ADVERTISEMENT

രാജ്യം അഭിമാനപൂർവം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷതയ്‌ക്കും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിനും ആവർത്തിച്ചു മുറിവേൽക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ട്രെയിൻ യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്കു നേരെ അതിക്രമം നടത്തിയതിനെതിരെയും നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനെതിരെയും പ്രതിഷേധം വ്യാപകമാകുകയാണ്.

കുറ്റാരോപണം നടത്തി പ്രശ്നമുണ്ടാക്കാനുള്ള ആസൂത്രിതശ്രമമാണ് ഝാൻസിയിലുണ്ടായതെന്നാണു പരാതി.19നു ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെയാണു തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രോവിൻസിലെ 4 പേർക്കെതിരെ കയ്യേറ്റമുണ്ടായത്. സന്യാസപഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ 2 പേരെ വീട്ടിലെത്തിക്കാനാണു മലയാളി ഉൾപ്പെടെയുള്ള 2 സന്യാസിനിമാർ കൂടെപ്പോയത്. രണ്ടുപേർ സന്യാസവസ്ത്രത്തിലും പഠനം നടത്തുന്നവർ സാധാരണ വേഷത്തിലുമായിരുന്നു. മതംമാറ്റാൻ പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് അധിക്ഷേപവും ഭീഷണിയും ആൾക്കൂട്ട വിചാരണയുമുണ്ടായത്. ജന്മം കൊണ്ടു ക്രൈസ്തവരാണെന്നും മതംമാറ്റാൻ കൊണ്ടുപോവുകയല്ലെന്നും വിശദീകരിച്ചിട്ടും പിന്മാറാൻ തയാറായില്ല. 

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ ഇടപെടലും വിമർശിക്കപ്പെടുന്നു. മതപരിവർത്തന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞുവെന്ന് പിന്നീടാണു പൊലീസ് പറഞ്ഞത്. സംഭവത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് റെയിൽവേ പൊലീസ് പറയുന്നു. 

ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യാനും സ്വന്തം മതവിശ്വാസമനുസരിച്ചു ജീവിക്കാനുമുള്ള അവകാശമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്തയച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും കേന്ദ്രത്തോട് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടുമുണ്ട്.

ഇപ്പോഴുണ്ടായതുപോലെ രാഷ്ട്രഹൃദയത്തെ മുറിവേൽപിക്കുന്ന ഒട്ടേറെ വാർത്തകൾ യുപിയിൽനിന്നു തുടർച്ചയായി പുറത്തുവരുന്നതു നിർഭാഗ്യകരമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന അടിസ്ഥാന പ്രമാണം മറക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളാവട്ടെ, രാജ്യം പെരുമ കൊള്ളുന്ന ബഹുസ്വരതയിൽ ആഴത്തിൽ മുറിവേൽപിക്കുന്നു.

ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ചു 2015ൽ, ഭരണഘടനയെക്കുറിച്ചു പാർലമെന്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്നും പലരും ഓർമിക്കുന്നുണ്ടാവും. രാജ്യമാണു സർക്കാരിന്റെ മതമെന്നും ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്നും അദ്ദേഹം അന്നു പ്രഖ്യാപിക്കുകയുണ്ടായി. ഭൂരിപക്ഷവും ന്യൂനപക്ഷവും കയ്യോടു കൈ ചേർക്കണം, ബഹുസ്വരതയെ സംരക്ഷിക്കണം, ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുകയും വേണം എന്നിങ്ങനെയുള്ള, അദ്ദേഹത്തിന്റെ അന്നത്തെ മറ്റു പ്രഖ്യാപനങ്ങളും ഇപ്പോൾ കൂടുതൽ പ്രസക്തമാവുന്നു.

മനസ്സ് ആകാശത്തോളം വലുതാക്കാനാണ് ഓരോ മതവും പഠിപ്പിക്കുന്നത്. നല്ലതിനെയെല്ലാം സ്വീകരിക്കാൻ സന്നദ്ധമായി മനസ്സിന്റെ എല്ലാ ജാലകങ്ങളും സദാ തുറന്നുവയ്‌ക്കണമെന്നും അതേ മതങ്ങൾ പറഞ്ഞുതരുന്നു. അപരന്റെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാവൂ. ഝാൻസിയിലുണ്ടായത് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട തുടർനടപടികളും നിരന്തരശ്രദ്ധയും ഭരണാധികാരികളിൽനിന്നുണ്ടാവേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com