ADVERTISEMENT

‘നിങ്ങളുടെ ഉള്ളിലെ നേതാവിനെ കണ്ടെത്തുക’ പുതുപ്പള്ളി മണ്ഡലത്തിലെ സർക്കാർ തുണിമില്ലിലെ പുതിയ ഷർട്ടിന്റെ പരസ്യവാചകമാണിത്. തിരഞ്ഞെടുപ്പുകാലത്ത് വെള്ളയുടുപ്പു തയ്ച്ചുവച്ചാൽ കോട്ടയത്തു കച്ചവടം നടക്കുമെന്ന് സർക്കാർ മില്ലിനും അറിയാം. കോട്ടയത്തെ രാഷ്ട്രീയക്കാരുടെ പൊതുചിഹ്നം വെള്ളക്കുപ്പായമാണ്. ആ വെളുപ്പ് ഉടുപ്പിന്റെ മാത്രം നിറമാണ്. കൊടികളുടെ നിറം നോക്കിയാൽ എല്ലാ കൊടികളും കോട്ടയത്തുണ്ട്. നാടകീയമാണ് കോട്ടയത്തെ തിര‍ഞ്ഞെടുപ്പുകാല രാഷ്ട്രീയം. 

പരീക്ഷണശാല ഉണർന്നു

ലോകം കോവിഡ് വാക്സീനുകളുടെ പരീക്ഷണത്തിൽ മുഴുകിയ സമയത്തു തന്നെ കേരളത്തിലെ രാഷ്ട്രീയ ശാസ്ത്രജ്ഞർ കോട്ടയത്തു മറ്റൊരു പരീക്ഷണം തുടങ്ങിയിരുന്നു. പൊന്നുംവില കൊടുത്തു കേരള കോൺഗ്രസിനെ (എം) സിപിഎം റാഞ്ചി. മധ്യതിരുവിതാംകൂറിലെ യുഡിഎഫ് കോട്ട തകർക്കലാണു ലക്ഷ്യം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഒപ്പം നിർത്തി കോൺഗ്രസ് മറുവാക്സീൻ തയാറാക്കി. തദ്ദേശതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയപ്പോൾ എൽഡിഎഫ് പരീക്ഷണം ട്രയൽ റണ്ണിൽ വിജയിച്ചു. രണ്ടില ചിഹ്നവും പാർട്ടി നേടിയതോടെ കേരള കോൺഗ്രസ് (എം) വാക്സീൻ ഏറ്റുതുടങ്ങിയെന്ന ആത്മവിശ്വാസത്തിലായി എൽഡിഎഫ്. അതേസമയം പി.സി.തോമസുമായി ചേർന്ന് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് സ്വന്തമാക്കിയതോടെ ജോസഫ് വിഭാഗത്തിനും വാക്സീനെടുത്ത ധൈര്യം. 

യുഡിഎഫിൽ ഘടകകക്ഷിയാകാൻ പലവട്ടം നോക്കിയെങ്കിലും പി.സി. ജോർജിനു മുന്നിൽ വാതിൽ തുറന്നില്ല. ആരുടെയും സഹായമില്ലാതെ രണ്ടാം തവണയും ഒറ്റയ്ക്കാണു ജോർജിന്റെ പോരാട്ടം. കേരള കോൺഗ്രസിന്റെ (എം) കൈവിട്ടുപോയ പാലാ തിരിച്ചുപിടിക്കാൻ ജോസ് കെ.മാണി ഇറങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ല പിടിച്ചാൽ എൽഡിഎഫിന് അതു വലിയ രാഷ്ട്രീയ വിജയമാകും. ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിന്റെ സഹായത്തോടെ കോട്ട ഇളകാതെ നോക്കിയാൽ യുഡിഎഫിനു ചിരിക്കാം. 

തർക്കത്തോടെ തുടക്കം

51 വർഷം ജയിച്ച പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടി നേമത്തേക്കു മാറുമോ എന്ന ചോദ്യത്തോടെയാണ് ജില്ലയിൽ തിരഞ്ഞെടുപ്പു ചൂടുപിടിച്ചത്. മനസ്സുതുറക്കാതിരുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തിയപ്പോൾ നാട്ടുകാരുടെ സ്നേഹത്തടങ്കലിലായി. പുതുപ്പള്ളി വിടില്ലെന്നു പ്രഖ്യാപിച്ച ശേഷമാണ് നാട്ടുകാർ ഉമ്മൻ ചാണ്ടിയെ ‘മോചിപ്പിച്ചത്’. 

കേരള കോൺഗ്രസിന്റെ (എം) വരവോടെ എൽഡിഎഫിൽ തർക്കങ്ങളുടെ മാലപ്പടക്കം പൊട്ടി. പാലാ സീറ്റിനു വേണ്ടി സിറ്റിങ് എംഎൽഎ മാണി സി.കാപ്പനും ജോസ് കെ.മാണിയും അവകാശവാദം ഉന്നയിച്ചു. സിപിഎം മൗനം പാലിച്ചപ്പോൾ നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പേരിൽ പാർട്ടി രൂപീകരിച്ച് കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി. 

