ADVERTISEMENT

പശ്ചിമഘട്ട മലനിരകളിൽനിന്നു കിഴക്കൻകാറ്റു വീശിയാലും പടിഞ്ഞാറുനിന്നു കടൽക്കാറ്റടിച്ചാലും ഉലയാത്ത രാഷ്ട്രീയ നിലപാടാണ് എറണാകുളം ജില്ല കാണിച്ചിട്ടുള്ളത്. ചതുപ്പുനിലങ്ങളിൽ  ആഴത്തിൽ പൈൽ അടിച്ചു കെട്ടിപ്പൊക്കിയ കെട്ടിടംപോലെ ഉറപ്പുള്ള യുഡിഎഫ് അനുകൂല രാഷ്ട്രീയ നിലപാട്. 

വലിയ രാഷ്്ട്രീയ വിപ്ലവങ്ങൾക്കോ മാറ്റങ്ങൾക്കോ ചെവികൊടുക്കാതെ അവനവന്റെ കച്ചവടവും കൃഷിയും നോക്കിപ്പോരുന്ന  ജില്ലയിൽ പക്ഷേ,  വോട്ടെടുപ്പിനു മുൻപേയുള്ള കണക്കെടുപ്പ് ഇക്കുറി അത്ര എളുപ്പമല്ല.

യുഡിഎഫിന് എന്നും വിശ്വസിക്കാവുന്ന ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ഇവിടെയുണ്ട്. എൽഡിഎഫ് അക്കൗണ്ടും തീരെയങ്ങു മോശമാകാറില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരിക്കൊണ്ടുപോയിട്ടും തദ്ദേശതിരഞ്ഞെടുപ്പു വന്നപ്പോൾ എൽഡിഎഫിനും കിട്ടി കേടില്ലാത്ത വിഹിതം.

പക്ഷേ, തിരഞ്ഞെടുപ്പുരംഗത്തെ ട്വന്റി20 എന്ന നവ അവതാരം കണക്കുകൾ തെറ്റിക്കുമോയെന്നു ചെറിയൊരു പേടി മുന്നണികൾക്കുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളിൽ ബിജെപി നേടിയ 20,000ൽ അധികം വോട്ട് ഇൗ ലളിത ക്രിയയിൽ കടന്നുവന്ന ദശാംശ സംഖ്യയാണ്. മറ്റു ജില്ലകളിൽനിന്ന് എറണാകുളത്തെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെത്തന്നെ.

2006ൽ ഒഴികെ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ല യുഡിഎഫിനു വാരിക്കോരിക്കൊടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും അങ്ങനെതന്നെ. കിഴക്കു കൃഷിമേഖലയും പടിഞ്ഞാറു കടലും അതിനിടയിൽ അസംഖ്യം കച്ചവടങ്ങളുമായി ഇഴചേർന്നു കിടക്കുന്നു ജില്ലയിലെ രാഷ്ട്രീയ മേഖല.

നിലവിൽ യുഡിഎഫിന് ഒൻപതും എൽഡിഎഫിന് അഞ്ചും എംഎൽഎമാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലേക്കു കയറിക്കിടക്കുന്ന 4 മണ്ഡലങ്ങളിലും യുഡിഎഫിനു തകർപ്പൻ ജയം. തദ്ദേശതിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് പിടിച്ചുനിന്ന രണ്ടു ജില്ലകളിലൊന്ന് എറണാകുളമാണ് (മറ്റേത് മലപ്പുറം). ഇതാണു ജില്ലയുടെ സമീപകാല ലഘു രാഷ്ട്രീയ ചരിത്രം.

വിഷയങ്ങൾ പലത്

ഒരു ജില്ലയല്ലേ, ഒരേ പ്രസംഗം കാച്ചിയിട്ടുപോകാം എന്നു കരുതി ഇവിടെ പ്രസംഗിക്കാൻ വന്നാൽ പെട്ടുപോകും. കൊച്ചിയും വൈപ്പിനും പൂർണമായും തീരമേഖല. എറണാകുളത്തും തൃപ്പൂണിത്തുറയിലും തീരമുണ്ടെങ്കിലും കടലിന്റെ പ്രശ്നം അത്ര തിളയ്ക്കണമെന്നില്ല, നഗരഭാഗമാണ്.

കോതമംഗലം, മൂവാറ്റുപുഴ, പിറവം, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലുള്ളവരെ കയ്യിലെടുക്കാൻ കാർഷിക പ്രശ്നങ്ങൾ വേണം. എന്നാൽ പറവൂർ, എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവ നഗരസ്വഭാവമുള്ള മണ്ഡലങ്ങളാണ്. ഇവിടെ വിഷയങ്ങൾ മാറും. ഇങ്ങനെയൊരു ജില്ലയിൽ വിധി നിർണയിക്കുന്നതിലും ഇൗ ഘടകങ്ങൾ വേറിട്ടുനിൽക്കുന്നു. സഭയും സമുദായവും വിശ്വാസവുമെല്ലാം ഇതിനിടയിൽ രംഗപ്രവേശം ചെയ്യും.

