ADVERTISEMENT

പണ്ടൊക്കെ ഓരോ പാർട്ടിക്കും പ്രത്യേകം പ്രത്യേകം രക്തസാക്ഷികളും മഹാന്മാരും ഉണ്ടായിരുന്നു. ഒരു പാർട്ടിയുടെ രക്തസാക്ഷികളെയും മഹാന്മാരെയും മറ്റു പാർട്ടിക്കാർ തിരിഞ്ഞുനോക്കുക പോലും ചെയ്യാറില്ലായിരുന്നു. അതൊക്കെ രാഷ്ട്രീയത്തിൽ നേരും നെറിയും ഉണ്ടായിരുന്ന കാലം. 

ഇപ്പോൾ ഏതു രക്സാക്ഷിയെയും മഹാനെയും ഏതു പാർട്ടിയും ഏതു സമയത്തും ഏറ്റെടുക്കുമെന്ന നിലയായി. സ്വാമി വിവേകാനന്ദന്റെ ഹോൾസെയിൽ ഡീലർഷിപ് ഒരുകാലത്തു ജനസംഘത്തിനും പിന്നീടു ബിജെപിക്കുമായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും അവർ നേരിട്ടാണ് ചില്ലറ വിൽപന ഏജൻസികളെ നിയമിച്ചിരുന്നത്.

ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്നു കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കും ബുദ്ധിയുദിച്ചതു പിന്നീടാണ്. അതോടെ അവരും വിവേകാനന്ദനെ ദത്തെടുത്തു. ജനസംഘവും ബിജെപിയും കേസിനു പോയെങ്കിലും കുത്തക നിയന്ത്രണ നിയമത്തിന്റെ പിൻബലത്തിൽ കേസ് കോടതിച്ചെലവു സഹിതം തള്ളിപ്പോയി. അതോടെ ബ്രാഞ്ച് സമ്മേളനവേദി മുതൽ പാർട്ടി കോൺഗ്രസ് വേദി വരെ സ്വാമി അനിവാര്യ സാന്നിധ്യമായി.

ഗാന്ധിജിയുടെ കാര്യവും അങ്ങനെ തന്നെ. തങ്ങളുടെ തറവാട്ടു കാരണവരായാണു കോൺഗ്രസുകാർ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. എന്നാൽ, ഒരു സുപ്രഭാതത്തിൽ കമ്യൂണിസ്റ്റുകാർ ഗാന്ധിജിയെ ഹൈജാക്ക് ചെയ്തപ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാനേ കോൺഗ്രസുകാർക്കു കഴിഞ്ഞുള്ളൂ. സർദാർ പട്ടേലിനെ ബിജെപിക്കാർ തട്ടിയെടുത്തപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ശ്രീകൃഷ്ണനും ശോഭായാത്രയുമെല്ലാം ബാലഗോകുലത്തിനു പതിച്ചുകൊടുത്ത ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കണ്ണൂർ അമ്പാടിമുക്ക് സഖാക്കൾ ഏതാനും വർഷം മുൻപ് അമ്പാടിക്കണ്ണനെയും ചെങ്കൊടി പിടിപ്പിച്ചു. അന്നുമുതൽ തിരിച്ചടിക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു ബിജെപിക്കാർ.

പുന്നപ്ര – വയലാർ സ്മാരകത്തിൽ കയറി പുഷ്പാർച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിയാണു മിന്നലാക്രമണത്തിലൂടെ അതു സാധിച്ചത്.സിപിഎമ്മുകാരും സിപിഐക്കാരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ‘ഓപ്പറേഷൻ മാർട്ടിയേഴ്സ്’ എന്ന കോഡ് നാമത്തിൽ ആസൂത്രണം ചെയ്ത മിന്നലാക്രമണം.

ജനറൽ വാചസ്പതിയും മറ്റു കമാൻഡോകളും പാരഷൂട്ടിൽ വന്നിറങ്ങിയാണു രക്തസാക്ഷി സ്മാരകം പിടിച്ചെടുത്തത്. അൽപനേരത്തേക്കാണെങ്കിലും സ്മാരകത്തിൽ ആദ്യമായാണു ചെങ്കൊടിയല്ലാതെ മറ്റൊരു കൊടി കടന്നുവരുന്നത്. രക്തസാക്ഷികളെ അപമാനിച്ചുവെന്നും മറ്റും നിലവിളിക്കാൻ മാത്രമേ കമ്യൂണിസ്റ്റുകാർക്കു കഴിഞ്ഞുള്ളൂ.