കാഞ്ഞിരപ്പള്ളിക്കായി സിപിഐയും കേരള കോൺഗ്രസും (എം) തമ്മിൽ തർക്കമുണ്ടായി. കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരിയോ പൂഞ്ഞാറോ കോട്ടയമോ സിപിഐ ചോദിച്ചെങ്കിലും കിട്ടിയില്ല. അവർക്കു ജില്ലയിൽ ഒരു സീറ്റിൽ (വൈക്കം) ഒതുങ്ങേണ്ടിവന്നു. 2016ൽ 2 സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിനും ഒരു സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിനും (സ്കറിയാ തോമസ് വിഭാഗം) സീറ്റൊന്നും ലഭിച്ചില്ല. 

തർക്കങ്ങളോടെയായിരുന്നു യുഡിഎഫിന്റെയും തുടക്കം. ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നാലും കോൺഗ്രസിന് അഞ്ചും സീറ്റുകൾ നൽകി തർക്കം പരിഹരിച്ചു. 

സീറ്റു വിഭജനമല്ല, ബിഡിജെഎസിന്റെ സ്ഥാനാർഥിനിർണയമാണു ബിജെപിയെ കുഴപ്പിച്ചത്. ഏറ്റുമാനൂരിൽ ബിഡിജെഎസ് പ്രഖ്യാപിച്ച 2 സ്ഥാനാർഥികളെ ബിജെപി മാറ്റിച്ചു. ഒടുവിൽ മണ്ഡലം ബിജെപി ഏറ്റെടുത്തു. 

പൊരിഞ്ഞ പോരാട്ടം

9 മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടമാണ്. 7 മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുന്നു. പുതുപ്പള്ളിയിൽ പോരാട്ടം 2016ന്റെ തനിയാവർത്തനം. 12 –ാം മത്സരത്തിനിറങ്ങുന്ന ഉമ്മൻ ചാണ്ടിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് നേരിടുന്നു. ബിജെപി സംസ്ഥാനസമിതി അംഗം എൻ.ഹരിയാണ് എൻഡിഎ സ്ഥാനാർഥി. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 8ൽ 6 പഞ്ചായത്തുകളിലും നേടിയ വിജയം എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. പുതുപ്പള്ളിയുടെ മനസ്സിൽ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരുമില്ലെന്ന് കോൺഗ്രസിന്റെ ഉറപ്പ്. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപുതന്നെ പാലായിൽ മാണി സി.കാപ്പനും ജോസ് കെ. മാണിയും അങ്കം കുറിച്ചു. കെ.എം. മാണിയുടെ സീറ്റു തിരിച്ചുപിടിക്കുകയാണു ജോസിന്റെ ലക്ഷ്യം. മാണിക്കു ശേഷം താനാണ് അടുത്ത മാണിയെന്ന് ഇത്തവണയും ഉറപ്പിക്കുകയാണ് കാപ്പന്റെ ഉന്നം. ജെ. പ്രമീളാദേവിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. 

പൂഞ്ഞാറിൽ സിറ്റിങ് എംഎൽഎ പി.സി.ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്) എന്നിവരാണു സ്ഥാനാർഥികൾ. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ എൻഡിഎക്കായി കളത്തിലിറങ്ങുന്നു. 

സിറ്റിങ് എംഎൽഎ എൻ. ജയരാജ് (എൽഡിഎഫ്), കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ (യുഡിഎഫ്), മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ സ്ഥാനാർഥികളായതോടെ കാഞ്ഞിരപ്പള്ളിയിൽ പോരാട്ടം കനത്തു. കണ്ണന്താനം മുൻപ് എൽഡിഎഫ് സ്ഥാനാർഥിയായി ഇവിടെനിന്നു ജയിച്ചിരുന്നു. 

കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്റ്റീഫൻ ജോർജും അഞ്ചാമതും ഏറ്റുമുട്ടുന്നു. കേരള കോൺഗ്രസുകളുടെ തട്ടകത്തിൽ പോരാട്ടം തനിയാവർത്തനം. ജില്ലാ ജനറൽ സെക്രട്ടറി ജി. ലിജിൻ ലാലാണു ബിജെപി സ്ഥാനാർഥി. 

ചങ്ങനാശേരിയിൽ പിളർപ്പിനു ശേഷം കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്നു. എൽഡിഎഫിനും യുഡിഎഫിനും പുതുമുഖങ്ങൾ. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിളാണ് എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻ അധ്യാപകനുമായ വി.ജെ. ലാലിയാണ് യുഡിഎഫിനായി ഇറങ്ങുന്നത്. മുൻ കോൺഗ്രസ് നേതാവ് ജി.രാമൻ നായരെ ബിജെപി കളത്തിലിറക്കി. 42 വർഷം സി.എഫ്.തോമസിനെ ജയിപ്പിച്ച ചങ്ങനാശേരി ഇക്കുറി ആരെ വരിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. 