യുഡിഎഫിലെ കക്ഷികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ പാറ്റേൺ തുടരുമ്പോൾ കേരള കോൺഗ്രസ് (എം) വന്നതുമൂലം സിപിഎമ്മിനു 2 സീറ്റു നഷ്ടമായി  – പിറവവും പെരുമ്പാവൂരും. എൻഡിഎയിൽ 11 സീറ്റിൽ ബിജെപിയും മൂന്നിടത്തു ബിഡിജെഎസും മത്സരിക്കുന്നു. ബിഡിജെഎസ് കഴിഞ്ഞ വർഷം മത്സരിച്ച കളമശേരി, പറവൂർ മണ്ഡലങ്ങളിൽ 20,000നു മുകളിൽ വോട്ടു പിടിച്ചു. തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തോളം വോട്ടു പിടിച്ച ബിജെപി തൃക്കാക്കരയിൽ 21,247 വോട്ടു നേടി.

പഞ്ഞമില്ലാതെ പൊട്ടലും ചീറ്റലും

സ്ഥാനാർഥിനിർണയത്തിന്റെ ഭാഗമായുള്ള പൊട്ടലിനും ചീറ്റലിനും ജില്ലയിലും പഞ്ഞമുണ്ടായില്ല. മുഖം വീർപ്പിച്ചു കെ.വി.തോമസ് അതിനു തുടക്കമിട്ടെങ്കിലും ഹൈക്കമാൻഡിൽ നിന്നു വിളിച്ചതോടെ സങ്കടം തീർന്നു; അദ്ദേഹം കെപിസിസി വർക്കിങ് പ്രസിഡന്റായി. പക്ഷേ, പി.സി.ചാക്കോ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി.

സിറ്റിങ് എംഎൽഎമാരിൽ 12 പേർക്കു സീറ്റ് കിട്ടി. യുഡിഎഫിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു മുസ്‌ലിം ലീഗ് സീറ്റ് നിഷേധിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ മകൻ കളമശേരിയിൽ സ്ഥാനാർഥിയായി. ആറുതവണ തുടർച്ചയായി മത്സരിച്ചു ജയിച്ചുവന്ന എസ്. ശർമയ്ക്കു സിപിഎം വിശ്രമം നൽകി. കോൺഗ്രസിനുള്ളിൽ അവസാന നിമിഷംവരെ പോരാടിയാണ് കെ.ബാബു സീറ്റു സംഘടിപ്പിച്ചത്. പറവൂരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സിപിഐ കുറെ ചുറ്റിത്തിരിഞ്ഞു. പിറവം സീറ്റു പിടിച്ചുവാങ്ങിയ കേരള കോൺഗ്രസിനു (എം) മത്സരിക്കാനുള്ള ആളെയും സിപിഎം കൊടുത്തു. ഏതായാലും പ്രശ്നങ്ങളൊക്കെ തീർന്നു. എല്ലാ മുന്നണികളും ഉഷാറോടെ മത്സരരംഗത്താണ്.

പരിചിത മുഖങ്ങളും പുതുമുഖങ്ങളും

ജൂനിയേഴ്സും സീനിയേഴ്സും ഇടകലർന്ന ടീമിന്റെ മത്സരത്തിനു പൊതുവേ െചറുപ്പമാണ്. തൃപ്പൂണിത്തുറയിലെ മത്സരം തന്നെ ഇതിൽ പ്രധാനം. സിറ്റിങ് എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം.സ്വരാജ്, മുൻ മന്ത്രി കെ.ബാബു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ എന്നിവരുടേത് ശക്തമായ ത്രികോണപോരാട്ടം തന്നെ. 25 വർഷം തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ച ബാബുവിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ച ഹിറോയാണു സ്വരാജ്. ബിജെപി നേടിയ 29,843 വോട്ടായിരുന്നു അതിനു കാരണം.

ബാബുവിനെ സംബന്ധിച്ചു മണ്ഡലം തിരിച്ചുപിടിക്കൽ മാത്രമല്ല, പകരംവീട്ടൽ കൂടിയാണു ലക്ഷ്യം. 5 വർഷത്തെ വികസനത്തിന്റെ കണക്കു നിരത്തി സ്വരാജ് അതിനു പരിച തീർക്കുന്നു. കിട്ടിയ വോട്ടുകൾ നിലനിർത്തലല്ല, വിജയമാണു ബിജെപിയുടെ ലക്ഷ്യം. അവിടെ നിലവിലെ രാഷ്ട്രീയം ഉഴുതുമറിക്കാൻ അമിത് ഷാ നേരിട്ടെത്തി. അതിനു മുൻപുതന്നെ വോട്ടു മറിക്കൽ ആരോപണങ്ങൾ ഉയർന്നുതുടങ്ങി.

