‘ഗുരുവിനെ വകവയ്ക്കാത്തവനെ ഗുരുത്വമില്ലാത്തവൻ എന്നാണു പറയാറ്. വാമൊഴിമലയാളത്തിൽ അതു കുരുത്തംകെട്ടവൻ ആകുന്നു. ഇംഗ്ലിഷിലോ മറ്റു വിദേശ ഭാഷകളിലോ തത്തുല്യമായ പദങ്ങൾ ഇല്ലാത്ത ഒരു പ്രയോഗമാണത്. ആ ഭാഷകൾ നിലനിൽക്കുന്ന സംസ്കാരവിശേഷങ്ങളിൽ അങ്ങനെയൊരു സങ്കൽപമേ ഉരുത്തിരിഞ്ഞിട്ടില്ലെന്നു സാരം.’
ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ
‘പാട്ടെഴുതുമ്പോൾ ആദ്യ വാക്ക് എപ്പോഴും പ്രധാനമാണ്. അതു പ്രേക്ഷകരിലേക്ക് ആ പാട്ടിനെ കയറ്റിവിടണം. തങ്കത്തോണി, ദേവദുന്ദുഭി, ഗോപികാവസന്തം, പ്രമദവനം, ദേവാങ്കണം, ദേവസഭാതലം... അങ്ങനെ എല്ലാ പാട്ടുകളിലും അത്തരം വാക്കുകളുണ്ട്. ദേവദുന്ദുഭി എന്ന വാക്ക് ഭരതനു വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ആദ്യം പറഞ്ഞതും ആ വാക്കിനെപ്പറ്റിയായിരുന്നു.’
കൈതപ്രം ദാമോദരൻ നമ്പൂതിരി
‘എഡിറ്റർ വേണമെന്നു വാദിക്കുന്ന, അതു പ്രധാനപ്പെട്ടതാണെന്നു കരുതുന്ന ഒരു എഴുത്തുകാരനാണ് ഞാൻ. കൃതിയുടെ കണ്ടന്റിനെ മനസ്സിലാക്കി അതിന് എത്തിപ്പെടാൻ പറ്റുന്ന ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ കഴിയുന്ന ആളായിരിക്കണം എഡിറ്റർ. എഴുത്തുകാരൻ കാണാത്ത പല കാര്യങ്ങളും കണ്ടെത്താൻ എഡിറ്റർക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം.’
സുസ്മേഷ് ചന്ത്രോത്ത്
‘എന്റെ സിനിമ തിയറ്ററിൽത്തന്നെ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ. റിലീസ് ചെയ്തു രണ്ടു വർഷമൊക്കെ കഴിഞ്ഞ്, അതു ഭയങ്കര രസമുള്ള ആശയമായിരുന്നു, ഉഗ്രൻ ചിന്തയായിരുന്നു എന്നു കേൾക്കുമ്പോൾ നിരാശ തോന്നും. കാരണം, ഞാൻ തിയറ്ററുകൾക്കു വേണ്ടിയാണു സിനിമയെടുക്കുന്നത്. അവിടെ അതു ഹിറ്റാകണം. അല്ലാതെ രണ്ടു കൊല്ലം കഴിഞ്ഞിട്ട് നല്ല സിനിമയാണെന്നു പറയുന്നത് എന്റെ പരാജയ മായിട്ടാണു ഞാൻ കാണുന്നത്.’
മുരളി ഗോപി