എന്തു ചെയ്യും? പുന്നപ്ര – വയലാർ സമരം സ്വാതന്ത്ര്യസമരമാണെന്നു പ്രഖ്യാപിച്ച് സേനാനികൾക്കു പെൻഷൻ കൊടുത്തു പോയില്ലേ? സ്വാതന്ത്ര്യസമരവും സേനാനികളും രാജ്യത്തിന്റെ പൊതുസ്വത്താണ്. അവരെ ആദരിക്കുന്നതിനും ആരാധിക്കുന്നതിനും വിലക്കേർപ്പെടുത്താൻ ആരു വിചാരിച്ചാലും കഴിയില്ല! 

ആന്ദനം മൊത്തമായും ചില്ലറയായും

ആനന്ദമന്ദിരം എന്നതു കോട്ടയംകാർക്കു പരിചിതമായ പേരാണ്. നല്ല മസാലദോശയും ഇഡ്ഡലിയുമൊക്കെ കിട്ടുന്ന ഹോട്ടൽ. എന്നാൽ, ആനന്ദമന്ത്രാലയമെന്നു കേട്ടപ്പോൾ കോട്ടയംകാർ പോലും ഞെട്ടിപ്പോയി. ഇതെന്തു കുന്തമാണെന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.

യുഡിഎഫിന്റെ പ്രകടനപത്രികയിലാണ് അധികാരത്തിൽ വന്നാൽ ആനന്ദമന്ത്രാലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം. ഓരോ പൗരനും ആളോഹരി ആനന്ദം ഉറപ്പാക്കുകയാണ് ഈ മന്ത്രാലയത്തിന്റെ ചുമതല. മുതിർന്നവർക്കു 12 ഔൺസും കുട്ടികൾക്ക് 6 ഔൺസും ആനന്ദമെന്ന കണക്കിൽ എല്ലാ കാർഡുടമകൾക്കും ലഭ്യ‌മാക്കാനാണു പദ്ധതി.

ഇതു പൊതുവിതരണ സമ്പ്രദായം വഴി വേണോ  ബാങ്കു വഴി വേണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഭാവിയിൽ ഇതു പൈപ്‌ലൈൻ വഴി വീടുകളിൽ നേരിട്ടെത്തിക്കാനും പദ്ധതിയുണ്ട്. ഓരോരുത്തർക്കും അതതു ദിവസം വേണ്ട ആനന്ദം പൈപ്പിൽ നിന്നെടുക്കാം.

എന്തായാലും എപിഎൽ, ബിപിഎൽ വേർതിരിവില്ലാതെയായിരിക്കും ആനന്ദത്തിന്റെ വിതരണം. ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റർ, ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ കാലത്ത് കാർഡൊന്നിന് അരക്കിലോ അധികം ആനന്ദം വിതരണം ചെയ്യും. ദുഃഖത്തെ കേരളത്തിൽനിന്നു വേരോടെ പിഴുതുമാറ്റുക എന്നതായിരിക്കും മന്ത്രാലയത്തിന്റെ മുദ്രാവാക്യം.

ആനന്ദമന്ത്രാലയത്തിന്റെ അടുത്ത പടിയായി അത്യാനന്ദ മന്ത്രാലയം സ്ഥാപിക്കാനും ആലോചനയുണ്ട്. തൽക്കാലം അതു പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലെന്നേയുള്ളൂ. അതുകഴിഞ്ഞു നിർവാണ മന്ത്രാലയം തുടങ്ങും. ജീവിച്ചിരിക്കുമ്പോൾ ആനന്ദവും മരിക്കുമ്പോൾ നിർവാണവും ഉറപ്പാക്കുന്നതോടെ യുഡിഎഫിന് കൽപാന്തകാലത്തോളം തുടർഭരണം ഉറപ്പാക്കാം.

ആനന്ദമന്ത്രാലയത്തിലും കൂടിയ എന്തോ സൈസ് സാധനം കൂടി യുഡിഎഫിന്റെ പ്രകടനപത്രികയിലുണ്ട്. അതെന്താണെന്നു തൽക്കാലം പ്രകടനപത്രിക എഴുതിയവർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. പത്രികയുടെ 39–ാം പേജിലാണ് ഈ രഹസ്യം പ്രത്യക്ഷപ്പെടുന്നത്. ‘ടമേലേ ഢശഴ ഹമിരല ഈീാാശശൈീി’ രൂപീകരിക്കുമെന്നതാണ് ആ രഹസ്യം. ഇതിനു പുറമേ, പങ്കാളിത്ത പെൻഷൻകാർക്കാണു കോളടിച്ചത്.