സിറ്റിങ് എംഎൽഎ റോജി എം.ജോണും മുൻ മന്ത്രി ജോസ് തെറ്റയിലും കൊമ്പുകോർക്കുന്ന അങ്കമാലിയിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ്. മുൻ മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവത്ത് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ് വൈകിയാണ് എത്തിയതെങ്കിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്തി.

എറണാകുളം, തൃക്കാക്കര, ആലുവ സീറ്റുകളിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. എറണാകുളത്ത് കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജിനെ മത്സരിപ്പിക്കുന്നതിലൂടെ മണ്ഡലത്തിലെ സമുദായ വോട്ടുകൾ ലക്ഷ്യമിടുന്നു. തൃക്കാക്കരയിൽ അസ്ഥിരോഗ വിദഗ്ധൻ ഡോ. ജെ.ജേക്കബ് ആണു മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി. ആലുവയിൽ ആറു ടേം കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെ സ്ഥാനാർഥിയാക്കിയതിലൂടെ മുന്നണിക്ക് അപ്പുറമുള്ള സാധ്യതകൾ തേടുകയാണ് എൽഡിഎഫ്. 

യുഡിഎഫ് കഴിഞ്ഞവർഷം പരാജയപ്പെട്ട അഞ്ചിൽ 4 സീറ്റിലും ഇക്കുറി പുതുമുഖങ്ങൾ. സിറ്റിങ് സീറ്റായ കളമശേരിയിലും യുഡിഎഫിനു പുതുമുഖമാണ് – വി.ഇ.അബ്ദുൽ ഗഫൂറും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവും തമ്മിലുള്ള മത്സരത്തിനു വാശിയേറുന്നു. എൽഡിഎഫ് പോരിനിറക്കിയ 9 പേർ പുതുമുഖങ്ങൾ.

പുതിയ കൂട്ട് വോട്ടാകുമോ?

കമ്പൊടിച്ചു കുത്തി ഉടൻ തന്നെ വേരുണ്ടോ, ഇല വന്നോ എന്നു നോക്കാറില്ല. വേരു പിടിക്കാൻ സമയമെടുക്കും. ജില്ലയിൽ കേരള കോൺഗ്രസിനു (എം) 2 സീറ്റു നൽകിയതിനെക്കുറിച്ചുള്ള സിപിഎം വിശദീകരണം ഇങ്ങനെ. തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റു ജില്ലകളിൽ കേരള കോൺഗ്രസ് (എം) ബന്ധം നേട്ടമുണ്ടാക്കിയെങ്കിലും ഇവിടെ മാറ്റമൊന്നും കണ്ടില്ല.

മാറ്റിക്കുത്തിയ രണ്ടില കിഴക്കൻമണ്ണിൽ ഇപ്പോൾ വേരുപിടിച്ച ലക്ഷണമുണ്ടെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെക്കാൾ, ചില പ്രദേശങ്ങളിലേക്കു മുന്നണിക്കുള്ള വാതിലാണത്.

ട്വന്റി20 ഇഫക്ട്

2015ലെ തദ്ദേശതിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ ഉദയം ചെയ്ത്, വ്യാപിച്ച്, ഇപ്പോൾ ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി20 സംഘടനയെ അവഗണിക്കാനാവില്ല. ആദ്യ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19ൽ 17 വാർഡും നേടി അരങ്ങേറ്റം. 5 വർഷത്തിനു ശേഷം സമീപത്തെ 3 പഞ്ചായത്തുകളിൽ കൂടി ഭരണം, ഒന്നിൽ പ്രതിപക്ഷം. ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം പ്രതിപക്ഷ നിരയിൽ രണ്ടോ മൂന്നോ പേർ വീതമേയുള്ളൂ. കുന്നത്തുനാട് മണ്ഡലത്തിലെ 8ൽ 4 പഞ്ചായത്തിലും ട്വന്റി20 ഭരണമാണ്.

കുന്നത്തുനാടിനു പുറമേ, കോതമംഗലം, മൂവാറ്റുപുഴ, എറണാകുളം, തൃക്കാക്കര, വൈപ്പിൻ, കൊച്ചി, പെരുമ്പാവൂർ മണ്ഡലങ്ങളിലാണു മത്സരം. കുന്നത്തുനാട്ടിൽ വിജയം അവകാശപ്പെടുന്നു. കൂടാതെ മറ്റ് 7 മണ്ഡലങ്ങളിലും ജയപരാജയം നിശ്ചയിക്കാൻ കഴിയുമെന്നാണ് അവകാശവാദം. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ മരുമകനാണു കോതമംഗലത്ത് ട്വന്റി20 സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സിനിമാ മേഖലയിൽനിന്ന് ശ്രീനിവാസൻ, ലാൽ, സിദ്ദീഖ് തുടങ്ങിയവരും സംഘടനയ്ക്കൊപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com