ADVERTISEMENT

കർഷകരുടെയും പ്രവാസികളുടെയും പ്രശ്നങ്ങൾ തന്നെയാണ് പത്തനംതിട്ടയുടെ രാഷ്ട്രീയം. ഇതുവരെയില്ലാത്ത ഒരു ത്രികോണ രാഷ്ട്രീയ സംസ്കാരത്തിലേക്ക്  ജില്ല മാറുമ്പോൾ...

ജനസംഖ്യാ വർധനനിരക്ക് ഇങ്ങനെ കീഴ്പ്പോട്ടു പോയാൽ പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങൾ ഇനിയും കുറയുമെന്നാണു പ്രവചനം. തുടക്കത്തിൽ 8 മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയിൽ അവശേഷിക്കുന്നത് അഞ്ചെണ്ണം മാത്രം. നേതൃസമ്പന്നമായ ജില്ലയിൽ മണ്ഡലങ്ങളിങ്ങനെ കുറയുന്നതിന്റെ ആദ്യ തിരിച്ചടി രാഷ്ട്രീയത്തിലാണ്. മത്സരയോഗ്യർ അനേകമെങ്കിലും സീറ്റു തുച്ഛം. ഭൂവിസ്തൃതിയിൽ മറ്റു ജില്ലകൾക്കൊപ്പം നിൽക്കുമെങ്കിലും ജനസംഖ്യയിൽ നെഗറ്റീവ് വളർച്ചയാണ്. പ്രവാസികളും ഏറെയുള്ള മണ്ഡലം. അതുകൊണ്ടു തന്നെ കർഷകരുടെയും പ്രവാസികളുടെയും പ്രശ്നങ്ങൾ തന്നെയാണ് പത്തനംതിട്ടയുടെ രാഷ്ട്രീയവും. ഇതുവരെയില്ലാത്ത ഒരു ത്രികോണ രാഷ്ട്രീയ സംസ്കാരത്തിലേക്കു പത്തനംതിട്ട മാറുകയാണ്.

∙രാഷ്ട്രീയ സ്വഭാവം

യുഡിഎഫിനോടു മമത പുലർത്തിയിരുന്ന രാഷ്ട്രീയ സംസ്കാരത്തിൽനിന്ന് ഇടതുമുന്നണിയോടു ചേർന്നു നടക്കുന്ന പുതുസ്വഭാവത്തിലേക്കു പത്തനംതിട്ട മാറിയിട്ട് ഒരു പതിറ്റാണ്ടു പിന്നിടുന്നു. എന്നാൽ, യുഡിഎഫിനെ കൈവിട്ടോ എന്നു ചോദിച്ചാൽ അതുമില്ല. ലോക്സഭയിൽ യുഡിഎഫ്, നിയമസഭയിൽ എൽഡിഎഫ്, തദ്ദേശത്തിൽ ബിജെപിയും കൂടി എന്നതാണ് ജില്ലയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി.

∙പൊതുവിഷയങ്ങൾ

2018ലെ പ്രളയവും അതുണ്ടാക്കിയ കെടുതികളും ഇന്നും ജില്ലയെ പിന്തുടരുന്നു. റോഡുകളും പാലങ്ങളും പുനർനിർമിക്കപ്പെട്ടെങ്കിലും തകർന്നുപോയ സാമ്പത്തികഭദ്രത ഇന്നും കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. വ്യാപാര മേഖല ഇനിയും താളം കണ്ടെത്തിയിട്ടില്ല. പ്രളയത്തിനു ശേഷമായിരുന്നു ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കോടതിവിധിയും പ്രക്ഷോഭങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെയാകെ രാഷ്ട്രീയ ഗതിവിഗതികൾ നിർണയിക്കുന്നതിൽ ശബരിമല പ്രധാന പങ്കുവഹിച്ചിരുന്നു. കൃഷിവിളകളുടെ വില, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, മികച്ച വിദ്യാഭ്യാസസൗകര്യം, വിനോദസഞ്ചാര വികസനം, ഐടി അധിഷ്ഠിത സംരംഭങ്ങളുടെ കടന്നുവരവ്, ഗതാഗതസൗകര്യം തുടങ്ങിയവയും ജില്ലയുടെ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ ഉൾപ്പെടും.

