ്ഞതിലാണ് ജനാധിപത്യത്തിന്റെ വിലയുള്ളൊരു ചോദ്യമുയരുന്നത്: സർക്കാർ സംവിധാനങ്ങളും തിരഞ്ഞെടുപ്പു കമ്മിഷന്റെ സന്നാഹങ്ങളും സജീവമാണെന്നു കരുതുന്ന ഒരു സംസ്ഥാനത്ത് ഇത്രയും ഗുരുതരമായ ക്രമക്കേട് കണ്ടെത്താൻ ഒരു രാഷ്ട്രീയ കക്ഷി തന്നെ വേണ്ടിവന്നത് എന്തുകൊണ്ടാണ്? സത്യത്തിൽ, ഉറങ്ങുന്നതു നമ്മുടെ ഒൗദ്യോഗിക സംവിധാനങ്ങൾ തന്നെയല്ലേ?

ഇതിനകം കണ്ടെത്തിയ ലക്ഷക്കണക്കിനു വ്യാജവോട്ടർമാർ ജനാധിപത്യപ്രക്രിയ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തന്നെയാണ്. ഇവർ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷകൾ കൊടുത്തിട്ടുണ്ടോ, കൃത്യമായ മേൽവിലാസം ഇല്ലാത്തവരുടെ പേരുകൾ എങ്ങനെയാണു ചേർത്തത് തുടങ്ങിയ ചോദ്യങ്ങൾ ഗൗരവമുള്ളതാണ്. യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരിച്ചറിയൽ കാർഡുകൾ അനുവദിച്ചതു പുറത്തുവന്നതിനു പിന്നാലെ, ഒരേ ഫോട്ടോ ഉപയോഗിച്ച് വെവ്വേറെ പേരിലും വിലാസത്തിലും വോട്ടർപട്ടികയിൽ ആളെ ചേർത്തതായും കണ്ടെത്തുകയുണ്ടായി.

വോട്ടർപട്ടികയിൽ തിരിമറി നടത്താൻ മാത്രമല്ല, ബൂത്തുകളിൽ കള്ളവോട്ടിനു സാഹചര്യമൊരുക്കാനും കുറച്ച് ഉദ്യോഗസ്ഥരെങ്കിലും അവരുടെ രാഷ്ട്രീയ യജമാനന്മാരുമായി പതിവുപോലെ ഒത്തുകളിച്ചേക്കുമെന്ന ആശങ്ക ഇതോടെ വർധിച്ചിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനം ഈ പിൻവാതിൽകളികളിലുള്ളതു കൊണ്ട്, തിരഞ്ഞെടുപ്പിൽ ഏതെങ്കിലും കക്ഷിയുടെ അന്യായമായ സ്വാധീനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയേതീരൂ. സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പാണു തിരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷ്യമാക്കുന്നതെങ്കിൽ ഇത്തരം നീതിനിഷേധങ്ങൾ കർശനമായി തടയേണ്ടതുണ്ട്.

ഒരു വ്യാജ വോട്ടുപോലും ബൂത്തിലെത്തരുതെന്ന നിശ്ചയദാർഢ്യത്തോടെയുള്ള അടിയന്തരനടപടികളാണ് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് ഉണ്ടാകേണ്ടത്. സൂക്ഷ്മവും വ്യാപകവുമായ കർശന പരിശോധനയിലൂടെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്നു വ്യാജ വോട്ടർമാരെയെല്ലാം തിരഞ്ഞെടുപ്പിനു മുൻപു പുറത്താക്കിയേതീരൂ. ഈ ക്രമക്കേടിനു പിന്നിലുള്ളവരെ മുഴുവൻ കണ്ടെത്തി, മാതൃകാപരമായി നടപടിയെടുക്കുകയും വേണം. ജനാധിപത്യത്തിന് ഇങ്ങനെ തലയിൽ മുണ്ടിട്ടു നിൽക്കേണ്ട അവസ്ഥ വരുംതിരഞ്ഞെടുപ്പുകളിലെങ്കിലും ഉണ്ടാകാനും പാടില്ല.

Content Highlights: Bogus vote must be prevented

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com