അവർക്ക് അനുവദിക്കാൻ പോകുന്നത് ‘ഉലമവേ ഈാ ശല‌ശേ‍‍ൃലാലിേ ഏൃമ േൗശ േൃ’ ആണ്. ഭാഷ സ്വാഹിലിയും ലിപി വട്ടെഴുത്തുമാണെന്നാണു പത്രികാ കർത്താക്കളോടു ചോദിച്ചപ്പോൾ കിട്ടിയ വിവരം. നിഗൂഢ ഭാഷ അറിയാവുന്നവർക്കു മാത്രമാണ് തൽക്കാലം ഇതെല്ലാം എന്താണെന്നു മനസ്സിലാക്കി ആനന്ദിക്കാനുള്ള ഭാഗ്യം! 

10,000 രൂപയും കോട്ടും 

രാഹുൽ ഗാന്ധി കൊല്ലത്ത് ആഴക്കടലിൽ ചാടിയപ്പോൾത്തന്നെ എൽഡിഎഫ് അപകടം മണക്കേണ്ടതായിരുന്നു. എന്നാൽ, അതു വെറും ഷോ മാത്രമാണെന്നാണ് അവർ കരുതിയത്. രാഹുൽജി വെറുമൊരു നീന്തൽക്കാരനല്ല. സ്കൂബ ‍ഡൈവറാണ്. അതായതു പാതാളത്തിൽ പോയി എന്തുവേണമെങ്കിലും മുങ്ങിത്തപ്പിയെടുക്കാൻ പ്രാപ്തൻ.

കടലിൽ മുങ്ങിയ രാഹുൽജി പൊങ്ങിയതു പല പെട്ടികളുമായാണത്രെ. പെട്ടികൾ നിറയെ രേഖകളായിരുന്നു. ഇഎംസിസി പ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടതിന്റെ രേഖകൾ, ചിത്രങ്ങൾ, ഒപ്പുവച്ച കരാറുകളുടെ പകർപ്പുകൾ എന്നിവ ഒട്ടും നനയാതെ പെട്ടികളിൽ ഭദ്രമായിരുന്നു.

ഇവയൊന്നും അപകടകാരികളുടെ കയ്യിൽപെടരുതെന്നു വിചാരിച്ചാണു പെട്ടിയിലാക്കി കടലിൽ തള്ളിയത്. രാഹുൽജി കടലിൽ ചാടുമെന്നും മുങ്ങിത്തപ്പി പൊക്കിയെടുക്കുമെന്നും ആരും കരുതിയില്ല. രേഖകളടങ്ങിയ പെട്ടികൾ ചെന്നിത്തലയെ ഏൽപിച്ച ശേഷമാണ് അദ്ദേഹം ഡൽഹിക്കു മടങ്ങിയത്.

രമേശ് പെട്ടികൾ ഓരോന്നായി തുറന്നു പരിശോധിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ടാണു തെളിവുകൾ ഗഡുക്കളായി പുറത്തുവിടുന്നത്. കേരളത്തിൽ വ്യവസായം തുടങ്ങാൻ നിർബന്ധമായും വേണ്ടതു 10,000 രൂപയും കോട്ടുമാണെന്ന് ഇതോടെ തെളിഞ്ഞു കഴിഞ്ഞു. കോട്ട് സ്വന്തമായിരിക്കണമെന്നു നിർബന്ധമില്ല. കണ്ടംബച്ചതായാലും കടം വാങ്ങിയതായാലും മതി. കോട്ടായിരിക്കണമെന്നു മാത്രം! 

സ്റ്റോപ് പ്രസ്: പ്രതിപക്ഷം അന്നംമുടക്കികളെന്നു മുഖ്യമന്ത്രി. സർക്കാരാണ് അന്നംമുടക്കികളെന്നു പ്രതിപക്ഷം.

രണ്ടു മുന്നണികൾക്കും 5 കൊല്ലത്തിലൊരിക്കൽ മാറിമാറി അന്നം മുടക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com