ഓരോ മണ്ഡലത്തിനും വ്യത്യസ്ത രാഷ്ട്രീയ സ്വഭാവമാണ്. പൊതു രാഷ്ട്രീയത്തിനപ്പുറം മത്സരങ്ങളെ വീറുറ്റതാക്കുന്നത് പ്രാദേശിക രാഷ്ട്രീയ വിഷയങ്ങൾ തന്നെ. 2016ൽ എൽഡിഎഫിനു നാലും യുഡിഎഫിന് ഒന്നും എന്നതായിരുന്നു സീറ്റുകളുടെ എണ്ണമെങ്കിൽ സർക്കാർ കാലാവധി തികച്ചപ്പോഴേക്കും അവശേഷിച്ച ഒരു സീറ്റുകൂടി ഇടതുമുന്നണി പിടിച്ചെടുത്തു. 5 – 0 എന്ന വ്യക്തമായ മേൽക്കൈയോടെയാണ് ഇടതുമുന്നണി മത്സരത്തിനിറങ്ങുന്നതെങ്കിലും യുഡിഎഫും ബിജെപിയും പ്രതീക്ഷയിൽത്തന്നെ.

∙ ആറന്മുള 

ജില്ലയിൽ ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ആറന്മുള. തുടർച്ച തേടി ഇടതുപക്ഷത്തു വീണാ ജോർജ് ഇറങ്ങുമ്പോൾ ഒരിക്കൽ പരാജയപ്പെട്ട കെ.ശിവദാസൻ നായർ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആറന്മുളയിൽ പിന്നിൽ പോയെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ മേൽക്കൈ തിരിച്ചുപിടിക്കാനായതിന്റെ ആത്മവിശ്വാസമുണ്ട് എൽഡിഎഫിന്. 

  പി.മോഹൻരാജിന്റെ വിമതനീക്കം തുടക്കത്തിൽ തിരിച്ചടിയായെങ്കിലും അനുരഞ്ജനത്തിലൂടെ അദ്ദേഹം തിരികെയെത്തിയതു സംഘടനാ ദൗർബല്യങ്ങളെ മറികടക്കാൻ സഹായിക്കുമെന്നു ശിവദാസൻ നായരും യുഡിഎഫും വിശ്വസിക്കുന്നു. ബിജെപി എ ക്ലാസ് മണ്ഡലങ്ങളിൽ ഉൾപ്പെടുത്തിയ ആറന്മുളയിൽ സംസ്ഥാന നേതാക്കളിൽ ആരെങ്കിലും മത്സരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ബിജു മാത്യു എന്ന പ്രാദേശിക നേതാവാണ് സ്ഥാനാർഥി.

pathanamthitta

∙ റാന്നി

സീറ്റു കൈമാറ്റത്തിലൂടെ സിപിഎം ഞെട്ടിച്ച മണ്ഡലമാണ് റാന്നി. 25 വർഷമായുള്ള സിറ്റിങ് സീറ്റ് കേരള കോൺഗ്രസി (എം)ന് വിട്ടുകൊടുത്താണ് സിപിഎമ്മിന്റെ രാഷ്ട്രീയപരീക്ഷണം. തുടർച്ചയായി ജയിച്ചിരുന്ന സ്ഥാനാർഥി ഇല്ലാത്തതു മത്സരഫലത്തിൽ നിർണായകമാകും. പ്രളയപുനരധിവാസം വേണ്ടവിധത്തിൽ നടപ്പാക്കാത്തതും ശബരിമലയുമാണ് യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങൾ. കേരള കോൺഗ്രസിലെ പ്രമോദ് നാരായണനിലൂടെ മണ്ഡലം നിലനിർത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ മുതലാക്കാൻ കോൺഗ്രസ് ഇറക്കിയത് മുൻ എംഎൽഎ എം.സി.ചെറിയാന്റെ മകൻ റിങ്കു ചെറിയാനെ. ജില്ലയിൽ ബിഡിജെഎസിനുള്ള ഏക സീറ്റിൽ കെ.പത്മകുമാർ വീണ്ടും മത്സരിക്കുന്നു.