കോട്ടയത്തു തിരുവഞ്ചൂർ രാധാകൃഷ്ണനും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.അനിൽ കുമാറും തമ്മിലാണു പ്രധാന മത്സരം. ഈയിടെ സിപിഎം വിട്ടു ബിജെപിയിലെത്തിയ മിനർവ മോഹനാണ് എൻഡിഎ സ്ഥാനാർഥി. 

സിറ്റിങ് എംഎൽഎ സുരേഷ് കുറുപ്പിനു പകരം ജില്ലാ സെക്രട്ടറി വി.എൻ.വാസവനെ സിപിഎം സ്ഥാനാർഥിയാക്കിയ ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ഒ.വി.ലൂക്കോസിന്റെ മകൻ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിൽനിന്നു സീറ്റ് തിരിച്ചെടുത്ത ബിജെപി ടി.എൻ.ഹരികുമാറിനെ അവസാന നിമിഷം ഇവിടെ സ്ഥാനാർഥിയാക്കി. മണ്ഡലത്തിൽ സിപിഎം – ബിഡിജെഎസ് നീക്കുപോക്ക് ആരോപിച്ചതു മറ്റാരുമല്ല, ബിജെപി തന്നെ. മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കുന്നു. 

വൈക്കത്തു വനിതകളുടെ പോരാട്ടമാണ്. സിറ്റിങ് എംഎൽഎ സിപിഐയുടെ സി.കെ.ആശയെ നേരിടുന്നത് കെപിസിസി ജനറൽ സെക്രട്ടറി ഡോ. പി.ആർ.സോനയാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിത സാബുവാണ് (ബിഡിജെഎസ്) എൻഡിഎ സ്ഥാനാർഥി. 

കോട്ടയത്തിന്റെ മനസ്സിലാര് ?

പാലപ്പമാണ് കോട്ടയംകാരുടെ ഇഷ്ടഭക്ഷണങ്ങളിലൊന്ന്. വശങ്ങളിൽ മൃദുലം. പക്ഷേ, നടുവിലേക്കു ചെല്ലുമ്പോൾ കട്ടികൂടും, രുചിയും! കോട്ടയത്തിന്റെ രാഷ്ട്രീയത്തിനുമുണ്ട് കട്ടി. അതിനാൽ വിജയം പ്രവചിക്കുക എളുപ്പമല്ല. 2016ൽ 6 സീറ്റിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും പിന്നെ പി.സി.ജോർജും ജയിച്ചു. (പിന്നീട് ഉപതിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു). ജില്ലയിൽപെട്ട 3 ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ യുഡിഎഫ് വൻ വിജയം നേടി. തദ്ദേശതിരഞ്ഞെടുപ്പിൽ ചിത്രം മാറി. 71 ഗ്രാമപഞ്ചായത്തുകളിൽ 50 എണ്ണവും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തെണ്ണവും ജില്ലാ പഞ്ചായത്തും എൽഡിഎഫ് നേടി. അതേസമയം ആറിൽ 5 നഗരസഭകളും യുഡിഎഫ് പിടിച്ചു. കേരള കോൺഗ്രസിന്റെ (എം) തട്ടകമായ പാലായിൽ 12 പഞ്ചായത്തിൽ അഞ്ചിലും യുഡിഎഫ് ഭരണമാണെന്നതും അവർ ഉയർത്തിക്കാട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയും പ്രകടനവും മെച്ചപ്പെടുത്തി. രണ്ടു ഗ്രാമപഞ്ചായത്തിൽ ഭരണം പിടിച്ചു. 

നാലു കേരള കോൺഗ്രസുകളുടെ ആസ്ഥാനമാണു കോട്ടയം. രാഷ്ട്രീയത്തിൽ ഏതു മുന്നണി വന്നാലും അതിലൊരു ചർച്ച നാട്ടകം ഗെസ്റ്റ് ഹൗസിൽ നടന്നിട്ടുണ്ടാകും. എന്നിട്ടും കഴിഞ്ഞ 5 കൊല്ലം കോട്ടയംകാർക്കു സ്വന്തമായൊരു മന്ത്രിയെ കിട്ടിയില്ല. ഇക്കുറി അങ്ങനെയല്ല. ഏതു മുന്നണി ജയിച്ചാലും കൊടിവച്ച കാറിൽ കോട്ടയത്തിന്റെ മന്ത്രി വരും. അതാണു കോട്ടയം കാത്തിരിക്കുന്നത്. 

English Summary: Kerala assembly election 2021 kottayam district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com