ADVERTISEMENT

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു കള്ളംകൂടി പൊളിഞ്ഞതോടെ സർക്കാർ വാദങ്ങളുടെ വിശ്വസനീയതതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും നിലനിൽപും തീറെഴുതാനെന്നോണമുള്ള ഗൂഢനടപടികൾ ഓരോന്നായി മറനീക്കുന്നതോടെ തീരജനതയുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ട ബാധ്യതയിലായി സർക്കാർ.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) സർക്കാരിനെ അറിയിക്കാതെ ധാരണാപത്രം ഒപ്പിട്ടുവെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തുടക്കം മുതൽ വാദിച്ചിരുന്ന സർക്കാർ, അതു തെറ്റാണെന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നതോടെ പൂർണമായി പ്രതിരോധത്തിലായി. സംസ്ഥാനത്തെ തീരദേശജനതയെ മുഴുവൻ ആശങ്കയിലാക്കിയ പദ്ധതി വിവാദമായപ്പോൾ അതിൽനിന്നു രക്ഷപ്പെടാൻ സർക്കാർ കെഎസ്ഐഎൻസിയെയും എംഡിയായ ഉദ്യോഗസ്ഥനെയും പഴിചാരുകയായിരുന്നുവെന്നും വ്യക്തമായി.

മുഖ്യമന്ത്രിയുടെ ഓഫിസും മുതിർന്ന ഉദ്യോഗസ്ഥരും അറിഞ്ഞുതന്നെയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ധാരണാപത്രം ഒപ്പിടാൻ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നാണ് രേഖകൾ.

ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകുന്ന ആദ്യ ധാരണാപത്രം ഒപ്പിട്ടത് കെഎസ്ഐഎൻസിയല്ല.സംസ്ഥാന സർക്കാർ തന്നെയാണ് ഒപ്പിട്ടതെന്നു രേഖകൾ പറയുന്നു. കൊച്ചിയിൽ 2020ൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രം സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) ഇഎംസിസിയും തമ്മിലാണെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരം. എന്നാൽ, സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലുള്ള ധാരണാപത്രത്തിൽ സർക്കാരിന്റെ പ്രതിനിധിയായി കെഎസ്ഐഡിസി എംഡി ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളൂ. ആഴക്കടൽ മത്സ്യബന്ധനം ഉൾപ്പെടുന്ന 5000 കോടിയുടെ പദ്ധതിക്കാണു ധാരണയായത്. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷം കഴിഞ്ഞ്  കെഎസ്ഐഎൻസി രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ, ആഴക്കടൽ മത്സ്യബന്ധനം പ്രതിപാദ്യ വിഷയമല്ലാത്ത ഈ ധാരണാപത്രമാണ് സകല പ്രശ്നങ്ങൾക്കും കാരണമെന്ന വിചിത്രവാദമാണു സർക്കാർ ആദ്യം മുതൽ ഉന്നയിച്ചത്. ഇതെല്ലാം നുണയായിരുന്നുവെന്നാണ് ഇപ്പോൾ തെളിഞ്ഞത്. 

പദ്ധതിയുടെ അപകടം പുറത്തുകൊണ്ടുവരികയും രേഖകൾ സഹിതം തെളിയിക്കുകയും ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടു പകരംവീട്ടാനെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന കെഎസ്ഐഎൻസി എംഡിയെ പ്രതിക്കൂട്ടിൽ നിർത്തിയത് എന്ന ആരോപണം നേരത്തേതന്നെ ഉയർന്നിരുന്നു. സർക്കാരിന്റെ ആദ്യ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അവർ അഭിനന്ദിച്ചിരുന്നുവെന്നും രേഖകൾ തെളിയിക്കുന്നു. ഇതെല്ലാം അറിയാവുന്ന സർക്കാർ പിന്നെന്തിനാണ് ഇക്കാര്യത്തിൽ കെഎസ്ഐഎൻസിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന ചോദ്യം പ്രസക്തമാണ്. ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ ആരാണു നിർദേശം നൽകിയത് എന്നതിനെക്കുറിച്ചും അന്വേഷണമില്ല.

കെഎസ്ഐഎൻസിയുടെ ധാരണാപത്രം നിയമങ്ങൾ ലംഘിച്ചാണെന്ന സർക്കാർ വാദവും തെറ്റാണെന്നു രേഖകളിൽ വ്യക്തമാണ്. ആഴക്കടൽ മത്സ്യബന്ധനവിവാദത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം ആദ്യം നിഷേധിച്ച സർക്കാരിന് പിന്നീടു രേഖകൾ പുറത്തുവന്നപ്പോൾ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അപ്പോഴെല്ലാം ഉദ്യോഗസ്ഥരെയും ആരോപണമുന്നയിച്ചവരെയും പഴിചാരി രക്ഷപ്പെടാനായിരുന്നു ശ്രമം. കോർപറേറ്റുകൾക്കു കടൽ അടിയറ വയ്ക്കുന്നതിൽ ആശങ്ക പങ്കുവച്ച മത്സ്യത്തൊഴിലാളിസമൂഹത്തെ വരെ വിമർശിക്കുന്ന സാഹചര്യമുണ്ടായി. തീരമേഖലയുടെ ആശങ്കകൾക്കൊപ്പംനിന്ന് ഇടയലേഖനം പുറത്തിറക്കിയ കൊല്ലം രൂപതയെ വിമർശിക്കാനുള്ള അനൗചിത്യവുമുണ്ടായി.

തെറ്റായ നടപടികൾക്കെതിരെ വിമർശനമുയരുമ്പോൾ അതു പരിശോധിക്കുകയും പിഴവുണ്ടായെങ്കിൽ ഏറ്റുപറഞ്ഞു തിരുത്തുകയും ചെയ്യുന്നതിനു പകരം കള്ളങ്ങൾ പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതു തീരദേശ ജനതയെയും കേരളത്തെത്തന്നെയും കബളിപ്പിക്കലാണ്.

Content Highlights: Row over EMCC deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com