എൽഡിഎഫിലും യുഡിഎഫിലും പുതുമുഖങ്ങളാണ്. 1996ൽ പീലിപ്പോസ് തോമസ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നപ്പോൾ ഇടതുമുന്നണി പ്രയോഗിച്ച പ്രാദേശികവാദം ഇത്തവണ യുഡിഎഫ് ഏറ്റെടുത്തു തിരിച്ചടിക്കുന്നു. ബിജെപിയുമായി ചേർന്നു കേരള കോൺഗ്രസ് (എം) ഭരിക്കുന്ന റാന്നി പഞ്ചായത്തിലെ രാഷ്ട്രീയ നീക്കുപോക്കും മണ്ഡലം കൈവിട്ടതിൽ സിപിഎമ്മിലെ അമർഷവും പൊതുരാഷ്ട്രീയ വിഷയങ്ങൾ തന്നെ. സ്ഥാനാർഥി നിർണയത്തെത്തുടർന്നുണ്ടായ അപസ്വരങ്ങൾ യുഡിഎഫിലും കെട്ടടങ്ങിയിട്ടില്ല.

∙ കോന്നി

ശക്തമായ ത്രികോണ മത്സരം ഇക്കുറി കോന്നിയിലാണ്. ഉപതിര‍ഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത കോന്നി നിലനിർത്താൻ കെ.യു.ജനീഷ്കുമാറിനെത്തന്നെ ഇടതുമുന്നണി ഇറക്കുമ്പോൾ റോബിൻ പീറ്ററിലൂടെ മണ്ഡലം തിരികെപ്പിടിക്കാനാണ് യുഡിഎഫ് ശ്രമം. മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തുകയാണ് കെ.സുരേന്ദ്രന്റെ ലക്ഷ്യം. ആർ. ബാലശങ്കർ ഉയർത്തിവിട്ട ‘സിപിഎം – ബിജെപി ഡീൽ’ വിവാദവും സുരേന്ദ്രന്റെ രണ്ടാം മണ്ഡല വിവാദവും കോന്നിയുടെ അന്തരീക്ഷത്തിലുണ്ട്. ഏതായാലും കോന്നിയിലെ പോരിനു വീറും വാശിയുമേറും. ‌‌

∙ അടൂർ

ഇടതു മുന്നണിക്കായി ചിറ്റയം ഗോപകുമാർ മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എം.ജി.കണ്ണനെ ഇറക്കിയാണ് കോൺഗ്രസിന്റെ പോരാട്ടം. കോൺഗ്രസ് പാളയത്തിൽനിന്നു ബിജെപിയിലെത്തിയ പന്തളം പ്രതാപൻ എൻഡിഎ സ്ഥാനാർഥിയായതോടെ അടൂരും മത്സരച്ചൂടിലാണ്. 10 വർഷംകൊണ്ടു മണ്ഡലത്തിൽ കാലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചിറ്റയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായ യുഡിഎഫിന് മറികടക്കാനുള്ളതു വലിയ വെല്ലുവിളിയാണ്. ലോക്സഭാ, തദ്ദേശതിരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. 

∙ തിരുവല്ല

ഇടതുമുന്നണിക്കായി മാത്യു ടി.തോമസ് നേരത്തേ പ്രചാരണം തുടങ്ങിയ തിരുവല്ലയിൽ, പുതുമുഖമായ കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം മത്സരത്തിന്റെ ആത്മവിശ്വാസമാണ് മാത്യു ടി.തോമസിന്റെ കരുത്ത്. സംഘടനാരംഗത്തെ പരിചയവും തദ്ദേശസ്ഥാപനങ്ങളിലെ ഭരണപരിചയവുമാണ് കുഞ്ഞുകോശി പോളിന്റെ ശക്തി. യുഡിഎഫിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ പേരിൽ തർക്കം നിലനിൽക്കുന്നു. 

  ബിജെപി കടുത്ത സംഘടനാ പ്രശ്നങ്ങളെ നേരിട്ടാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണു സ്ഥാനാർഥി. ഇവിടെ പരിഗണിച്ചിരുന്ന യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ മാറ്റിയതു തുടക്കത്തിൽ കല്ലുകടിയായിരുന്നു.

Content Highlights: Pathanamthitta assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com