നിയമയുദ്ധത്തിനുള്ള കാഹളം

1200-Kerala-Government
SHARE

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഉയർത്തിവിടുക ഗുരുതരമായ നിയമപ്രശ്നങ്ങളും തർക്കങ്ങളും.

പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ അന്വേഷണം നടത്താൻ കമ്മിഷനെ വയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നതാണു 1952 ലെ കമ്മിഷൻ ഓഫ് എൻക്വയറി ആക്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക കാബിനറ്റ് തീരുമാനം നരേന്ദ്ര മോദി സർക്കാർ എല്ലാ അർഥത്തിലും ചെറുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വിഷയം കോടതിയിലെത്തിയാൽ സംസ്ഥാന ഭരണകൂടത്തിനു ലഭ്യമായ അധികാരം, സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ, ക്രിമിനൽ കോടതികൾക്കു വിധേയമായ അന്വേഷണ ഏജൻസികൾ അന്വേഷണകമ്മിഷനോടു പ്രതികരിക്കേണ്ടി വരുന്നതിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചു കോടതിയിൽ വാദപ്രതിവാദങ്ങൾ ഉയരും.

സമാന വിഷയത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരം സംബന്ധിച്ചു സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അധികാര പരിധി ലംഘിച്ചോ എന്നു കണ്ടെത്താൻ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന സംഭവം ഇതാദ്യമാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, ആദായ നികുതി വകുപ്പ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നീ കേന്ദ്ര ഏജൻസികൾ നരേന്ദ്ര മോദി സർക്കാരിന്റെ രാഷ്ട്രീയ ഉത്തരവുകൾ പ്രകാരമാണു പ്രവർത്തിക്കുന്നതെന്ന വിമർശനം പലവട്ടം മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും ഉയർത്തിയതാണ്. എന്നാൽ, കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തും അന്വേഷണത്തിനു വീര്യം കൂട്ടിയുമാണ് കേന്ദ്ര ഏജൻസികൾ ഇതിനോടു പ്രതികരിച്ചത്. അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചതോടെ രാഷ്ട്രീയ എതിരാളികളായ 2 സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനു പുതിയ മാനം കൈവന്നു.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ അന്വേഷണ കമ്മിഷനെ നിയോഗിക്കാനുള്ള തീരുമാനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ആദ്യ സാധ്യത. വോട്ടർമാരെ സ്വാധീനിക്കാനുള്ള സർക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണു ജുഡീഷ്യൽ കമ്മിഷൻ എന്ന് കേന്ദ്രസർക്കാരിനും ബിജെപിക്കും വാദിക്കാം. അതിനാൽ മേയ് മാസം തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാവും വരെ അന്വേഷണക്കമ്മിഷനെ നിയോഗിക്കുന്നതു തടയണമെന്നും ആവശ്യപ്പെടാം. ശരിയായ അന്വേഷണം ഉറപ്പാക്കാനുള്ള ജുഡീഷ്യൽ കമ്മിഷന് അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും സമ്മർദവും തിരഞ്ഞെടുപ്പു കമ്മിഷൻ നേരിടേണ്ടിവരും.

തിരഞ്ഞെടുപ്പു ഫലം വരും മുൻപേ അന്വേഷണ കമ്മിഷനു തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയാലും ഇല്ലെങ്കിലും കമ്മിഷന്റെ ഭാവി തീരുമാനിക്കുന്നതു തിരഞ്ഞെടുപ്പു ഫലമായിരിക്കും. അനുമതി നിഷേധിക്കപ്പെടുകയും പിണറായി വിജയൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്താൽ കമ്മിഷൻ നടപടികളുമായി മുന്നോട്ടു പോകും. ഇനി, അനുമതി ലഭിച്ചാലും യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ, പുതിയ സർക്കാരാവും കമ്മിഷന്റെ ഭാവി തീരുമാനിക്കുക. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് സംബന്ധിച്ച് ഒട്ടേറെ വിമർശനങ്ങൾ യുഡിഎഫ് ഉയർത്തുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

സമാനവിഷയങ്ങളിൽ അന്വേഷണ കമ്മിഷനെ വയ്ക്കുന്നതു സംബന്ധിച്ചു കേന്ദ്രവും കർണാടക സർക്കാരും തമ്മിലുണ്ടായ തർക്കത്തിൽ മുൻപ് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ജനതാപാർട്ടി അധികാരത്തിലിരിക്കെ, കർണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി ദേവരാജ് അർസിനെതിരെ ജനതാപാർട്ടി നേതാക്കൾ അഴിമതി ആരോപണങ്ങളുടെ പട്ടിക നിരത്തി. മുഖ്യമന്ത്രിക്കെതിരെ റിട്ട. സുപ്രീം കോടതി ജഡ്ജി എ.എൻ. ഗ്രോവർ അധ്യക്ഷനായി അന്വേഷണക്കമ്മിഷനെ വയ്ക്കാൻ മൊറാർജി ദേശായി സർക്കാർ പദ്ധതിയിട്ടു. ഇതിനു തടയിടാനായി, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലേറെയും അന്വേഷിക്കാൻ മുഖ്യമന്ത്രി ദേവരാജ് അർസ്, ഇക്ബാൽ ഹുസൈൻ കമ്മിഷനെ നിയോഗിച്ചു. കേന്ദ്രസർക്കാരിനാണു മുൻഗണന എന്നാണ് കേസിൽ സുപ്രീം കോടതി വിധിച്ചത്. അതായത്, ജസ്റ്റിസ് ഗ്രോവറിന്റെ അന്വേഷണ പരിധിയിൽ വരാത്ത വിഷയങ്ങൾ മാത്രമേ ജസ്റ്റിസ് ഇക്ബാൽ ഹുസൈൻ കമ്മിഷൻ അന്വേഷിക്കാവൂ. അതുവരെ എതിർകക്ഷി നേതാക്കൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണു സംസ്ഥാന സർക്കാരുകൾ അന്വേഷണ കമ്മിഷനുകളെ നിയമിച്ചത്. കേരളത്തിൽ 1967 ലെ സിപിഎം സർക്കാർ ഇത്തരത്തിൽ 4 അന്വേഷണ കമ്മിഷനുകളെയാണു നിയോഗിച്ചത്.

കേന്ദ്ര ധന മന്ത്രാലയത്തിനു കീഴിലുള്ള ഇഡിയും കസ്റ്റംസും ആദായനികുതി വകുപ്പും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ എൻഐഎയും പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചാണ് സ്ഥാപിച്ചത്. ഈ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം നിയമവിധേയമാണോ എന്നാണ് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് മോഹനൻ കമ്മിഷൻ അന്വേഷിക്കുക. ഈ ഏജൻസികൾ ക്രിമിനൽ കോടതികൾക്കു മുൻപാകെയാണ് അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്. എന്നാൽ, അന്വേഷണ കമ്മിഷനു സിവിൽ കോടതിയുടെ അധികാരങ്ങൾ മാത്രമേയുള്ളു. ഇത് ക്രിമിനൽ നിയമ ചട്ടങ്ങൾക്കു വിധേയമായ കോടതികളും പ്രത്യേക നിയമങ്ങൾക്കു വിധേയമായി രൂപീകരിച്ച കമ്മിഷന്റെ അധികാരങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്കു നയിച്ചേക്കാം.

Content Highlights: Judicial probe against central agencies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA