ADVERTISEMENT

ഒന്നര മാസം മുൻപാണ് ഇടുക്കിയിലെ അടച്ചിട്ട വാഹന ഷോറൂമിനു മുന്നിൽ രാത്രി ഒരു സിംഹം വന്നുപോകുന്നുവെന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ, അതു ഗുജറാത്തിലെ ജുനഗഡിൽനിന്നുള്ള ദൃശ്യങ്ങളാണെന്ന് ഈ പംക്തിയിൽ തന്നെ അന്നു സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ, സിംഹത്തിനു പിന്നാലെ ഇടുക്കിയിൽ കടുവ ഇറങ്ങിയ വ്യാജ വിഡിയോയും പുറത്തുവന്നിരിക്കുന്നു. കടുവയും അതിന്റെ കുഞ്ഞുങ്ങളും രാത്രി റോഡിലൂടെ നടക്കുന്നതാണു വിഡിയോയിലുള്ളത്. വണ്ടിപ്പെരിയാറിലെ റിസോർട്ടിലെത്തിയ കടുവ കുടുംബം എന്നാണ് അടിക്കുറിപ്പുകളിൽ പറയുന്നത്.

എന്നാൽ, ഈ കുടുംബം യഥാർഥത്തിൽ യുപിലേതാണ്. യുപിയിലെ ദുധ്വ ടൈഗർ റിസർവിൽനിന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥൻ രമേഷ് പാണ്ഡെ ചിത്രീകരിച്ചതാണു ദൃശ്യങ്ങൾ. അദ്ദേഹം കഴിഞ്ഞ വർഷം ഇതു ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രചരിക്കുന്ന വിഡിയോ ഇടുക്കിയിൽനിന്നുള്ളതല്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുമുണ്ട്.

സമ്മാനപ്പെരുമഴ, വ്യാജം

നിതി ആയോഗ് നിങ്ങളെ സമ്പന്നനാകാൻ സഹായിക്കും എന്നു പറയുന്ന ഒരു ലിങ്ക് എസ്എംഎസിലോ വാട്സാപ്പിലോ കിട്ടിയോ? ഒരു ദിവസം 300 മുതൽ 30,000 രൂപ വരെ സമ്പാദിക്കാൻ സന്ദേശത്തിലെ ലിങ്കിൽ ക്ലിക് ചെയ്യാനാണു നിർദേശിക്കുന്നത്. ലിങ്കിൽ പോയാൽ സമയം, ധനം, വ്യക്തിവിവരങ്ങൾ എന്നിവ നഷ്ടമാകും എന്നല്ലാതെ, 30 രൂപ പോലും കിട്ടില്ല. സംഗതി തട്ടിപ്പാണ്. 

എങ്കിൽപിന്നെ, ആമസോണിന്റെ മുപ്പതാം പിറന്നാളിനോടനുബന്ധിച്ചുള്ള വൻ ഓഫറുകൾ എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിച്ചാലോ? അങ്ങനെയൊരു വ്യാജൻ രണ്ടു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലെ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കെടുത്താൽ സമ്മാനം കിട്ടുമെന്നാണു പറയുന്നത്. ആ ലിങ്ക് ആമസോണിന്റേതേയല്ല. ആമസോണിന്റെ ഓഫറുകളെക്കുറിച്ചൊക്കെ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലും സമൂഹമാധ്യമ അക്കൗണ്ടുകളിലുമൊക്കെ വിവരങ്ങളുണ്ടാകും. അതിനെ മാത്രം ആശ്രയിക്കുക. മാത്രമല്ല, ആമസോണിന്റെ മുപ്പതാം വാർഷികം ആയിട്ടുമില്ല!

Content Highlights: Fake viral news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com